ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മേലൂർ മോഡൽ
മേലൂർ കുവക്കാട്ടുകുന്ന പ്രദേശത്ത് പട്ടികജാതി കുടുംബങ്ങൾക്കും മറ്റും പച്ചക്കറി കൃഷി ചെയ്യുന്നതിനു 150000 രൂപ എസ്റ്റിമേറ്റിൽ 952 തൊഴിൽ ദിനങ്ങൾ കാട്ടി ബോർഡു വച്ചിട്ടുള്ളത് വിശ്വാസയോഗ്യമല്ലെന്നു പട്ടികജാതിക്കാരായ നാട്ടുകാർ പറയുന്നു. അത്രവും പച്ചക്കറികൾ അവിറ്റെ കൃഷി ചെയ്യുന്നില്ല.
ഇതേ സ്ഥിതി തന്നെയാണു 50000 രൂപ വക കൊള്ളിച്ച റോഡു കാന വൃത്തിയാക്കൽ പണിയും. ഇവയ്ക്കൊന്നിനും അത്ര പണി വരാൻ ന്യായമില്ലത്രേ.
റിസ്റ്റോർ ചെയ്യാതെ വെട്ടിപ്പൊളിച്ച റോഡുകൾ
കുന്നപ്പിള്ളിയിൽ നിന്നും പാറക്കൂട്ടം ടാങ്കിലേയ്ക്കു ജലവിതരണ പദ്ധതിയിലേക്കു വേണ്ടി പൈപ്പ് ഇടുന്നതിനു വേണ്ടി വർഷങ്ങൾ മുമ്പ് കുഴിച്ച ടാർ ടോഡ് ഇനിയും ശരിയായി മൂടി ടാർ ചെയ്തിട്ടില്ല. പഞ്ചായത്തും വാട്ടർ അഥോറിറ്റിയും ഇക്കാര്യത്തിൽ നിയമം ലംഘിച്ചു റോഡ് റിസ്റ്റോർ ചെയ്യാതെ ഇട്ടിരിക്കുന്നത് അനീതിയാണെന്നു നാട്ടുകാർ പറയുന്നു.
പൈപ്പോ കെ.എസ്.ഇ.ബി.യുടെ പോസ്റ്റോ തകരുക?
കുടിവെള്ള പദ്ധതിയുടെ പൈപ്പിനു മുകളിൽ കെ.എസ്. ഇ.ബി. പോസ്റ്റ് ഇട്ടിരിക്കുന്നു. പൈപ്പിനും പോസ്റ്റിനും ഒരുപോലെ കേടു വരുത്തുന്ന ഈ വികസനമാതൃകകൾ അവസാനിപ്പിക്കേണ്ട സമയമായി.
വൃത്തിഹീനമായ പ്രൈമറി സ്കൂൾ പരിസരം
മേലൂർ പള്ളിനട ജേ.വൈ.എൽ.പി.സ്കൂളിനു മുമ്പിൽ പള്ളിനട ജംഗ്ഷനിൽ കെട്ടിക്കിടക്കുന്ന മലിനജലം. നഴ്സറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ പഠിക്കുന്ന ഇവിടെ പകർച്ച വ്യാധികൾ വന്നാൽ ആരു സമാധാനം പറയും.
ആരോഗ്യമില്ലാത്ത പ്രൈമറി ഹെൽത്ത് സബ് സെന്റർ
മേലൂരിലെ ഏക പ്രൈമറി ഹെൽത്ത് സബ് സെന്ററാണീ കാണുന്നത്. ആരോഗ്യവകുപ്പ് ജനകീയ ആരോഗ്യ പരിപാടികൾ നടപ്പിലാക്കുന്നത് ഈ സെന്ററിനെ കേന്ദ്രീകരിച്ചാണ്. ഇവിടെയാണു മേലൂർ ഗ്രാമപഞ്ചായത്ത് പള്ളി നടയിലെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ അനുവദിച്ചിട്ടുള്ളത്. ഇപ്പോൾ ഓരോ ഗ്രാമപഞ്ചായത്തിനും അനുവദിച്ച മാലിന്യ സംസ്കരണകേന്ദ്രം പ്രൈമറി ഹെൽത്ത് സബ് സെന്ററിന്റെ സ്ഥലത്തു വച്ച് നടത്തുന്നതിനു ചില പഞ്ചായത്തു മെംബർമാരുടെ ആശിർവാദത്തോടെ ഒപ്പുശേഖരണവും നടത്തുന്നതായി അറിയുന്നു.
ബ്രാണ്ടി വില്പന തടയണം
മേലൂർ കൂവക്കാട്ടുകുന്നു ഭാഗത്ത് ബ്രാണ്ടി വില്പന നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നാടു മുഴുവൻ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൂട്ടത്തിൽ കുന്നിലെ സ്ഫോടനത്തെക്കുറിച്ചും ഒരു പോസ്റ്ററുണ്ട്.
