കുന്നപ്പിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രജിത്തുമായി ഡോക്ടർ ബാബു എം.എൻ. നടത്തുന്ന അഭിമുഖം.
ബാബു: ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്?
രജിത്ത് : എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടു വിധത്തിലുള്ള പ്രവർത്തനങ്ങളുണ്ട്. ഒന്നാമതായി പ്രിവെന്റീവ് അഥവാ പ്രതിരോധ പ്രവർത്തനങ്ങൾ. അടുത്തത് ക്യൂറേറ്റീവ് അഥവാ രോഗചികിത്സാ പ്രവർത്തനങ്ങൾ. ഇൻ പേഷ്യന്റ് വിഭാഗമൊക്കെ രണ്ടാമത്തെ വിഭാഗത്തിലാണു പെടുക. കുന്നപ്പിള്ളിയിൽ കിടത്തി ചികിത്സ ഇല്ല, പക്ഷേ മുമ്പേ തന്നെ ഇവിടെ ബഡ്ഡടക്കം കിടത്തി ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഒരു പക്ഷേ സർക്കാർ സംവിധാനമായിരിയ്ക്കും കിടത്തി ചികിത്സ ആരംഭിയ്ക്കാൻ തടസ്സം. കിടത്തി ചികിത്സ ഉള്ള ഇടങ്ങളിൽ 24 മണിക്കൂറും ഡോക്ടർ വേണമെന്നുണ്ട്. പക്ഷേ ഇവിടെ ആകെ ഒരു ഡോക്ടറുടെ സാങ്ഷൻഡ് പോസ്റ്റേ ഉള്ളൂ. അതിനാലായിരിയ്ക്കണം കിടത്തി ചികിത്സ ആരംഭിയ്ക്കാത്തത്.
ഞായറാഴ്ച ഒമ്പതു മണി ദൃശ്യം
ബാബു: പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു ഫണ്ടിന്റെ കുറവ് ഉണ്ടാകാറുണ്ടോ? ആവശ്യത്തിനു സ്റ്റാഫുണ്ടോ?
രജിത്ത് : ഇവിടെ ഫണ്ടിന്റെ കുറവ് ഒരു പ്രശ്നമല്ല, കൂടാതെ ലഭിയ്ക്കുന്ന ഫണ്ടിൽ 80-90 ശതമാനവും ചെലവഴിയ്ക്കാനും സാധിയ്ക്കുന്നുണ്ട്. ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കുന്നപ്പിള്ളി പ്രധാന ആരോഗ്യ കേന്ദ്രമടക്കം ഏഴു സബ് സെന്ററുകളുണ്ട്. പൂലാനി, മേലൂർ, പുഷ്പഗിരി, കാലടി, മുരിങ്ങൂർ, കൂവക്കാട്ടു കുന്ന് എന്നിവയാണ് മറ്റാറെണ്ണം. ഓരോന്നിന്റേയും ചാർജ്ജുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും, ജൂനിയർ ഹെൽത്ത് നഴ്സിനും മൂന്നോ നാലോ വാർഡുകൾ അധികാര പരിധി ഉണ്ടായിരിയ്ക്കാം. കൂവക്കാട്ടുകുന്നിൽ ഒരു വീട്ടിലും പുഷ്പഗിരിയിൽ ഒരു അംഗൻവാഡി കേന്ദ്രീകരിച്ചും ആണ് പ്രവർത്തിയ്ക്കുന്നത്. കാലടിയിലും മുരിങ്ങൂരും അങ്ങനെ തന്നെ. ഈ സബ്സെന്ററുകളിൽ എല്ലാ ദിവസവും ചാർജ്ജുള്ളവർ ഉച്ച കഴിഞ്ഞ് ഹാജരുണ്ടായിരിയ്ക്കണം. ഇല്ലെങ്കിൽ നാട്ടുകാർക്ക് പരാതിപ്പെടാം. ചിലപ്പോളെല്ലാം പഞ്ചായത്തോ ആരോഗ്യ വകുപ്പോ വിളിയ്ക്കുന്ന മീറ്റിംഗുകളിലും ഇവർക്ക് പങ്കെടുക്കേണ്ടതുണ്ടാകാം. മേലൂർ പഞ്ചായത്തിലെ ഏഴു സബ്സെന്ററുകൾക്കും കൂടി 21 തസ്തികകൾക്കാണ് അംഗീകാരമുള്ളത്. 21 തസ്തികകളും നികത്തിയിട്ടുണ്ട്. ഒരു പോസ്റ്റും ഒഴിഞ്ഞു കിടപ്പില്ല. ബന്ധപ്പെട്ട എല്ലാ ജീവനക്കാരും മുൻകൂർ യാത്രാ പരിപാടിയും ടൂർ ഡയറിയും എഴുതി തയ്യാറാക്കി അംഗീകാരം വാങ്ങിയിരിയ്ക്കണമെന്നു നിയമമുണ്ട്.
അവഗണിയ്ക്കപ്പെട്ട പഴയ കെട്ടിടം
ബാബു: ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അധികാരങ്ങൾ എന്തെല്ലാമാണ്?
രജിത്ത് : ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് വലുതായ അധികാരങ്ങളുണ്ട്. നൂറു ശതമാനം അതു നടപ്പിലാക്കിയാൽ ഒരു പക്ഷേ അതു ആളുകളെ മനഃപൂർവ്വം ബുദ്ധിമുട്ടിയ്ക്കയാണെന്നു അവർക്കു തോന്നാം. പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന എന്തും പരിശോധിയ്ക്കാൻ അവർക്ക് സാധിയ്ക്കും. എന്നാൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണത്തിന്റെ സാമ്പിളുകൾ എടുക്കുന്നതിനു ബ്ലോക്ക് അടിസ്ഥാനത്തിലുള്ള സർക്കിൾ ഫുഡ് ഇൻസ്പെക്ടർമാർക്ക് മാത്രമേ അധികാരമുള്ളൂ. അവരുടെ അധികാര പരിധി വളരെ വലിയ ഭൂവിസ്തൃതി ഉള്ളത് ആകയാൽ അവർക്ക് യഥാസമയം എല്ലായിടത്തും പരാതി ഉണ്ടെങ്കിൽ പോലും എത്തിച്ചേരാനായേക്കില്ല. വ്യവസായ സ്ഥാപനങ്ങളിലേയും മറ്റും മാലിന്യങ്ങൾ, കോഴിഫാം, രണ്ടിലധികം പന്നികളെ വളർത്തുന്ന ഇടം, മാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്ന ഇടം എന്നിവയിലെല്ലാം പരിശോധന നടത്തി വെള്ളവും മറ്റു സാമ്പിളുകളും പരിശോധനയ്ക്കെടുത്ത് ആരോഗ്യ വകുപ്പിനും ഗ്രാമ പഞ്ചായത്തിനും വേണ്ടി വന്നാൽ പോലീസിനും റിപ്പോർട്ട് നൽകാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്പെക്റ്റർമാർക്കാകും. പഞ്ചായത്ത് അതിർത്തിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നിശ്ചിത സമയത്തിനകം നീക്കം ചെയ്യാൻ നോട്ടീസ് നൽകുകയും ആകാം. ലിക്വിഡ് ഫോമിൽ പുഴയിലേയ്ക്കും മറ്റും മാലിന്യങ്ങൾ ചിലർ തള്ളുന്നതായി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പക്ഷേ മതിയായ പരിശോധന നടത്താൻ സംവിധാനം ഇല്ലാത്തതിനാൽ നടപടി അല്പം വൈകുന്നു എന്നേ ഉള്ളൂ.
പുതിയ കെട്ടിടം
ബാബു: കുന്നപ്പിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സമ്പൂർണ്ണ മാനസികാരോഗ്യ പദ്ധതി എന്താണ്?
