ചലനമറ്റ വായു - അമീബ
അന്തരീക്ഷത്തിലെ വായുവിന്റെ ചലനം കുറഞ്ഞു കുറഞ്ഞു വരുന്നു എന്നു അമീബയല്ല മറ്റേതു അജ്ഞാനി പറഞ്ഞാലും ആരും സമ്മതിയ്ക്കുകയില്ല. ഭൂകമ്പങ്ങളും സുനാമിയും പോലെ സുന്ദരിമാരുടെ പേരുകളുള്ള അനേകം ചുഴലിക്കാറ്റുകളും വീശിക്കൊണ്ടിരിക്കുന്നതായി നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. അന്തരീക്ഷപ്രവഹത്തിലെ അപ്രതീക്ഷിത വ്യതിയാനങ്ങളാൽ റോക്കറ്റുകൾ തകർന്നു വീഴുന്നു. ഒറീസ്സാ തീരങ്ങളിലെ വിസ്ഫോടനാത്മകതയും മൺസൂണിന്റെ ഭീകരസൌന്ദര്യവും അറിയുന്ന നമുക്കു അമീബയുടെ ഈ അഭിപ്രായം ഭ്രാന്തെന്നേ തോന്നാനിടയുള്ളൂ.
ആശങ്കാജനകമാം വിധമുള്ള വനനശീകരണത്തിലേക്കാണ് അമീബ വിരൽ ചൂണ്ടുന്നത്. ഭൂമിലിലെ മൊത്തം കരയിൽ മൂന്നിലൊന്നെങ്കിലും മനുഷ്യൻ പ്രവേശിക്കാത്ത കൊടും വനങ്ങളായി സംരക്ഷിക്കാത്ത പക്ഷം നിലവിലുള്ള സംസ്കാരവും മാനവ ഉപഭോക്തൃ ത്വരയും അധികനാൾ നിലനിറുത്താനാകുകയില്ല എന്ന കാര്യം മറക്കുമ്പോൾ വരും തലമുറകളെ നാം ദുരിതത്തിലേക്കു തള്ളിവിടുകയാണ്. തളരുമ്പോൾ ഒന്നിരിക്കാൻ ഒരു തുണ്ടു പാറപോലും അവർക്കുണ്ടാകാനിടയില്ല.
സസ്യങ്ങൾ കാറ്റിലാടുക മാത്രമല്ല, വായൂപ്രവാഹം സൃഷ്ടിക്കുകകൂടിയാണ് ചെയ്യുന്നത്. ഒരു ചെടി വളരുമ്പോൾ അതു വായുവിനെക്കൂടി ഉയർത്തുന്നു. നിരന്തരമായി കാർബൺ ഡൈ ഓക്സൈഡിനെ സ്വീകരിച്ച് ഓക്സിജനെ പുറം തള്ളി നിരന്തരമായ വായൂപ്രവാഹം നിലനിറുത്തുന്നു. ഇലകൾ വെയിലിലും ഊഷരതയിലും കുളുർമയിലും വ്യത്യസ്തമായി ചലിക്കുന്നു. ഒരിലയുടെ വായൂപ്രവാഹസൃഷ്ടി അത്ര ചെറുതൊന്നുമല്ല. അങ്ങനെയിരിക്കേ ഓരോ സസ്യവും കോടാനുകോടി സസ്യജാലങ്ങളും സൃഷ്ടിക്കുന്ന വായൂപ്രവാഹം എത്ര വലുതായിരിക്കും. മാത്രമല്ല വല്ലപ്പോളും വരുന്ന നാശകാരണമായ കൊടുങ്കാറ്റുകളല്ല, നിരന്ദരം മന്ദമാരുതനെ നിലനിറുത്തുന്ന സസ്യജന്യ വായൂപ്രവാഹമാണു ജീവനെ നിലനിറുത്തുന്നത്.
വനനശീകരണം ഈ പ്രാണപ്രവാഹത്തെയാണ് കൊന്നു തീർക്കുന്നത്. ലോകമാകെ ആധുനികത സൃഷ്ടിച്ച കോൺക്രീറ്റു വനങ്ങൾ ദുർബ്ബലമായ ഈ പ്രവാഹത്തേക്കൂടി തടഞ്ഞു നിറുത്തുന്നു. അതുകൊണ്ടാണു അമീബ പറയുന്നത്. ചലനമറ്റുകൊണ്ടിരിക്കുന്ന വായുവാണു നമുക്കു ചുറ്റുമുള്ളത്. താങ്കൾ വിയോജിക്കുമെന്ന് അമീബയ്ക്കറിയാം, എങ്കിലും പറയാതിരിക്കാനാകില്ല.
No comments:
Post a Comment