റിവേഴ്സ് മൈഗ്രേഷനു വേദിയാകുന്ന ഭാരതം
ഭാരതത്തിൽ നിന്നും വിദേശ നാണ്യം തേടി പുറത്തേയ്ക്കൊഴുകിക്കൊണ്ടിരുന്ന വിദഗ്ധ മാനവശേഷി തിരിച്ചൊഴുകുകയാണ്. ഐ.റ്റി. വിദഗ്ധരാണ് ഇന്ത്യയിലേക്ക് തിരിച്ചു പോരാൻ തുടങ്ങുന്ന ആദ്യ കൂട്ടർ. ബാങ്കിങ്, ടെലികോം രംഗത്തും ഈ പ്രവണത കൂടി വരുന്നു. യു.എസ്.ഏയിലേയും യൂറോപ്യൻ രാജ്യങ്ങളിലേയും ശമ്പളനിരക്കിൽ വന്ന കുറവും ജീവിത ചെലവിലെ വർദ്ധനയും തൊഴിൽ സുരക്ഷയിലെ കുറവും ആണ് ആ രാജ്യങ്ങൾ വിട്ടു പോരാൻ പ്രൊഫഷണലുകളെ പ്രേരിപ്പിക്കുന്നത്. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കിയാൽ ഈ രംഗങ്ങളിൽ ഒരു വൻ മുന്നേറ്റമുണ്ടാക്കാനുള്ള സാഹചയം നിലവിൽ വരികയാണ്. സർക്കാരുകളും സ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഗൾഫ് നാടുകളിലെ അർദ്ധപ്രൊഫഷണൽ ജോലികൾ നോക്കുന്നവരുടെ വൻ തോതിലുള്ള പിരിച്ചു വിടലുകളും ഭാരതത്തിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നു സൂചിപ്പിക്കുന്നു. ആപത്തു വരും മുമ്പേ ഉണർന്നു പ്രവർത്തിച്ച് ദൌർബല്യത്തെ ശക്തിയാക്കി മാറ്റിക്കൊണ്ടുവരുവാൻ രാഷ്ട്രനായകർ പരിശ്രമിക്കേണ്ട യഥാർത്ഥ കാലമാണിത്.
ഹിഗ്സ് ബോസോൺ പ്രത്യക്ഷീഭവിക്കുന്നു
ജനീവയ്ക്കടുത്തുള്ള ലാർജ് ഹാഡ്രോൺ കൊളൈഡറിൽ നടത്തിയ കണികാ പരീക്ഷണത്തിൽ അറ്റ്ലസ് സി.എം.എസ് എന്നീ കണികാ ഡിക്ടെറ്ററുകളിൽ 125 GeV പിണ്ഡമുള്ള കണങ്ങൾ പ്രത്യക്ഷപ്പെട്ടത് ദൈവകണമെന്നു കൂടി വിശേഷിപ്പിക്കപ്പെടുന്ന ദ്രവ്യത്തിന്റെ പിണ്ഡകാരകമായ ഹിഗ്സ് ബോസോണുകളാണെന്നു ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. എങ്കിലും ഈ വസ്തുത സ്ഥിരീകരിക്കാൻ ഏതാനും പരീക്ഷണങ്ങൾ കൂടി നടത്തേണ്ടതുണ്ടത്രേ.
വെള്ളക്കൊക്കുകളേയും അണ്ണാനേയും കൊന്ന രണ്ടു കുടുംബക്കാരുടെ ഗതി
നാലു കൊക്കിനേയും രണ്ട് അണ്ണാനേയും കൊന്നതിന് ഏളവൂർ പാറക്കടവ് കല്ലറയ്ക്കൽ വീട്ടിലേയും എളവൂർ മേലേപ്പിള്ളി വീട്ടിലേയും അഞ്ചു യുവാക്കളെ കൊരട്ടി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് ഏഴാറ്റുമുഖം വനം വകുപ്പ് റേഞ്ച് ആഫീസർക്കു കൈമാറി. അവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
കൊരട്ടിയിലെ റെയിൽവേ മേൽപ്പാലം പണി വീണ്ടും തടസ്സപ്പെട്ടു
സാങ്കേതികമായ ചില അനുമതികൾ റെയിൽവേ അധികാരികളിൽ നിന്നു ലഭിക്കാത്തതിനാൽ കൊരട്ടിയിലെ റെയിൽവേ മേൽപ്പാലത്തിന്റെ പണി നിറുത്തിവച്ച് ചൊവ്വാഴ്ച പണിക്കാർ സ്ഥലം വിട്ടു. മൂന്നു സ്പാനുകളുടെ പണി ഇനിയും പൂർത്തിയാകാനുണ്ട്.
ചാലക്കുടിയിൽ മദ്യവിരുദ്ധ പ്രതിജ്ഞയെടുത്തു
ഞായറാഴ്ച വഴികാട്ടി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ അതി ഗംഭീരമായ മദ്യവിരുദ്ധ റാലിയും പ്രതിജ്ഞയും നടന്നു.
കാട്ടുകൊമ്പന്റെ കുത്തേറ്റു പരിക്ക്
ഡിസംബർ 12നു തിങ്കളാഴ്ച രാത്രി കേരള അതിർത്തിക്കപ്പുറത്തുള്ള കുശാൽ നഗറിൽ വച്ച് ലോറി തൊഴിലാളിയായ ചിറങ്ങര ചെറുപാലം ഫ്രാൻസിസിനെ കാട്ടുകൊമ്പൻ കുത്തി പരിക്കേൽപ്പിച്ചു. രണ്ടുകാലുകളിലും വലതു തുടയിലും ഇടതു കാൽ മുട്ടിലും കുത്തുകൊണ്ടെങ്കിലും മാരകമായ പരിക്കേൽക്കാതെ ഭാഗ്യത്തിനു രക്ഷപ്പെട്ടു.
ആമ്പുലൻസിൽ പ്രസവിച്ചു
പ്രസവത്തിനായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രണ്ടുകൈ ആദിവാസി കോളനിയിലെ സുജാത എന്ന ആദിവാസിയെ താലൂക്ക് ആസ്പത്രിയിൽ നിന്നും ആമ്പുലൻസിൽ കൊണ്ടുപോകും വഴി ആമ്പുലൻസിൽ വച്ചു പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമില്ല. ഡിസംബർ 15 നായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് രക്ഷകരായി
മുഖ്യമന്ത്രിമാരുടെ എസ്കോർട്ട് വണ്ടി വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്ന കാലം മാറി. മുരിങ്ങൂർ ചാക്കോളാ തീപ്പെട്ടി കമ്പനിക്കു സമീപം ചിറ്റൂർ കുന്നിമേരി നെല്ലിമേടു സ്വാമി ഓടിച്ചിരുന്ന ലോറി മറിഞ്ഞപ്പോൾ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ എസ്കോർട്ടുവണ്ടികളിലൊന്നാണു ആശുപത്രിയിലെത്തിച്ചത്.
ഫാസിസത്തിന്റെ പുതിയ കാമ്പസ് പതിപ്പ്
കൈവെട്ടു കേസിനെപ്പറ്റി മാഗസിനിൽ ലേഖനമെഴുതിയതിന്റെ പേരിൽ തൃപ്രയാർ ശ്രീരാമാ പോളിറ്റെക്നിക് ആർട്സ് ക്ലബ് സെക്രട്ടറി സാദിഖ് സാലിഹിനെ വാടാനപ്പിള്ളിയിൽ വച്ച് അഞ്ചംഗ അക്രമി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇനിയും അത്തരം ലേഖനമെഴുതിയാൽ വീട്ടിൽ കയറി അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുമുണ്ടത്രേ. അതേ തുടർന്ന് സംഘർഷങ്ങളുടെ ഒരു ശൃംഖല തന്നെ ശ്രീരാമാ പോളിറ്റെക്നിക്കിൽ അരങ്ങേറിയിരിക്കുന്നു. കൂട്ടത്തല്ലിനെത്തുടർന്ന് പല വിദ്യാർത്ഥികളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
മണൽ വിതരണം ചാലക്കുടിയും മേലൂരിന്റെ വഴിയിൽ
മണൽ വിതരണത്തിനു ആവശ്യമായ പരസ്യമോ അപേക്ഷ നൽകാൻ മതിയായ സമയമോ നൽകാതിരുന്ന മേലൂർ പഞ്ചായത്തിന്റെ അതേ പാത തന്നെ ചാലക്കുടി നഗരസഭയും ആവർത്തിച്ചു. ഡിസംബർ 14,15,16 തീയതികളിലാണു മണൽ പാസിനു അപേക്ഷാഫോറം നഗരസഭ വിത്രണം ചെയ്തത്. ഇതിനുള്ള അറിയിപ്പു തൊട്ടു മുമ്പ് മാത്രമാണു പത്രങ്ങളിൽ നൽകിയത്. അപേക്ഷിക്കുന്നതിനു അനേകം നിബന്ധനകളും ഉണ്ടായിരുന്നു. അവയും മതിയായ രീതിയിൽ ആളുകൾ അറിയാതിരുന്നത് വലിയ പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്.
