ട്രയൽ റൺ ആരംഭിക്കുന്നു.
മേലൂർ ന്യൂസിന്റെ ഔദ്യോഗികമായ ആരംഭത്തിനു മുമ്പു രണ്ടായിരം ഹിറ്റുകളെങ്കിലും നേടണമെന്ന ലക്ഷ്യമാണുള്ളത്. അതിന്റെ ