സി. ആർ. പരമേശ്വരൻ
സാംസ്കാരിക രംഗത്തെ വൻ സംഭവങ്ങൾ സർക്കാരിന്റേയോ മാധ്യമങ്ങളുടേയോ സഹായത്താൽ സംഘടിപ്പിയ്ക്കപ്പെടുന്നത് ആശാസ്യമല്ല. പണ്ടൊക്കെ സാംസ്കാരിക സംഭവങ്ങൾ സംഘടിപ്പിച്ചിരുന്നത് ക്ലബ്ബുകളും ചെറു സംഘടനകളും കയ്യെഴുത്തു മാസികകളും മറ്റുമായിരുന്നു. അത്തരം സംവിധാനങ്ങളെ എനിയ്ക്കു വളരെ കടപ്പാടോടേയേ ഓർക്കാൻ കഴിയൂ. ഒരു ജാതിമതേതര കൾച്ചർ അന്നു കാലത്ത് എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരുന്നു, എല്ലാ ജാതിയിൽ പെട്ട ആളുകളും ഒരുമിച്ച് കളിയ്ക്കുകയും നാടകം സംഘടിപ്പിയ്ക്കുകയും സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വന്നിരുന്നു. അതിന്റെ സംഘാടകർ എല്ലാം തന്നെ സമൂഹത്തിൽ തന്നെ നിന്നുള്ളവരായിരുന്നു, ആരും പുറമേ നിന്നു വന്നവരായി ഉണ്ടായിരുന്നില്ല. അതെല്ലാം വളരെ സ്വാഭാവികമായിരുന്നു. അത്തരം ഒരു സംവിധാനം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളൊന്നും ഇന്നുള്ളതു പോലെ അറിയപ്പെടുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, കെ.പി.ഏ.സി, തുടങ്ങിയവ പോലും ജനതയിൽ നിന്നും ഉണ്ടാവുകയായിരുന്നു.
മറ്റു വിധത്തിൽ സാംസ്കാരിക സംഭവങ്ങൾ സംഘടിപ്പിയ്ക്കപ്പെടുമ്പോൾ ഒന്നാമതായി അവ പ്രൊഫഷണൽ ആകുന്നു. ഇൻവെസ്റ്റ്മെന്റിനു സാധ്യത ഇല്ലാത്തവരൊക്കെ തത്ഫലമായി പുറം തള്ളപ്പെടുന്നു. പിന്നെത്തെ പ്രശ്നം സ്വാതന്ത്ര്യത്തിന്റേതാണ്. സാംസ്കാരിക രംഗത്തുള്ളവർ ഏറ്റവും സ്വതന്ത്രരായി പ്രവർത്തിയ്ക്കേണ്ടവരാണ്. നാടിനു വേണ്ടി പ്രവർത്തിയ്ക്കുന്ന സ്വതന്ത്രനായ റിബലായിരിയ്ക്കണം ഒരു മാതൃകാ സാംസ്കാരിക പ്രവർത്തകൻ. സർക്കാരിനെ നയിക്കുന്നത് രാഷ്ട്രീയ കക്ഷികളും കക്ഷി രാഷ്ട്രീയവുമാണ്. ഇത്തരം രാഷ്ട്രീയ കക്ഷികളെ പിന്തുണയ്ക്കുന്നവർക്ക് സർക്കാർ സംഘടിപ്പിയ്ക്കുന്ന പരിപാടികളിൽ കൂടുതൽ അവസരങ്ങൾ ലഭിയ്ക്കും. റിബലായി നടക്കുന്നവർ അവഗണിയ്ക്കപ്പെടുകയും ചെയ്യും. മാധ്യമങ്ങളിലും സമാനമായ പ്രശ്നമുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥിതിവിശേഷം ഒരു വിധത്തിലും ആശാസ്യമല്ല.
ജനകീയ ഇച്ഛ നഷ്ടപ്പെട്ട് മുകളിൽ നിന്നും അധികാരികളിൽ നിന്നും മറ്റും വരുന്ന ഇച്ഛ നടപ്പാക്കാൻ സാംസ്കാരിക രംഗം അങ്ങനെ നിർബന്ധിതമാകുന്നു. അപ്പോൾ സാംസ്കാരിക രംഗത്തെ നല്ല മുളകൾ പലതും തമസ്കരിയ്ക്കപ്പെടുന്നു. ജനകീയ ഇച്ഛ നടപ്പാക്കാൻ ജനങ്ങൾ ഒത്തുചേരുന്നത് തടയുന്ന പല കാര്യങ്ങളും ഇന്നു സമൂഹത്തിലുണ്ട്. നഗരവത്കരണം തന്നെ ഒരു ഗ്രാമം മൊത്തം ഒത്തു കൂടാൻ മുമ്പുണ്ടായിരുന്ന സൌകര്യം ഇല്ലാതാക്കിയിട്ടുണ്ട്. ജനങ്ങൾ കൂടിച്ചേരാനുള്ള അവസരങ്ങൾ കുറഞ്ഞ ശൂന്യതയിലേയ്ക്കാണ് മുകളിൽ നിന്നു വരുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത്. അതിനാൽ ബോധപൂർവ്വം തന്നെ നാം നമ്മുടെ പഴയ ലൈബ്രറികളും സാംസ്കാരിക കേന്ദ്രങ്ങളും പുനരുദ്ധരിയ്ക്കണം. അങ്ങനെ കൂടുതൽ വേരുള്ള ജനകീയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അടിത്തറയിടാം.
നിലവിലുള്ള സർക്കാർ നയങ്ങൾക്ക് എതിരെയായിരിയ്ക്കാം, ജനകീയ സാംസ്കാരിക പ്രവർത്തനം ലക്ഷ്യം വയ്ക്കുന്നത് . സർക്കാർ സംവിധാനങ്ങൾ അതിനെ അംഗീകരിയ്ക്കുകയില്ല. അതിനാൽ അത്തരം പ്രവർത്തനങ്ങൾ സർക്കാർ, മാധ്യമ നിയന്ത്രിത സാംസ്കാരിക പരിപാടികളുടെ ഭാഗമായി വരുകയേ ഇല്ല. താഴേത്തട്ടിൽ നിന്നുമാണ് ഇങ്ങനെയുള്ള ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടത്. എഴുപതുകളിലെ തെരുവു നാടകങ്ങളുടെ അന്ത്യത്തോടൂ കൂടി ജാതിമതേതര സാംസ്കാരിക പരിപാടികൾ ജാതിമതസംഘടനകൾ ഹൈജാക്കു ചെയ്യുകയുണ്ടായി. അത് ജനകീയ പ്രതിരോധ ശ്രമങ്ങളെ ദുർബ്ബലപ്പെടുത്തി.
ജാതിമതാതീതമായ ലൈബ്രറികളും ക്ലബ്ബുകളും പുനർജ്ജീവിപ്പിച്ച് ജനകീയ സാംസ്കാരിക കൂട്ടായ്മ ഉണ്ടാക്കുകയാണ് സർക്കാരിന്റേയോ മാധ്യമങ്ങളുടേയോ നിയന്ത്രണത്തിൽ സംഘടിപ്പിയ്ക്കപ്പെടുന്ന സാംസ്കാരിക സംഭവങ്ങൾക്കുള്ള ജനകീയ ബദൽ.
No comments:
Post a Comment