തോട്ട പൊട്ടിച്ചതിനു തടവ്
പൊതുവഴിയിൽ തോട്ട വലിച്ചെറിഞ്ഞു പൊട്ടിച്ചതിനു മൂന്നുമാസം തടവുശിക്ഷയാണു ഒരു രതീഷിനു ഇരിങ്ങാലക്കുട പ്രിൻസിപ്പൾ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വിധിച്ചത്. മേലൂർക്കാരനായ സജി റാഫേൽ ആയിരുന്നു പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരായത്.
ഏതാനും ദിവസം മുമ്പ് കുവക്കാട്ടുകുന്ന് പ്രദേശത്ത് ഭൂകമ്പമുണ്ടായെന്നു ഒരു വാർത്ത പടർന്നു. പിറ്റേന്നു കിണറ്റിൽ സ്ഫോടനം ഉണ്ടായതാണ് കാരണമെന്ന നിഗമനത്തിൽ അധികാരികളുടെ ഭാഗത്തു നിന്നും ചില അന്വേഷണങ്ങളും ഉണ്ടായി. തുടർന്നുള്ള വിവരമൊന്നും ലഭ്യമായിട്ടില്ല.
നേത്രദാന ക്യാമ്പ്
ആളൂർ സെന്റ് മേരീസ് കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആലുവ ഡോ: ടോണീസ് സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്രദാന-സൌജന്യ നേത്ര ചികിത്സാ ക്യാമ്പു നടത്തി. മാള ഫൊറോന പള്ളി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 1 രാവിലെ 9 മുതൽ 12 വരെ മാള സെന്റ് ആന്റണീസ് സ്കൂൾ ഹാളിൽ ഒരു സൌജന്യ തിമിര നിർണ്ണയ ക്യാമ്പും നടത്തുന്നുണ്ട്. വിശദവിവരങ്ങൾക്ക് 9446871490 എന്ന നമ്പറിൽ ബന്ധപ്പെടുക.
ക്രൈസ്റ്റ് കോളേജിന് അവാർഡ്
സംസ്ഥാന ഗവണ്മെന്റിന്റെ ഊർജ്ജ സംരക്ഷണ അവാർഡ് ക്രൈസ്റ്റ് കോളേജിനു ലഭിച്ചു.
വെള്ളിക്കുളങ്ങരയിലെ കോഴിമുട്ടപ്പാറയിലേക്കുള്ള വഴി അടഞ്ഞു
സ്വകാര്യ വ്യക്തികൾ തങ്ങളുടെ സ്ഥലം കമ്പിവേലി കെട്ടി അടച്ചതോടെ വെള്ളിക്കുളങ്ങരയിലെ കോഴിമുട്ടപ്പാറയിലേക്കുള്ള വഴി അടഞ്ഞു. ടൂറിസ്റ്റ് പ്രസക്തിയുള്ള സ്ഥലമെന്ന നിലയിൽ പഞ്ചായത്ത് മുൻകൈ എടുത്ത് പുതിയ ഒരു വഴിവെട്ടാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
പൂർവവിദ്യാർത്ഥി സംഗമം
ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവവിദ്യാർത്ഥി സംഗമം 26.12.2011നു സ്കൂൾ ആഡിറ്റോരിയത്തിൽ നടക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 9447529055 നമ്പറിൽ വിളിക്കുക.
അതിരപ്പിള്ളി പദ്ധതിക്കു വീണ്ടും ജീവൻ വപ്പിക്കുന്നു.
അതിരപ്പിള്ളി പദ്ധതിക്കു കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടേയും കേന്ദ്ര വനം പരിസ്തിതി വകുപ്പിന്റേയും അനുമതി ലഭിച്ചിട്ടുണ്ടെന്നു കേന്ദ്ര ഊർജ്ജ സഹമന്ത്രി കെ.സി.വേണുഗോപാൽ. പദ്ധതി നടപ്പാക്കുന്നതിനു ഹൈക്കോടതിയിലെ കേസ്സാണു തടസ്സം. അതിരപ്പിള്ളി പദ്ധതിയുടെ നടത്തിപ്പിനു അനുകൂല നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൈപ്പ് പണിക്കിടെ തകർന്ന ബ്ലാച്ചിപ്പാറ മുന്നൂർപ്പിള്ളി റോഡിന്റെ മെറ്റലിങ്ങും ടാറിങ്ങും നടത്തുന്നു
പൈപ്പുകൾ ഇടുന്നതിനു റോഡിൽ കാനകൾ കുഴിച്ചതുമൂലം തകർന്ന ബ്ലാച്ചിപ്പാറ മുന്നൂർപ്പിള്ളി റോഡിന്റെ മെറ്റലിങ്ങും ടാറിങ്ങും നടത്തുന്നതിനു ജില്ലാ പഞ്ചായത്ത് 46 ലക്ഷം രൂപ അനുവദിച്ചു, റോഡു പണികൾ ആരംഭിക്കുകയും ചെയ്തു. എങ്കിലും പൈപ്പിടൽ പണി ഇനിയും പൂർത്തീകരിക്കാൻ അധികാരികളും കോണ്ട്രാക്ടറും ശ്രമിക്കുന്നതായി കാണുന്നില്ല. റോഡു ടാറിങ്ങ് കഴിഞ്ഞ ശേഷം വീണ്ടും റോഡ് കുത്തിപ്പൊളിച്ച് പൈപ്പിടാനാണു ശ്രമമെന്നു നാട്ടുകാർ ആരോപിക്കുന്നു. റോഡ് തകർന്നതിനാൽ ബസ് സർവീസ് നിറുത്തുവച്ചിരിക്കുന്നതു കാരണം ഇപ്പോൾ തന്നെ ദുരിതത്തിലാണു നാട്ടുകാർ.
