മുല്ലപ്പെരിയാർ ഡാം തകർന്നാൽ തിരുവനന്തപുരത്തെ ബാധിക്കുമോ? രാക്ഷസൻ
രാഷ്ട്രങ്ങളെ നിലനിറുത്തുന്നത് തലസ്ഥാനമാണ്. പണ്ട് ടിപ്പുവിന്റെ ആക്രമണകാലത്ത് തിരുവിതാംകൂറിനേയും തിരുവനന്തപുരത്തേയും രക്ഷിച്ചത് പെറിയാറിലെ ഒരു അണ പൊട്ടിയൊഴുകിയതാണ്. അതു പൊട്ടിയതല്ല കുഞ്ചൈക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ പൊട്ടിച്ചതാണെന്നു സി.വി. രാമൻപിള്ള പറയുന്നു. അതുകൊണ്ട് ഇപ്പോളും പെരിയാറിലെ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ തമിഴ്നാടിന്റെ നിരന്തരമായ ആക്രമണത്തിൽ നിന്നും തിരുവനന്തപുരം രക്ഷപ്പെടുമെന്നു ചിലരെല്ലാം പ്രതീക്ഷിക്കുന്നതിൽ തെറ്റു പറയുകയില്ല. അല്ലെങ്കിലും പൊന്നു തമ്പുരാന്റേയും ബ്രിട്ടീഷ് സർക്കാരിന്റേയും എഞ്ചിനീയർമാർ ഇല്ലാത്ത കാശുണ്ടാക്കി കെട്ടിയ പാലവും ഡാമുമൊക്കെ നൂറ്റാണ്ടുകൾ നിലനിൽക്കാനായിരുന്നു എന്ന ബോധ്യം ആർക്കും കൈമോശം വന്നിട്ടുമില്ല. പക്ഷെ പിന്നെ വന്ന ചിലരെല്ലാം ബലപ്പെടുത്താനെന്ന മട്ടിൽ അതിൽ കൈവച്ചത് ഒരു ചെറിയ പ്രതീക്ഷ നൽകുന്നു.
നമ്മുടെ എഞ്ചിനീയറിംഗ് വിഭാഗത്തിനു ആവശ്യത്തിനു വൈദഗ്ദ്ധ്യം ഉണ്ടെന്നു നമ്മുടെ നേതാക്കന്മാർക്കു സമ്മതിച്ചു കൊടുക്കാൻ മടിയുള്ളതുകൊണ്ട് പഠനവും ഗവേഷണവുമെല്ലാം പുറത്തുള്ളവർ നടത്തും. ഗവേഷണകേന്ദ്രങ്ങൾ ഇവിടെ ഇല്ലാത്തതുകൊണ്ടല്ല, പക്ഷേ ശമ്പളം എത്ര കോടി വേണമെങ്കിലും കൊടുക്കാം, ഗവേഷണ പദ്ധതികൾക്കും അടിസ്ഥാനസൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒന്നും കൊടുത്തുപോകരുത്. അവർ വല്ല വിവരക്കേടും കാട്ടിയാൽ സംസ്ഥാനത്തിന്റെ പേരാണു മോശമാകുന്നത്. അല്ലെങ്കിൽ തന്നെ ഡാമുകൾ അവിടെയും ഇവിടെയും തകരുന്നുണ്ട്. പഴശ്ശിയും ഒരു റെഗുലേറ്റർ കം ബ്രിഡ്ജും പൊട്ടിയത് അടുത്തിടെയാണ്. ചിമ്മിനിയിൽ ഡാമിനകം ഏറെ പൊള്ളയാണെന്നു തെളിഞ്ഞു. അവിടം തകർന്നു പോയാൽ താഴെ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയുകയില്ല. അതിന്റെ മേലേ പഠനവും മറു പഠനവും നടത്തിയാൽ ഉള്ള വോട്ടുകൂടി പോകും. മുല്ലപ്പെരിയാറാണെങ്കിൽ പ്രതി നമ്മളല്ല തമിഴ്നാടു ജനത ഒറ്റക്കെട്ടായാണ്.
ഇനി മുല്ലപ്പെരിയാറിനു മുമ്പേ നമ്മുടെ മറ്റേതെങ്കിലും ഡാമാണു തകരുന്നതെങ്കിലോ? തിരുവനന്തപുരം എങ്ങനെ രക്ഷപ്പെടും? രാക്ഷസനു പേടിയാകുന്നതുകൊണ്ട് മറ്റൊന്നും കൂടുതൽ പറയുന്നില്ല.
No comments:
Post a Comment