മുല്ലപ്പെരിയാർ പ്രശ്നത്തിൽ മനുഷ്യത്വപരമായ നിലപാടാണോ ശാസ്ത്രീയ നിലപാടാണോ കേരളം സ്വീകരിക്കേണ്ടത്? ജോർജ്ജ്
പ്രിയ ജോർജ്ജ്,
ഡാം എപ്രകാരം നിർമ്മിക്കണമെന്നോ, നിർമ്മിച്ചതു പൊളിക്കണമെന്നോ അതിലെ എഞ്ചിനീയറിങ് ചരങ്ങൾ എന്തെന്നോ ഒരിക്കലും ശാസ്ത്രീയമല്ലാത്ത യാതൊരു നിലപാടുകളും എടുക്കുന്നത് ഗുണകരമല്ല. മതിയായതും കൃത്യതയുള്ളതുമായ ശാസ്ത്രീയ പഠനങ്ങളുടെ അഭാവം ഈ വിഷയത്തിൽ ഉണ്ടെന്നു തന്നെയാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്. പഠിക്കാനേല്പിച്ച സ്ഥാപനമോ വ്യക്തിയോ ഇപ്രകാരം അഭിപ്രായപ്പെട്ടു എന്നെല്ലാമല്ലാതെ അതിന്റെ ശാസ്ത്രീയ കാരണങ്ങളും നിഗമനങ്ങളും നിഗമനങ്ങളിൽ തെറ്റുവരാനുള്ള ശതമാനസാധ്യതയുമൊന്നും പരസ്യമല്ല. സർക്കാരുകൾ ഇവയെ അമിതമായവിധം വൈകാരികമായി സമീപിക്കുന്നതായി കാണുന്നത്. ജനകീയ അഭിപ്രായ രൂപീകരണത്തിനായാണവർ ശ്രമിക്കുന്നതെന്നു തോന്നുന്നു. ശാസ്ത്രീയ പഠനങ്ങളെ വിലയിരുത്തുന്നതിലും ഒരു ശാസ്ത്രീയ സമീപനം കാണുന്നതായി തോന്നുന്നില്ല.
ഡാമിന്റെ നിലനില്പിന്റെ പ്രശ്നങ്ങൾ കഴിഞ്ഞാൽ അതിന്റെ പ്രയോജനവും പ്രയോജനത്തിന്റെ വിതരണവും മനുഷ്യത്വപരമായി തന്നെ സമീപിക്കേണ്ടതുണ്ട്. പക്ഷേ ഇക്കാര്യത്തിൽ രണ്ടു പക്ഷമുണ്ടെന്നു തോന്നുന്നില്ല. നിലവിലുള്ള സ്ഥിതി തുടർന്നാലും പുതിയ ഡാം വന്നാലും വെള്ളം തമിഴ്നാടിനു തന്നെ എന്നു ഇരു ഗവണ്മെന്റുകളും സമ്മതിച്ചു കഴിഞ്ഞതായാണു പത്രവാർത്തകളിൽ നിന്നും മനസ്സിലാവുന്നത്. സകലരും മറന്നു പോകുന്ന വസ്തുത കേരളത്തിലെ പശ്ചിമഘട്ട പർവതനിരകളിൽ ആവശ്യത്തിനു ഹരിതാവരണമോ വൃഷ്ടിപാതമോ ജലം പിടിച്ചു നിറുത്താനുള്ള ശേഷിയോ ഇല്ലെന്നതാണ്. തമിഴ്നാടിനേപ്പോലെ തന്നെ കേരളവും ജലദൌർലഭ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഡാമുകളേക്കാൾ ജലലഭ്യതയാണു പ്രധാനമെന്നത് മറക്കരുത്. മുമ്പും ഇപ്പോളും മലയാളക്കരയിലെ നേതാക്കന്മാർ കേരളത്തിന്റെ ജലം ഭാവിതലമുറയെക്കുറിച്ച് ആലോചനാലേശവുമില്ലാതെ നിയമങ്ങളും കരാറുകളും നടപ്പാക്കി വിറ്റതും ഇന്നത്തെ പ്രതിസന്ധിക്കു വലിയൊരളവിൽ കാരണമാണ്.
ഏതൊരു എഞ്ചിനീയറിങ് സംരംഭത്തിന്റേയും ഗുണഫലങ്ങൾ അനുഭവിക്കുന്നത് ഒരു വിഭാഗവും ദോഷഫലങ്ങൾ അനുഭവിക്കുന്നത് മറ്റൊരു ജനവിഭാഗവും ആകുന്നത് അനീതിയാണ്. വെറും ശാസ്ത്രീയമോ മനുഷ്യത്വപരമോ ആയ ഒരു സമീപനം കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകില്ല, ശക്തമായ രാഷ്ട്രീയ നടപടികളാണു ഇതിനാവശ്യം. തമിഴ്നാടു അതു തിരിച്ചറിഞ്ഞു. കേരളം അതിനി എന്നറിയും.
കാവേരി ട്രൈബ്യൂണൽ വിധി പ്രകാരം അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ടിനു വേണ്ടി കേരളത്തിനു അനുവധിച്ച ജലം ഇപ്പോളും തമിഴ്നാടിനു നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആ അട്ടപ്പാടി പ്രോജക്ട് പൂട്ടിക്കെട്ടി ആദിവാസി ഉന്നമനത്തിനുവേണ്ടി അതിന്റെ അക്വയർ ചെയ്ത ഭൂമിയടക്കമുള്ള സകല ആസ്തികളും അട്ടപ്പാടി ട്രൈബൽ ഡവലപ്മെന്റ് പ്രോജക്ടിനു കൈമാറാൻ 2006ൽ ജലസേചനവകുപ്പുമായി ആലോചിക്കാതെ ഉത്തരവിട്ട മുഖ്യമന്ത്രിയാണു ഇപ്പോളും ഭരിച്ചുകൊണ്ടിരിക്കുന്നത്. ആ ഉത്തരവ് ഇതുവരെ റദ്ദ് ചെയ്തതായി അറിയില്ല. ആ ഉത്തരവു ഇതുവരെ നടപ്പാക്കിയതായും അറിയില്ല. മുമ്പു പ്രഖ്യാപനങ്ങൾക്കായിരുന്നു ഈ ദുർവിധി. ഇപ്പോൾ സർക്കാർ ഉത്തരവുകളും ഏട്ടിലെ പശു തന്നെ. തീരുമാനങ്ങൾക്കൊപ്പം അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ആവശ്യമുണ്ട്.
നാമിപ്പോളും ഹർത്താൽ നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ്. ഇടമലയാർ ഹർത്താൽ പ്രമാണിച്ച് മഹാത്മാഗാന്ധി സർവകലാശാല നവംബർ 28 തിങ്കളാഴ്ച നടത്താനിരുന്ന സകല പരീക്ഷകളും മാറ്റിവച്ചിട്ടുമുണ്ട്.
No comments:
Post a Comment