സൌജന്യ മെഡിക്കൽ ക്യാമ്പും രക്തപരിശോധനയും
അമല ഫെല്ലോഷിപ്പ് പന്തക്കൽ യൂണിറ്റിന്റെ നേതൃത്ത്വത്തിൽ സൌജന്യ മെഡിക്കൽ ക്യാമ്പും രക്തപരിശോധനയും നടത്തി. പ്രമേഹം കൊളസ്ട്രോൾ എന്നിവയുടെ പരിശോധനയും ഉണ്ടായിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിൽ പ്രഭാഷണ പരമ്പര
സംസ്കൃത വ്യാകരണ വകുപ്പ് സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്കോളർ ഇൻ റെസിഡന്റ് പ്രോഗ്രാമിന്റെ ഭാഗമായ പ്രഭാഷണ പരമ്പര ആരംഭിച്ചു. ഡോക്ടർ ജി.ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. പൂന യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സരോജാ ഭാട്ടേയാണു എട്ടു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പര നടത്തുന്നത്. ഡിസംബർ 22നാണ് സമാപനം
ചാലക്കുടിപ്പുഴ മലിനീകരണം
കാഞ്ഞിരപ്പിള്ളി ശ്രീശക്തി പേപ്പർ മില്ലിനെതിരെ പുഴമലിനീകരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിന്മേൽ പരിയാരം പഞ്ചായത്ത് സെക്രട്ടറി കമ്പനിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതായി ഏ.ഐ.വൈ.എഫ്. ആരോപണം ഉന്നയിച്ചു.
മുനിസിപ്പൽ മാർക്കറ്റ് കെട്ടിടത്തിലെ ടോയ്ലറ്റുകളിൽ വെള്ളം വേണ്ടെന്ന് നഗരസഭ
ചാലക്കുടി മുനിസിപ്പൽ മാർക്കറ്റ് കെട്ടിടത്തിലെ ഏ ബ്ലോക്കിലെ ഗ്രൌണ്ട് ഫ്ലോറിലും ഒന്നാം ഫ്ലോറിലും ഉള്ള രണ്ടു ടോയ്ലറ്റുകളിലേക്കുള്ള വാട്ടർ കണക്ഷൻ ചാലക്കുടി നഗരസഭ വിച്ഛേദിച്ചിട്ട് അഞ്ചു വർഷമാകുന്നു. നഗരസഭക്കു നാട്ടുകാർ പരാതി കൊടുക്കാത്തതുകൊണ്ടല്ല, വെള്ളമില്ലാതെ ചാലക്കുടിക്കാർ കാര്യം സാധിക്കുമെന്ന് അരിയാവുന്നതുകൊണ്ടാണ് നഗരസഭ അനങ്ങാതിരിക്കുന്നത്.
പട്ടികജാതിക്കാരുടെ അസ്ഥികൾ പെരുവഴിയിൽ
2008 ജനുവരിയിൽ മാള പഞ്ചായത്തിലെ കാവനാട് പൊതു ശ്മശാനത്തിൽ അടക്കം ചെയ്ത ഒരു പട്ടിക ജാതിക്കാരന്റേതെന്നു കരുതപ്പെടുന്ന അസ്ഥികൾ ജെ.സി.ബി.ഉപയോഗിച്ച് റോഡ് പണിതപ്പോൾ പുറത്തു വന്നതായി ആരോപണം. ഒരു പഞ്ചായത്ത് മെംബർക്കും കരാറുകാരനും എതിരേ മാള പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഉപയോഗമില്ലാത്ത പോസ്റ്റുകൾ നീക്കം ചെയ്യണം
മറ്റത്തൂർ കുന്നു മുതൽ കോടാലി വരെയുള്ള ഉപയോഗമില്ലാത്ത ടെലഫോൺ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അവിടെ മാത്രമല്ല. എവിടേയും ഇതു തന്നെയാണു സ്ഥിതി. റോഡിലെന്നല്ല, പല സ്വകാര്യ വ്യക്തികളുടേയും പുരയിടങ്ങളിൽ അനേക വർഷങ്ങളായി നീക്കം ചെയ്യാത്ത ഇത്തരം ടെലഫോൺ പോസ്റ്റുകൾ മേലൂർ പഞ്ചായത്തിൽ തന്നെ ധാരാളമുണ്ട്. ഇലക്ട്രിക് പോസ്റ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതാ ഒരു ചിത്രം.
