അമീബ
കടലോളം ജലം ഭൂമിയിൽ മറ്റെങ്ങുമില്ല. കടൽ ജലത്തോളം മലീമസമായ ജലവും അപ്രകാരം തന്നെ. ഭൂഗുരുത്വബലത്തെ ആശ്രയിച്ച് ചലിക്കുന്ന ജലം അന്തിമമായി കടലിലെത്തിച്ചേരുന്നു. നദികളാണ് കടലിലേക്ക് ജലമെത്തിക്കുന്ന പ്രധാന സ്രോതസ്സുകൾ. അവ ജൈവവും അജൈവവുമായ സകല വസ്തുക്കളും കടലിലെത്തിക്കുന്നു. ലവണങ്ങൾ, മണൽ, ചളി, ജൈവാവശിഷ്ടങ്ങൾ, ചണ്ടികളും കുളവാഴകളുമടങ്ങുന്ന സസ്യജാലം എന്നിവയെല്ലാം ഇതിൽ പെടുന്നു. ഇവയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കടലിന്റെ ജൈവ സന്തുലനാവസ്തയെ അനുകൂലമായി ബാധിക്കുന്നവയാണ്.
കടലിലെ ജലം നീരാവിയായി പോകുമ്പോൾ കടൽ വെള്ളത്തിലെ ലവണാംശം വർദ്ധിച്ച് ഒടുവിൽ ചാവുകടലിലേതുപോലെ മത്സ്യങ്ങൾക്കു പോലും ജീവിക്കാൻ കഴിയാത്തതായി തീരുന്നു. പുഴകളിൽ നിന്നുള്ള തുടർച്ചയായ നീരൊഴുക്കില്ലെങ്കിൽ ഈ പ്രക്രിയ അതീവ വേഗത്തിലാകുന്നു. കടൽ വെള്ളം ഉപ്പിന്റെ അതിപൂരിത ലായനിയായിത്തീരുന്നു. ലോകത്തിലെ സകല കടലുകളും അന്തിമമായി ഇപ്രകാരമൊരു അവസ്ഥയിലേക്ക് ഏതാനും കോടി വർഷങ്ങൾക്കു ശേഷം എത്തിച്ചേരുമെന്നു പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. അക്കാലത്ത് കരയിലെ ലവണാംശം നഷ്ടപ്പെടുന്നതുകൊണ്ട് അഴിമുഖങ്ങളോട് ചേർന്ന ഭാഗങ്ങളിലൊഴികെ സസ്യജാലമടക്കമുള്ള സകല ജീവജാലങ്ങൾക്കും ഇന്നത്തെ നിലയിൽ നിലനിൽക്കാനാകാത്തതിനാൽ കനത്ത ജീവ പരിണാമത്തിനു അവ വിധേയമായിട്ടുണ്ടാകും. കോടി വർഷങ്ങൾക്ക് ശേഷമുള്ള കാര്യമെല്ലാം പിന്നെ പറയാം എന്നാണെങ്കിൽ ഈ കോടികളെ ഏതാനും നൂറ്റാണ്ടുകളായി ചുരുക്കാൻ മനുഷ്യവർഗം കെല്പുള്ളതായിട്ടുണ്ട് എന്ന സന്തോഷ വർത്തമാനം അറിയിക്കട്ടെ.
നദികളിലൂടെ ഇപ്പോൾ കടലിലെത്തുന്നതിൽ ലവണങ്ങൾ മാത്രമല്ല. ലോകത്ത് ഇന്നു ഓരോ വർഷവും ലക്ഷക്കണക്കിനു ടൺ കിടനാശിനികൾ അടങ്ങുന്ന വിഷം ഉത്പാദിപ്പിക്കുന്നത് അന്തിമമായി കടലിൽ തന്നെ ചെന്നു ചേരുന്നുണ്ട്. കീടനാശിനികളുടെ ആയിരത്തോളം ഇരട്ടി വരുന്ന രാസവളങ്ങളിൽ നല്ലൊരു പങ്കും മഴവെള്ളത്തിൽ ലയിച്ച് ഇപ്രകാരം കടലിലെത്തുന്നു. ജൈവാവരണം നഷ്ടപ്പെട്ടുകൊണ്ടതുകൊണ്ട് വർദ്ധിച്ച മണ്ണൊലിപ്പ് മറ്റ് അവശിഷ്ടങ്ങളുടെ കാര്യത്തിലും ധാരാളിത്തത്തിനു കാരണമാകുന്നു.