രജിത്ത് : മൂന്നു വർഷം മുമ്പ് മേലൂരിൽ സമ്പൂർണ്ണ മാനസികാരോഗ്യ പദ്ധതി ആരംഭിച്ചു. അതിനൊരു പ്രത്യേക കാരണം ഉണ്ടായിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഇപ്പോൾ ഗൃഹ സന്ദർശനങ്ങളിൽ നിന്നു ലഭ്യമാകുന്ന വിവരങ്ങൾ ക്രോഢീകരിച്ച് ഒരു മരണരജിസ്റ്റർ സൂക്ഷിച്ചു വരുന്നുണ്ട്. അതിലെ മരണ കാരണങ്ങൾ പരിശോധിച്ചപ്പോൾ അസാധാരണമായ നിരക്കിൽ ആത്മഹത്യകൾ കാണാനിടയായി. അതിന്റെ കാരണങ്ങൾ തേടി കൊരട്ടി പോലീസ് സ്റ്റേഷനിൽ രണ്ടുമൂന്നു തവണ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പോയി. പക്ഷേ പോലീസിൽ നിന്നും മതിയായ സഹകരണം ലഭിച്ചില്ല. തുടർന്ന് പഞ്ചായത്ത് അധികൃതരേയും ആരോഗ്യ വകുപ്പ് അധികൃതരേയും സമീപിച്ച് പ്രശ്നങ്ങൾ അവതരിപ്പിച്ചതിന്റെ ഫലമായി ഒരു ബോധവത്കരണ പരിപാടി ആവിഷ്കരിക്കപ്പെട്ടതാണ് പിന്നീട് സമ്പൂർണ്ണ മാനസികാരോഗ്യ പദ്ധതിയായി തീർന്നത്. നാട്ടിലെ മാനസിക രോഗാതുരത മനസ്സിലാക്കാൻ സർവ്വേകൾ നടത്തി. പക്ഷേ മരണകാരണങ്ങൾ ഇനം തിരിച്ച് കൃത്യമായ ഒരു പഠനമല്ല നടത്തിയത്, നേരേ മറിച്ച്, ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതായാലും അല്ലെങ്കിലും മാനസിക രോഗം ബാധിച്ച എല്ലാവരുടേയും വിവരങ്ങൾ ക്രോഢീകരിയ്ക്കലായിരുന്നു അത്. ഫാമിലി കൌൺസലിങ്ങ് ആയിരുന്നു ആദ്യമേ ആരംഭിച്ചത്. എല്ലാ ശനിയാഴ്ചയും കൌൺസലിങ്ങ് നടത്തുന്നുണ്ട്. സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും കൌൺസലിങ്ങ് നൽകുന്നുണ്ട്. കുഷ്ഠം, ക്യാൻസർ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ചവരും കൌൺസലിങ്ങിനെത്തുന്നുണ്ട്. സൈക്കോളജിസ്റ്റിന്റേയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റേയും സേവനം ഇവിടെ ലഭ്യമാണ്. സൌജന്യമായി മരുന്നുകളും നൽകി വരുന്നു. കുടുംബങ്ങളിലെ മാനസിക പ്രശ്നങ്ങൾക്ക് മദ്യപാനമാണ് പ്രധാന കാരണമായി കണ്ടു വരുന്നത്. മേലൂരിൽ തന്നെ മേലൂർ പള്ളിനട ജംഗ്ഷൻ കഴിഞ്ഞ് പൂലാനി അടിച്ചിലി കൂവക്കാട്ടു കുന്നു ബെൽട്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയാണ് ഇതിന്റെ ദുരിതം ഏറ്റവും ബാധിച്ചിട്ടുള്ളത്.
കയറി വരുന്ന ഇടം
ബാബു: പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഇവിടേയും ഉണ്ടോ?
രജിത്ത് : കുന്നപ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓരോ പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി രൂപീകരിച്ച് പ്രവർത്തിയ്ക്കുന്നുണ്ട്. തുടക്കത്തിൽ നാല്പത്തഞ്ചോളം പേരാണ് അതിൽ ഉണ്ടയിരുന്നത്. അതിനു ഒരു ജനകീയമായ ഒരു കൂട്ടായ്മ ഉണ്ടാക്കേണ്ടതുണ്ട്. അതിനു ശനിയാഴ്ചയോഗം ചേരുന്നുണ്ട്. വേദന അനുഭവിയ്ക്കുന്ന ഒരു രോഗി പോലും ശ്രദ്ധിയ്ക്കപ്പെടാതെ പോകരുത് എന്നതാണ് ലക്ഷ്യം. ഒരാൾക്ക് 27000 രൂപ ഒരു വർഷത്തേയ്ക്ക് വേണ്ടി വരും, ഇപ്പോൾ അത്തരം 34 പേഷ്യന്റ്സ് ഉണ്ട്. വാർഡു തലത്തിലെ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുമ്പോൾ അതു വർദ്ധിച്ചു വരികയേയുള്ളൂ. എവിടെയെങ്കിലും ഒരു അനാസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ ജനകീയമായ ഒരു ഇടപെടലും ഉണ്ടാകണം. ഏതെങ്കിലും ഒരു എമർജൻസി വന്നാൽ അതും കൈകാര്യം ചെയ്യാൻ കഴിയണം.
പ്രാഥമിക ആരോഗ്യ കേന്ദ്രം തുറക്കുന്നു
ബാബു: ചികിത്സാ സൌകര്യങ്ങളുടെ കാര്യത്തിൽ വല്ല പ്രത്യേക സംവിധാനവും ഉണ്ടോ?
രജിത്ത് : രണ്ടു വർഷം മുമ്പ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി വച്ചിരുന്നു. നമുക്കു ലഭ്യമായ പരിധിയ്ക്ക് അകത്തു നിന്നേ നമുക്ക് ഇക്കാര്യത്തിൽ പ്രവർത്തിയ്ക്കാനാകൂ. അപൂർവം ചില കാര്യങ്ങളിലൊഴികെ പ്രാഥമിക അരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ ദാരിദ്ര്യരേഖ പരിഗണിയ്ക്കാതെ സകലർക്കും ലഭിയ്ക്കും. എല്ലാ വ്യാഴാഴ്ചകളിലുമാണ് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ സേവനം ലഭിയ്ക്കുന്നത്. അന്നാണു ജീവിത ശൈലീ രോഗങ്ങൾ സംബന്ധിച്ച ചികിത്സയും ലഭിയ്ക്കുന്നത്. നിങ്ങളുടെ ജീവിത ശൈലിയാണു നിങ്ങളുടെ രോഗങ്ങൾക്ക് കാരണം, അതിനു നിങ്ങൾ തന്നെയാണ് ഉത്തരവാദി എന്ന നിലയിലുള്ള സമീപനമല്ല, ജീവിത ശൈലീരോഗങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പിനുള്ളത്. ഒരു ഉദാഹരണത്തിന് പാലാട്ടി കുണ്ട് ഭാഗത്ത് ഒരു വീട്ടിലെ അഞ്ചു പേർക്ക് ഒരുമിച്ച് പനിയും വയറിളക്കവും വന്നു. ഒരാൾക്ക് സംഭവിച്ചാൽ അതു സ്വാഭാവികമെന്നു വിചാരിയ്ക്കാമായിരുന്നു, അഞ്ചുപേരെന്നു കേട്ട ഉടനെ അവരെ എത്രയും പെട്ടെന്നു ആശുപത്രിയിലേയ്ക്കു മാറ്റി. ഉടൻ തന്നെ ഡി.എം.ഓ.യെ വിവരം അറിയിച്ചു. അന്വേഷണത്തിൽ ആ വീട്ടിൽ ഒരാൾക്കു മാത്രം രോഗം ബാധിച്ചിരുന്നില്ല എന്നു മനസ്സിലായി. അയാൾ തലേന്നു വീട്ടിൽ വാങ്ങിക്കൊണ്ടു വന്ന ബ്രൌൺ മുന്തിരി കഴിച്ചിരുന്നില്ല, കഴിച്ച 5 പേർക്കും രോഗം വരികയും ചെയ്തു. ആ മുന്തിരി സാമ്പിളായെടുത്ത് പരീക്ഷണത്തിനയച്ചു. പക്ഷേ റിസൽറ്റ് വന്നതായോ തുടർ നടപടി ഉണ്ടായതായോ അറിയില്ല. മറ്റൊരു കാന്റീൻ വിഷബാധ കേസ്സിലും ഇപ്രകാരം ടെസ്റ്റ് റിസൽറ്റ് കിട്ടാത്തതിനാൽ തുടർ നടപടി തടസ്സപ്പെട്ടു.