ഇരിങ്ങാലക്കുടയിൽ കുടുംബ കോടതി
ഇരിങ്ങാലക്കുടയിലെ പുതിയ കുടുംബ കോടതി ഡിസംബർ 31നു മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും.
ഹേന പോളിനു സ്വീകരണം
അഖിലേന്ത്യാ സബ് ജൂനിയർ വോളിബോൾ വനിത വിഭാഗത്തിൽ ചാമ്പ്യന്മാരായ കേരള ടീമംഗം ഹേന പോളിനു കൊരട്ടിയിൽ സ്വീകരണം നൽകി.
നാരായണീയത്തിന്റെ 425 മത്തെ വാർഷികം
മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയം രചിച്ചതിന്റെ 425 മത്തെ വാർഷികം ഗുരുവായൂരിൽ ആഘോഷിച്ചു.
അപകടത്തിൽ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിനു 5 ലക്ഷം രൂപ നഷ്ടപരിഹാരം
ബൈക്കിൽ യാത്ര ചെയ്യവേ റോട്ടിലെ പൂമരം കടപുഴകി വീണ് മരിച്ച കൂനമ്മൂച്ചി പുലിക്കോട്ടിൽ ജോസഫ് പി. ജോണിന്റെ അവകാശികൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേരള മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മരം കടപുഴകി വീഴാൻ ഇടയായത് ഉത്തരവാദിത്തമുള്ളവരുടെ കൃത്യവിലോപത്തിന്റെ ഫലമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. തൃശ്ശൂർ പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എന്നിവർ പ്രതികളായ കേസ്സിൽ മരണകാരണത്തിൽ പ്രതികളുടെ അനാസ്ഥയുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. രണ്ടു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നു കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
കുഴഞ്ഞു വീണു മരിച്ച ചുമട്ടു തൊഴിലാളിയുടെ കുടുംബത്തിനു 3.19 ലക്ഷം രൂപ നഷ്ടപരിഹാരം
തൃശ്ശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിലെ കയറ്റിറക്കു തൊഴിലാളിയായിരുന്ന ജോൺസൻ 06.06.2006നു ജോലി ചെയ്തുകൊണ്ടിരിക്കേ ജോലി ഭാരത്താൽ കുഴഞ്ഞു വീണു ഹൃദയസ്തംഭനത്താൽ മരിച്ച സംഗതിയിൽ ആശ്രിതർക്കു 3,19,600 രൂപ നഷ്ടപരിഹാരവും അതിനു 06.06.2006 മുതൽ 12% പലിശയും ശവസംസ്കാര ചടങ്ങിനു ചെലവായ 2500 രൂപയും നൽകാനും ടി തുക ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാനോടും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടും 30 ദിവസത്തിനകം കെട്ടി വയ്ക്കാനും തൃശ്ശൂർ വർക്ക്മെൻ കോമ്പൻസേഷൻ കമ്മീഷണർ ഉത്തരവിട്ടു. തൃശ്ശൂർ ഡപ്യൂട്ടി ലേബർ കമ്മീഷ്ണർക്കാണു അപേക്ഷ സമർപ്പിച്ചിരുന്നത്.
ക്രിസ്മസിനു അധിക പഞ്ചസാര കടലാസ്സിൽ
ക്രിസ്മസിനു കേരളത്തിൽ വിതരണം ചെയ്യാൻ 5000 മുതൽ 7000 ടൺ വരെ പഞ്ചസാര അധികം നൽകാൻ മലയാളികളായ കേരളമന്ത്രി ഷിബു ബേബി ജോണും കേന്ദ്രമന്ത്രി കെ.വി.തോമസും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിച്ചതായി ഡിസംബർ 15 ലെ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇനി അതിവിടെ എത്തി വിതരണം ചെയ്യുമ്പോൾ ന്യൂ ഇയർ ആകുമോ എന്നാണു അറിയേണ്ടത്. മലയാളികളായ ഈ മന്ത്രിമാർക്ക് ഇക്കാര്യം അല്പം നേരത്തേ തീരുമാനിക്കാമായിരുന്നില്ലേ?
