അമീബ
ഒരു ബഹിരാകാശവീക്ഷണത്തിൽ കരയിൽ എന്താണു കാണുക? സർവമംഗലയാം ഭൂമി തന്റെ പച്ചപ്പട്ടാംബരത്തിൽ പൊതിയപ്പെട്ടു നിൽക്കുന്ന മനോഹാരിതയല്ലാതെ! ഇനി ഒന്നു സൂം ചെയ്താലോ? ഈ മനോഹാരിതയ്ക്കു കാര്യമായ ഉടവു തട്ടുന്നതു കാണാം. അതങ്ങനെയാണ്, സത്യം അത്യന്തം അവിശ്വസനീയവുമാണ്.
സരതുസ്ത്ര മരുഭൂമികളേയും വിളവില്ലാത്ത സ്ഥലങ്ങളേയും തിന്മയുടെ മൂർത്തീഭാവങ്ങളായാണ് കാണുന്നത്. അവയങ്ങനെ പെരുകി വരുന്നതാണ് ആദ്യ ദൃശ്യം. പിന്നെ കോൺക്രീറ്റ് കാടുകളായി. കരയുടെ അഞ്ചു ശതമാനമെങ്കിലും വരുന്ന റോഡുകളും പാലങ്ങളും അടുത്തതായി. ഉപേക്ഷിക്കപ്പെട്ട് മലിനത തള്ളാൻ വിധിക്കപ്പെട്ട പഴയ കൃഷിയിടങ്ങളും തകർക്കപ്പെട്ട കണ്ടൽ കാടുകളും. ആമസോണൈന്റെ ചില ഭാഗങ്ങളടക്കം വറ്റിവരണ്ട നദികളും ജലാശയങ്ങളും. അവിടെയിവിടെയായി ചില വനങ്ങൾ. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ അവയിൽ മിക്കതും പ്ലാന്റേഷനുകൾ ആണെന്നു കാണാം. കാടു പ്ലാന്റു ചെയ്യുന്നതാണ് പുതിയ ഫാഷൻ. ഒടുവിലായി കൃഷി ചെയ്യുന്ന വയലുകളും താമസ സ്ഥലങ്ങളോടു ചേർന്ന പച്ചപ്പുകളും.
അനേകം പുകതുപ്പുന്ന കുഴലുകൾ കാണുന്നത് ഫാക്ടറികളാണ്. അവയ്ക്കു ചുറ്റും മലിനമായ വസ്തുക്കൾ ചിതറിക്കിടക്കുന്നു. ചുറ്റുപാടുമുള്ള മരങ്ങളുടെ നിറം പോലും മാറിയിരിക്കുന്നു. വെള്ളത്തിനും മഞ്ഞകലർന്ന ചുവപ്പുനിറം കാണാം.
മണ്ണിൽ മാരകമായ കീടനാശിനികൾ. അളവില്ലാതെ രാസവളങ്ങൾ. പ്ലാസ്റ്റിക്കും പാറക്കഷണങ്ങളും തുണിയും ഗ്ലാസ്സും ലോഹഭാഗങ്ങളും എങ്ങും ചിതറിക്കിടക്കുന്നു. പലയിടത്തും ജീനിൽ വ്യതിയാനം വരുത്തിയ കൃത്രിമ വിളകൾ. ആർസനിക്കും മെർക്കുറിയും ഡി.ഡി.റ്റി.യും മണക്കുന്ന മണ്ണിനു പശിമയോ ജീവനോ ഇല്ല.
മറ്റു ജീവജാലങ്ങൾക്കില്ലാത്ത ഒരു കഴിവു മനുഷ്യർക്കുണ്ടെന്നു ഞങ്ങൾ അവകാശപ്പെടുന്നു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാനുള്ള കഴിവാണത്. ഉപഭോഗത്തിന്റെയും വികസനത്തിന്റേയും കാര്യത്തിൽ ഞങ്ങൾക്ക് ആ കഴിവു നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, മറ്റൊന്നും പറയാനില്ല.
ക്ഷമസ്വ മേ പൃഥ്വീ.
No comments:
Post a Comment