അർഥാനാമാർജനേ ദുഃഖം ആപിശലി
നീതിസാരമെന്നൊരു കിതാബ് പഴയ കാരണവന്മാരെല്ലാം മനപ്രയാസമാക്കിയിരുന്നു. അതു ഓർമ കൂട്ടുമത്രേ. അത്യാവശ്യത്തിനു ജീവിതത്തിൽ മാർഗോപദേശവും നൽകും. പക്ഷേ അതൊരു സമാഹാരമാണ്. ആരാണ് ഇനി പറയാൻ പോകുന്ന വരികളെഴുതിയതെന്നു ആപിശലിക്കറിയില്ല. അറിഞ്ഞിട്ടും വലിയ ഗുണമൊന്നും ഇക്കാലത്തില്ലല്ലോ.
അർഥാനാമാർജനേ ദുഃഖം
ആർജിതാനാം തു രക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അർഥഃ കിം ദുഃഖഭാജനം?
അർഥാനാമാർജനേ ദുഃഖം എന്നതു തന്നെയാണിവിടെ ആപിശലിയുടെ പ്രശ്നം. ഈ ശ്ലോകത്തിനു ഒന്നിലധികം അർഥം കണ്ടെത്തുന്നതിൽ വലിയ പ്രയാസമാണെന്നു സാരം. ആർജിതാനാം തു രക്ഷണേ എന്നാൽ ഇനി വല്ല അർഥവും കണ്ടെത്തിയാൽ തന്നെ അതു നിങ്ങളോടൊക്കെ പറയുമ്പോൾ സ്വവാദം രക്ഷിക്കുന്നതിനു വേണ്ടി വരുന്ന പരിശ്രമവും ദുഃഖം തന്നെ ഉണ്ടാക്കുന്നു. ആയേ ദുഃഖം എന്നാൽ അങ്ങനെയൊരു അർഥം കിട്ടിയാൽ അതിനത്ര കട്ടി പോരല്ലോ എന്ന ദുഃഖം. ഇനി കിട്ടാതെ വന്നാൽ വ്യയേ ദുഃഖം. അങ്ങനെ നോക്കുമ്പോൾ അർഥം ദുഃഖം തന്നെയേ വരുത്തൂ. അർഥം ദുഃഖമാണുണ്ണീ എന്നു പ്രയാസപ്പെട്ടു സംസ്കൃതത്തിൽ പറയുന്നതാണ് അർഥഃ കിം ദുഃഖഭാജനം? എന്ന വരി.
ഇത്ര കഷ്ടപ്പെട്ട് ഇതെഴുതി വന്നപ്പോൽ ഒരു ശപ്പൻ പറയുകയാണ്, അർഥമെന്നാൽ സമ്പത്ത്, മണി എന്നെല്ലാമാണ് അർഥമെന്ന്. വിഡ്ഢ്യാൻ വല്ല ഷെയറിലോ കടപ്പത്രത്തിലോ വല്ല അർഥവും നിക്ഷേപിച്ചു കാണും.
No comments:
Post a Comment