പ്ലാസ്റ്റിക്, ഫാക്ടറികളിലെ മാലിന്യങ്ങൾ, നഗരവത്കരണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങൾ, മനുഷ്യന്റേയും ഫാമുകളിൽ കൂട്ടമായി വളർത്തുന്ന ജന്തുക്കളുടേയും ഉച്ചിഷ്ടങ്ങളും വിസർജ്യങ്ങളും, മറ്റും കരയിലെ ശുദ്ധജലാശയങ്ങളെയും നദീ പ്രവാഹങ്ങളേയും മലിനമാക്കിയശേഷം അന്തിമമായി കടലിനേയും വിഷലിപ്തമാക്കുന്നു.
ഇതൊന്നും പോരാഞ്ഞിട്ടാണ് ചാക്കുകളിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിട്ട് കടലിൽ തട്ടുന്നത്. കടൽ തീരത്തുള്ള പല ഫാക്ടറികളും അവയുടെ അവശിഷ്ടങ്ങളും മലിനജലവും കടലിലേക്കു തട്ടുന്നു. ആണവ അവശിഷ്ടങ്ങൾ അന്തിമമായി ഗ്ലാസ്സിൽ ഉരുക്കിച്ചേർത്തോ അല്ലാതെയോ കോൺക്രീറ്റു ബ്ലോക്കുകളിലാക്കി കടലിൽ നിക്ഷേപിക്കുന്നു. ന്യൂക്ലിയർ ഇന്ധനമുപയോഗിക്കുന്ന അന്തർവാഹിനികളും മറ്റും ഉണ്ടാക്കുന്ന വികിരണങ്ങൾക്കു പുറമേ ആണവനിലയങ്ങൾ തണുപ്പിക്കാൻ കടൽ ജലം നേരിട്ട് ഉപയോഗിക്കുന്ന ഇടങ്ങളിൽ അത്യധികമായ താപത്തിനു പുറമേ ഘനജലം പോലും ചിലപ്പോളെല്ലാം പുറത്തു വിടുന്നുണ്ട്. ജപ്പാനിൽ ഈയിടെയുണ്ടായ ആണവനിലയ സ്ഫോടനത്തിൽ ചെറുതല്ലാത്ത ആണവ പദാർത്ഥങ്ങൾ കടലിലെത്തിയിട്ടുണ്ട്. ചെർണോബിൽ ദുരന്തത്തിൽ അന്തരീക്ഷത്തിലേക്കു വ്യാപിച്ച ആണവപദാർത്ഥങ്ങളിൽ നല്ല പങ്കും മഴയോടൊപ്പം കടലിലെത്തിയിട്ടുണ്ട്.
ഭാഗ്യത്തിനു സൂര്യൻ ചൂടാക്കിയെടുക്കുന്ന നീരാവി വീണ്ടും കരയിൽ വെള്ളമായെത്തുമ്പോൾ അല്പം ശുദ്ധി കാട്ടുന്നുണ്ട്. എന്നിട്ടും നമ്മുടെ പുഴകളിലേയും കിണറുകളിലേയും വെള്ളം തിളപ്പിക്കാതെ കുടിക്കാനെടുക്കരുത് എന്നു ആരോഗ്യ പ്രവർത്തകർ പറയുന്നതിനു ഒരർത്ഥമേയുള്ളൂ. കടലിനേക്കാളും മോശമായി കരയും നാം മലിനമാക്കിക്കളഞ്ഞു.
മാലിന്യം പ്രധാന ഉല്പന്നമല്ലാത്ത യാതൊരു വികസനവും നമുക്കറിയുകയില്ലെന്നുണ്ടോ? ഒരു പക്ഷേ മാലിന്യമായിരിക്കില്ല, മാലിന്യത്തെ തിരിച്ചറിയാത്ത നമ്മുടെ തലച്ചോറുകളായിരിക്കണം വേസ്റ്റ്.
No comments:
Post a Comment