അമേരിക്ക ഇറാക്കിൽ നിന്നും പിൻവാങ്ങി
2003 മാർച്ചിൽ ഇറാഖിൽ കടന്ന അമേരിക്കൻ സേന എട്ടേ മുക്കാൽ വർഷത്തെ അധിനിവേശത്തിനു ശേഷം ഒരു പാവ സർക്കാരിനെ അവരോധിച്ചുകൊണ്ട് 2011 അവസാനത്തോടെ തങ്ങളുടെ പതാക താഴ്ത്തി തിരിച്ചു പോയി. ഏതു അധിനിവേശ സർക്കാരിന്റേയും അന്തിമവിധിയാണ് ഒരു വിദേശ രാഷ്ട്രത്തിൽ വച്ച് സ്വന്തം പതാക താഴ്ത്തേണ്ടി വരുന്നത്.
പുതിയ ഡാം പണിയാൻ കേരള സർക്കാർ തീരുമാനിച്ചു
ഒരു സർക്കാരിന്റേയും കോടതിയുടേയും സമിതിയുടേയും അനുമതി ഇല്ലാതെ തന്നെ, ഡാം പണിയാൻ കേരള സർക്കാർ തീരുമാനമെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തീരുമാനം നിയമാനുസൃതമല്ലെന്നു രണ്ടുമൂന്നു വർഷത്തിനകം പല കോടതികൾ പറഞ്ഞു കഴിയുമ്പോളേക്കും കാലവധി കഴിയാറായ യു.ഡി.എഫിനു എന്തെങ്കിലും നിരാഹാരമോ അടുത്ത തീരുമാനമോ എടുക്കാമല്ലോ.
ജസ്റ്റീസ് കെ.ടി. തോമസും അദ്ദേഹത്തിന്റെ റോളും
ജസ്റ്റീസ് കെ.ടി. തോമസ് ആരുടേയും പ്രതിനിധിയായല്ല ഉന്നതാധികാര സമിതിയിലുള്ളതെന്നു അദ്ദേഹം തന്നെ പറയുന്നു. സുപ്രീം കോടതി ഏറ്റവും ഒടുവിലായി അദ്ദേഹം കേരളത്തിന്റെ പ്രതിനിധിയാണെന്നു പറയുന്നു. നമ്മുടെ ജലവിഭവ വകുപ്പു മന്ത്രി, ജസ്റ്റീസ് കെ.ടി. തോമസ് കേരളത്തിന്റെ പ്രതിനിധിയാണെന്നു പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിന്റെ വാദങ്ങൾ ഉന്നതാധികാര സമിതിയിൽ ഉന്നയിക്കേണ്ട ചുമതല ആരുടേതാണ്? തത്ക്കാലം സർക്കാർ ലക്ഷങ്ങൾ കൊടുത്തു വാദിപ്പിക്കുന്ന ഒരു വക്കീൽ അതു ചെയ്യുന്നുണ്ട്. പക്ഷേ വക്കീലും അംഗവും വാദിക്കുന്നതു തമ്മിൽ വല്ല വ്യത്യാസവും ഉണ്ടോ എന്നറിയുന്നില്ല.
മുല്ലപ്പെരിയാർ ദുരന്തനിവാരണത്തിനു സർക്കാരിന്റെ കയ്യിൽ പണമില്ല
മുല്ലപ്പെരിയാർ ദുരന്തനിവാരണം സംബന്ധിച്ച് ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിലും അതുപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനു സർക്കാരിന്റെ ദുരന്ത നിവാരണ അഥോറിട്ടിയുടെ പക്കൽ പണമില്ലെന്നു സത്യവാങ്മൂലം നൽകാൻ മുൻകൈ എടുത്ത റവന്യൂ മന്ത്രി. അതിനാൽ കേന്ദ്രത്തിന് 1043 കോടി രൂപയുടെ പദ്ധതി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൈക്കൂലിക്കേസിൽ മന്ത്രി ജാമ്യമെടുത്തു
25,00,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അടൂർ പ്രകാശ് ജാമ്യമെടുത്തു. 40000 രൂപയുടെ ബോണ്ടിലും രണ്ടാളുടെ ജാമ്യത്തിലുമാണ് കോഴിക്കോട് വിജിലൻസ് കോടതിയിൽ നിന്നും മന്ത്രി ജാമ്യമെടുത്തത്.