രോഗികളായി അറിയപ്പെടുന്നവർ മാത്രമല്ല, രോഗം ആരെയും അറിയിക്കാതെ കൊണ്ടു നടക്കുന്നവരെ കൂടി ഈ പദ്ധതികളുടെ കീഴിൽ കൊണ്ടു വരികയാണ് ലക്ഷ്യം. അത്ര തന്നെ പ്രധാനമാണ് രോഗം വരാൻ സാധ്യതയുള്ളവരെ കണ്ടെത്തി രോഗം വരാതെ നോക്കുന്നതും. അമ്പതു വയസ്സു കഴിഞ്ഞാൽ രോഗം ഇല്ലാത്തവർ കൂടി മാസത്തിൽ ഒരു തവണ ഡോക്ടറെ കണ്ട് രോഗം ഇല്ല എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.
ജെറിയാട്രിക്സ് അഥവാ വയോജന ക്ഷേമ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമാണ്. വാർദ്ധക്യ സഹജമായ രോഗങ്ങൾ ബാധിച്ച് കിടപ്പിലായവർക്കാണ് ഇതിന്റെ പ്രയോജനം പ്രധാനമായും സിദ്ധിയ്ക്കുക. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ എന്നിവ ഇവിടെ സൌജന്യ നിരക്കിൽ പരിശോധിയ്ക്കാനാകും. എല്ലാ വ്യാഴാഴ്ചയും ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി ഡോക്ടർമാരുടെ ഓ.പി. ഉണ്ടായിരിയ്ക്കും. ജനങ്ങൾക്ക് അവരവർക്ക് വിശ്വാസമുള്ള ചികിത്സാരീതി തെരഞ്ഞെടുക്കാം.
അവഗണിയ്ക്കപ്പെട്ട ഔഷധ തോട്ടം
ബാബു: പഞ്ചായത്തിലെ മലിനീകരണത്തിനെതിരെ ഹെൽത്ത് സെന്ററിന് വല്ലതും ചെയ്യാൻ ഉണ്ടോ?
രജിത്ത് : മേലൂർ പഞ്ചായത്തിൽ മലിനീകരണ വെല്ലുവിളി ഉയർത്തുന്ന പ്രധാന സ്ഥാപനങ്ങൾ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ മെയിൻ ധ്യാനകേന്ദ്രങ്ങളും അവരുടെ മാനസികാരോഗ്യകേന്ദ്രവും ആണ്. മേലൂർ ജംഗ്ഷനിലും കുറച്ചു നാളായി മാലിന്യ പ്രശ്നം ഉണ്ട്. മുരിങ്ങൂർ ജംഗ്ഷനിലും ഉണ്ടായിരുന്നു. നമ്മുടെ പഞ്ചായത്തിൽ ലൈസൻസ് ഉള്ള ഒരു കശാപ്പു കേന്ദ്രം ഇനിയും ഉണ്ടായിട്ടില്ല. അതിനാൽ മേലൂർ പഞ്ചായത്തിലെ ഒരു ഇറച്ചി വില്പന ശാലയും നിയമാനുസൃതമല്ല.
ബാബു: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ മരുന്നുകൾ ആരാണ് തരുന്നത്?
