വിദേശങ്ങളിൽ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരുടെ പേരുവിവരം വെളിപ്പെടുത്താനാകില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ വ്യവസായത്തെ കള്ളപ്പണക്കാരുടെ പേരു പരസ്യപ്പെടുത്തുന്നത് പ്രതികൂലമായി ബാധിക്കുമത്രേ. പേരുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിൽ പാർലമെന്റ് അംഗങ്ങൾ തീർത്തും ഇല്ലെന്നു സ്പഷ്ടമാക്കിയിട്ടുമുണ്ട്. എന്തായാലും ഇന്ത്യൻ വ്യവസായം കള്ളപ്പണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നു അദ്ദേഹം സമ്മതിച്ചല്ലോ. ആ വ്യവസായം അല്പം പോലും വളർച്ച ഇല്ലാതെയാണു നിൽക്കുന്നതെന്നും അദ്ദേഹത്തിനറിയാം. സത്യസന്ധമായി വ്യാപാരം നടത്തുന്നവർക്കു കൂടി ഒരവസരം കൊടുക്കാൻ വല്ല വഴിയും ഉണ്ടോ എന്നു ഇനി വരുന്ന ധനകാര്യ മന്ത്രിയെങ്കിലും ചിന്തിച്ചാൽ നന്ന്.
നമ്മെ അലോസരപ്പെടുത്തേണ്ട വസ്തുത മറ്റൊന്നാണ്. പ്രതിയുടെ പേരു വെളിപ്പെടുത്താത്ത ഒരു കേസ്സും ഇന്ത്യയിൽ നിലനിൽക്കുകയില്ല. അതുകൊണ്ട് കള്ളപ്പണക്കാർക്കെതിരേ ഈ സർക്കാർ എന്തുകൊണ്ടു നടപടികൾ സ്വീകരിച്ചില്ല എന്നു ഇനി ആരും ചോദിക്കാൻ പോകുന്നില്ല. പേരു പ്രസിദ്ധപ്പെടുത്താനാകാത്തതുകൊണ്ട് കേസ്സും എടുത്തില്ല, അത്രതന്നെ.
No comments:
Post a Comment