വിവാദമായ അഡ്വക്കേറ്റ് ജനറലിന്റെ പരാമർശങ്ങൾ തമിഴ്നാട് സർക്കാർ ഇന്ത്യയൊട്ടാകെ സ്വവാദ രക്ഷാർത്ഥം പരസ്യം ചെയ്യുന്നതായി നാം കണ്ടു. ആ വാദങ്ങൾ കേരള സർക്കാരിന്റെ കൂടി നിലപാടായി അംഗീകരിച്ച് കേരള സർക്കാർ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചു വരുത്തി ദുഃഖിക്കേണ്ടെന്നും ചിരിക്കുന്ന മുഖത്തോടെ വേണം പോകാനെന്നും ഉപദേശിച്ച് തുടർന്നും കേസ് വാദിക്കാൻ വിട്ടു. ഹൈക്കോടതിയും സർക്കാർ നിലപാടുകളിൽ സംതൃപ്തി രേഖപ്പെടുത്തി. ഡാം പൊട്ടുമെന്ന് കേരള സർക്കാരിലെ മന്ത്രിമാർക്കെല്ലാം നല്ല ഉറപ്പുണ്ടെന്നു നാടു നീളെ നടന്നു അവർ പ്രസംഗിക്കുന്നുമുണ്ട്. ഇനി മരിക്കുന്നവർക്ക് ആരൊക്കെ എന്തു നഷ്ടപരിഹാരം കൊടുക്കുമെന്നു കൂടി നേരത്തേ അറിഞ്ഞാൽ കുടുംബത്തിലാരെയെങ്കിലും തമിഴ്നാട്ടിലേക്കു പഠിക്കാൻ വിട്ട് മലയാളികൾ വേൾഡ് റിക്കാർഡിട്ടിരിക്കുന്ന കൂട്ട ആത്മഹത്യക്കു തയ്യാറായി സ്വന്തം റിക്കാർഡു തിരുത്താം. തമിഴ് നാടിന്റെ തെക്കൻ ജില്ലകളിലെങ്ങാൻ പഠിക്കുന്നവർ തമിഴമാർ കൊള്ളയടിക്കാതെയും തല്ലിക്കൊല്ലാതെയും കൂടി നോക്കേണ്ടതുണ്ടെന്നു മാത്രം.
കേരളവും തമിഴ് നാടും ഒരു പോലെ യോജിച്ചു വാദിക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. മുല്ലപ്പെരിയാർ പൊട്ടിയാൽ അതൊരു മനുഷ്യ നിർമ്മിതമായ ദുരന്തമായിരിക്കും. തമിഴ്നാട്ടിൽ താന്താങ്ങളുടെ പാർട്ടിയുടെ അടിത്തറ വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലെ കിഴക്കോടൊഴുകുന്ന നദികളിലേയും ചാലക്കുടി പുഴയിലേയും ജലം തമിഴ്നാടുമായി തമിഴ്നാടിനനുകൂലമായി കരാറിലെത്തിയപ്പോളും 1970ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കി നൽകിയതും, പിന്നീടു വന്നവർ നെയ്യാറിലെ വെള്ളം വിട്ടു കൊടുത്തതും 2006ൽ അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ട് പൂട്ടിക്കെട്ടാൻ ഉത്തരവിട്ടതും മറ്റും പരിഗണിക്കുമ്പോൾ ദുരന്തകാരണമായ മനുഷ്യരെ ഒരിക്കലും കണ്ടെത്താനാകുമെന്നു കരുതാൻ യാതൊരു ന്യായവുമില്ല.
എഡിറ്റർ
മേലൂർ ന്യൂസിലേയ്ക്കുള്ള പോസ്റ്റുകളും ചിത്രങ്ങളും “jeevabindu@mail.com" എന്ന വിലാസത്തിൽ അയച്ചു തരിക.
No comments:
Post a Comment