രജിത്ത് : പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് സർക്കാർ നേരിട്ടു വാങ്ങിയ മരുന്നുകൾ ഡി.എം.ഓ. വഴി സപ്ലേ ചെയ്യും. പക്ഷേ അതു നമ്മൾക്ക് മതിയാകുകയില്ല. ഡോക്ടർക്ക് ആവശ്യമുള്ള മരുന്നുകൾ സർക്കാർ സപ്ലേ ചെയ്തിട്ടില്ലെങ്കിൽ സ്വയം വാങ്ങി വിതരണം ചെയ്യാം. ഇതു വരേയ്ക്കും മരുന്നുകൾ എപ്പോളും സ്റ്റോക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വ്യാഴാഴ്ച മാത്രം മരുന്നു കൊടുക്കാൻ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. കാരണം ഡി.എം.ഓ. യുടെ ഓഫീസിൽ നിന്നും ആവശ്യമാണെന്നു നാം പറയുന്ന മരുന്ന് സ്റ്റോക്ക് ഇല്ലെന്നു സർട്ടിഫൈ ചെയ്താലേ ഡോക്ടർക്ക് സ്വയം മരുന്നു വാങ്ങാൻ കഴിയൂ. ആ സർട്ടിഫിക്കറ്റ് കിട്ടുവാൻ വൈകി. ഇവിടെ വളരെ അധികം രോഗികൾ വരുന്നുണ്ട്. അതിനാൽ സ്റ്റോക്ക് പെട്ടെന്നു തീരും. ഡോക്ടർ വാങ്ങുന്ന മരുന്നിന്റെ വില പഞ്ചായത്ത് കൊടുക്കും. കേരള സ്റ്റോർ പർച്ചേയ്സ് മാനുവലിലെ നിബന്ധനകൾക്ക് വിധേയമായി കൊട്ടേഷൻ ക്ഷണിച്ചാണ് മരുന്ന് വാങ്ങുന്നത്.
രജിത്ത് : പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് സർക്കാർ നേരിട്ടു വാങ്ങിയ മരുന്നുകൾ ഡി.എം.ഓ. വഴി സപ്ലേ ചെയ്യും. പക്ഷേ അതു നമ്മൾക്ക് മതിയാകുകയില്ല. ഡോക്ടർക്ക് ആവശ്യമുള്ള മരുന്നുകൾ സർക്കാർ സപ്ലേ ചെയ്തിട്ടില്ലെങ്കിൽ സ്വയം വാങ്ങി വിതരണം ചെയ്യാം. ഇതു വരേയ്ക്കും മരുന്നുകൾ എപ്പോളും സ്റ്റോക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വ്യാഴാഴ്ച മാത്രം മരുന്നു കൊടുക്കാൻ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. കാരണം ഡി.എം.ഓ. യുടെ ഓഫീസിൽ നിന്നും ആവശ്യമാണെന്നു നാം പറയുന്ന മരുന്ന് സ്റ്റോക്ക് ഇല്ലെന്നു സർട്ടിഫൈ ചെയ്താലേ ഡോക്ടർക്ക് സ്വയം മരുന്നു വാങ്ങാൻ കഴിയൂ. ആ സർട്ടിഫിക്കറ്റ് കിട്ടുവാൻ വൈകി. ഇവിടെ വളരെ അധികം രോഗികൾ വരുന്നുണ്ട്. അതിനാൽ സ്റ്റോക്ക് പെട്ടെന്നു തീരും. ഡോക്ടർ വാങ്ങുന്ന മരുന്നിന്റെ വില പഞ്ചായത്ത് കൊടുക്കും. കേരള സ്റ്റോർ പർച്ചേയ്സ് മാനുവലിലെ നിബന്ധനകൾക്ക് വിധേയമായി കൊട്ടേഷൻ ക്ഷണിച്ചാണ് മരുന്ന് വാങ്ങുന്നത്.
ബാബു: മേലൂർ ന്യൂസിന്റെ വായനക്കാരോട് എന്താണ് പറയാനുള്ളത്?
രജിത്ത് : ഏതെങ്കിലും വ്യാഴാഴ്ചയോ ശനിയാഴ്ചയോ കുന്നപ്പിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം തീർച്ചയായും സന്ദർശിയ്ക്കുക. തിരിച്ചു പോരുമ്പോൾ വന്നത് വെറുതെയായില്ല എന്ന ബോധ്യപ്പെടും.
രജിത്ത് : ഏതെങ്കിലും വ്യാഴാഴ്ചയോ ശനിയാഴ്ചയോ കുന്നപ്പിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം തീർച്ചയായും സന്ദർശിയ്ക്കുക. തിരിച്ചു പോരുമ്പോൾ വന്നത് വെറുതെയായില്ല എന്ന ബോധ്യപ്പെടും.
No comments:
Post a Comment