രണ്ടായിരം ഏക്കർ സ്ഥലത്തെ നെൽകൃഷി നശിക്കുന്നു
ഏനാമാക്കൽ റെഗുലേറ്ററിനു സമീപത്തെ രണ്ടായിരത്തോളം ഏക്കർ നെൽക്കൃഷി കടലിൽ നിന്നും പുളിവെള്ളം കയറി നശിക്കുന്നതായി പരാതി. അനുബന്ധ കനാലിലെ വെള്ളത്തിന്റെ അളവു കുറഞ്ഞതിനാലത്രേ പുളിവെള്ളം കയറിയത്. അധികൃതർ ഡാമിൽ നിന്നും വെള്ളം കൂടുതൽ തുറന്നു വിട്ടത് റെഗുലേറ്ററിലെത്താനുള്ളത്ര ഉണ്ടായിരുന്നുമില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
തൃശ്ശൂർ ജില്ലാ കേരളോത്സവം സമാപിച്ചു
തൃപ്രയാറിൽ വച്ചു നടന്ന തൃശ്ശൂർ ജില്ലാ കേരളോത്സവം സമാപിച്ചു. 107 പോയിന്റോടെ മതിലകം ബ്ലോക്കു പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പും 45 പോയിന്റോടെ ചേർപ്പ് ബ്ലോക്ക് കലാവിഭാഗത്തിൽ ഒന്നാം സ്ഥാനവും 86 പോയിന്റോടെ ഒല്ലൂക്കര ബ്ലോക്ക് കായിക വിഭാഗത്തിലെ ഒന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട നഗരസഭയിലെ രമ്യ ആർ. മേനോൻ കലാതിലകമായും പി.അരുൺ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
പൂലാനി വഴിയിൽ ഗതാഗത നിയന്ത്രണം
മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 19 മുതൽ പൂലാനി വഴി പോകേണ്ട വാഹനങ്ങൾ പുഷ്പഗിരി വഴി അടിച്ചിലിക്കു പോകേണ്ടതാണ്.
ചാലക്കുടി വെള്ളിക്കുളങ്ങര വഴിയിൽ ഗതാഗത നിയന്ത്രണം
ഡിസംബർ 19 നു വെള്ളിക്കുളങ്ങരയിൽ നിന്നും ചാലക്കുടിയിലേക്കു വരുന്ന വാഹനങ്ങൾ വയലാത്ര – കാരാമ്പാടം വഴി കുണ്ടുകുഴിപ്പാടം – കൂർക്കമറ്റം കൂടി മാരാംകോട് പള്ളി ജംഗ്ഷനിൽ വന്ന് പോകണം. ചാലക്കുടിയിൽ നിന്നും വരുന്ന വാഹനങ്ങളും അതേ വഴിയിലൂടെ തന്നെ.
ക്വാറി പ്രവർത്തനം നിരോധിച്ചു
കോടശേരി പഞ്ചായത്ത് അതിർത്തിയിൽ നിയമവിരുദ്ധമായി നടത്തി വന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം മുൻസിഫ് കോടതി നിരോധിച്ചു. ക്വാറിയുടെ 100 മീറ്റർ ചുറ്റളവിൽ വീടുകളും റോഡുകളും ഇല്ലെന്ന കോടശേരി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും, ഗ്രാമപഞ്ചായത് സെക്രട്ടറിയുടെ ലൈസൻസും ശരിയല്ലെന്നു കോടതി കണ്ടെത്തി.
പൂച്ചയ്ക്കു മണി
റിലയൻസ് നായകൻ മുകേഷ് അംബാനിക്കെതിരെ തൃശ്ശൂർ ഉപഭോക്തൃ തർക്ക പരിഹാരഫോറം അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു.
സംസ്ഥാന കേരളോത്സവം കാക്കനാട്ട്
കേരള സംസ്ഥാന കേരളോത്സവം കാക്കാനാട്ടു വച്ച് ഡിസംബർ 27,28,29,30 തീയതികളിൽ നടക്കുന്നു.
കുചേലദിനം
മേലൂർ ആറ്റുപുറം ശ്രീകൃഷ്ണക്ഷേത്രത്തിൽ ബുധനാഴ്ച കുചേലദിനം ആഘോഷിക്കുന്നു. രാത്രി 7നു സന്താനഗോപാലം കഥകളിയുണ്ട്.
മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി
മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി
മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് റ്റൂ സയൻസ് വിദ്യാർത്ഥികളും പ്ലസ് റ്റൂ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളും തമ്മിൽ ബുധനാഴ്ച സ്കൂളിൽ വച്ച് ഏറ്റുമുട്ടി. ഈ സ്കൂൾ അധ്യയന വർഷത്തിൽ ഇവിടെ മൂന്നാമത്തെ ഏറ്റുമുട്ടാലാണു നടന്നതെന്നു പറയപ്പെടുന്നു.
No comments:
Post a Comment