രാക്ഷസൻ
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഒരു കിഴവൻ കിഴക്കുനിന്നൊരു ലഹളപ്രദേശത്തുനിന്ന് ആരും അഭിപ്രായം ചോദിക്കാതെ തന്നെ ഒരു സന്ദേശം എഴുതിക്കൊടുത്തു,
“അധികാരത്തെ സൂക്ഷിക്കുക, അതു നിങ്ങളെ അഴിമതിക്കാരാക്കും.”
കിഴവനു അസാരം ധാർമിക അധികാരം സിദ്ധിച്ചിട്ടുണ്ടായിരുന്നു. അതിന്റെ പേരിൽ അങ്ങേരു ജനാധിപത്യത്തിൽ അന്നേവരെ കേട്ടുകേൾവി ഇല്ലാത്തതും ഇന്നു സർവസാധാരണവുമായ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. “ഇനി ഇവനാണെന്റെ പിൻഗാമി.” അതിനു വേണ്ടി ഐ.സി.എസ് ഉപേക്ഷിച്ച് ദേശസേവനത്തിനിറങ്ങിയ ബംഗാളിയെ നാട്ടിൽ നിന്നും ഓടിച്ചു. സംഘടന മഹാഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത നേതാവിനോടു നിർദ്ദിഷ്ട പിൻഗാമിക്കുവേണ്ടി അധികാരത്തിൽ നിന്നു മാറിനിൽക്കാൻ ആജ്ഞാപിക്കും പോലെ അപേക്ഷിച്ചു. ആ പിൻഗാമിയ്ക്കാണ് കിഴവൻ സന്ദേശിച്ചത്. സത്യം പറയണമല്ലോ, കിഴവൻ പറഞ്ഞതൊന്നും പിന്നിടു പിൻഗാമി അനുസരിച്ചിട്ടില്ലെങ്കിലും പിൻഗാമിയെ സൃഷ്ടിക്കുന്ന ആ പരിപാടി പിൻഗാമിയും അവരുടെ ബ്രാഹ്മണരാജപരമ്പരയും നിരങ്കുശം തുടർന്നുവന്നു.
മഹാത്മാഗാന്ധിജി ഇന്ത്യാ സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉതിർക്കുകയും നിരാഹാരം അനുഷ്ടിക്കുകയും ചെയ്തു. അതിനു തൊട്ടു മുമ്പ് തന്റെ എളിമയാർന്ന അഹം ബോധത്തെ തച്ചു തകർക്കും വിധത്തിൽ അദ്ദേഹം നിരന്തരമായി കോൺഗ്രസ്സ് നേതാക്കളാൽ അവഗണിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്തു. ബീഹാറിൽ കോൺഗ്രസ്സ് നേരിട്ട് മുസ്ലീങ്ങൾക്കെതിരെ ലഹളയ്ക്ക് നേതൃത്വം നൽകിയിരുന്നു. ലഹള നിയന്ത്രിക്കാൻ ഗാന്ധിജി ബീഹാറിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷ അപകടപ്പെടുത്തും വിധം മഹാത്മാഗാന്ധീ കീ ജയ് വിളിച്ചാണ് കോൺഗ്രസ്സ് കാപാലികർ (ക്ഷമിക്കണം, കാപാലികർ തെറ്റിദ്ധരിക്കപ്പെട്ട ഒരു ശൈവമതാനുയായികളായിരുന്നു. അവരാണു കൂട്ടമായി കൊല്ലപ്പെട്ടിട്ടുള്ളത്.) മുസ്ലീങ്ങളെ കൊന്നതെന്നു ഗാന്ധിജി തന്നെ പറയുന്നു. അന്നേ അദ്ദേഹം കൊല്ലപ്പെടുമായിരുന്നു. ബംഗാളിൽ ഹിന്ദുക്കളും മുസ്ലീങ്ങളും അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പാക്കിസ്ഥാനുമായുള്ള കരാർ നിബന്ധനകൾ പാലിക്കാൻ ആവശ്യപ്പെട്ട് സാന്ധിജി നടത്തിയ നിരാഹാരം കോൺഗ്രസ്സിലും സർക്കാരിലും തീവ്രവാദ ഹിന്ദു സംഘടനകൾക്കിടയിലും അദ്ദേഹത്തോടു കഠിനമായ എതിർപ്പ് സൃഷ്ടിച്ചിരുന്നു. ആയിടക്ക് ചിലർ അദ്ദേഹത്തെ കുറിച്ച് ചില ലൈംഗീക ആരോപണങ്ങളും ഉന്നയിച്ചു. ഡൽഹിയിൽ തിരിച്ചെത്തിയശേഷം ബിർള ഹൌസിൽ താമസിക്കവേ അദ്ദേഹത്തിന്റെ പ്രാർഥനായോഗസ്ഥലത്തിനടുത്ത് വച്ച് ബോംബ് സ്ഫോടനങ്ങളും നടന്നു. ഇത്ര ഗുരുതരമായ സംഭവങ്ങൾ ഉണ്ടായിട്ടും ഭാരതസർക്കാർ പ്രഖ്യാപിത രാഷ്ട്രപിതാവിന്റെ സുരക്ഷയ്ക്കുവേണ്ടി ക്രിയാത്മകമായി യാതൊന്നും ചെയ്തില്ല. അത്രയുമായപ്പോളേക്കും. ഗാന്ധിജിയുടെ ക്ഷമ നശിച്ചിരുന്നു. നിലവുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പിരിച്ചു വിട്ട് ഒരു ലോക് സേവാ സംഘം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും ആ സംഘടനയുടെ കരട് നിയമാവലി തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ ഏർപ്പാടു ചെയ്തുകൊണ്ടും അദ്ദേഹം പ്രതികരിച്ചു. ആ രേഖ ഇപ്പോളും മഹാത്മാഗാന്ധിയുടെ മരണ പത്രം എന്നു അറിയപ്പെടുന്നു. രേഖ പ്രസീദ്ധീകരിച്ചു വരും മുമ്പു തന്നെ ഗാന്ധിജി കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു.
കേന്ദ്രസർക്കാരിനെതിരെ ആദ്യമായി അഴിമതി സംബന്ധമായി മുന്നറിയിപ്പു കൊടുത്ത ഗാന്ധിജി മരണത്തിനു തൊട്ടു മുമ്പ് ഒരു ലോക് സേവാ സംഘത്തെക്കുറിച്ചാണു പറഞ്ഞതെന്നോർമ്മിക്കുമ്പോൾ അഴിമതിയും ലോക്പാലും വിഷയമായ അന്നാ ഹസാരെ മനസ്സിലോടിയെത്തുന്നു. അതുവരെ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഗാന്ധിക്കെതിരേ അഴിമതിയെ കുറിച്ചു പറഞ്ഞപ്പോൾ മാത്രം ലൈംഗീക ആരോപണം ഉന്നയിക്കപ്പെട്ടതും പ്രസക്തമത്രേ. അന്നു ഗാന്ധിജിയെ തുറന്ന് അനുകൂലിക്കാൻ നേതാക്കൾ കുറവായിരുന്നു. ഗാന്ധി ആ വിഷയം ഒരു തുറന്ന ചർച്ചയാക്കാനുദ്ദേശിച്ചപ്പോളാണ് അതു കെട്ടടങ്ങിയത്. ഇന്നാകട്ടെ അന്നാ ഹസാരെയ്ക്കെതിരെ ജനാധിപത്യ വിധ്വംസനവും അഴിമതിയും മറ്റും ഉയർന്നു വരുന്നു. അന്നാ ഹസാരേ ടീമിലെ പ്രധാന അംഗങ്ങളിൽ ഇപ്പോളും അദ്ദേഹത്തിനൊപ്പം തുടരുന്നവർക്കെതിരേ അഴിമതിയും അന്വേഷണവും നോട്ടീസുകളും വന്നുകൊണ്ടേ ഇരിക്കുന്നു. ചിലരെ ശാരീരികമായി കൈകാര്യം ചെയ്യുകയും ചെയ്തു.
തുടർച്ചയായ നിരാഹാരങ്ങളിലൂടെ അന്നാ ഹസാരേയുടെ ആരോഗ്യം ക്ഷയിച്ചില്ലെങ്കിൽ ഗാന്ധിജിക്കു സംഭവിച്ചപോലെ ഒരു ദുരന്തം ഹസാരെയേയും കാത്തിരിക്കുന്നുണ്ടാവാം. അപ്പോളും, ഒരു വിളക്കണഞ്ഞു എന്നു പ്രസംഗിക്കാൻ ആളു കണ്ടേക്കും. ഗാന്ധിജിയുടെ പാഠം ഉൾക്കൊള്ളുന്ന കാര്യത്തിൽ അന്നാ ഹസാരേയ്ക്കു തെറ്റുപറ്റിപ്പോയി. പക്ഷേ അദ്ദേഹം ദീർഘായുഷ്മാനായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. സർക്കാർ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും മതിയായ സുരക്ഷ ഒരുക്കേണ്ടതുണ്ട്.
No comments:
Post a Comment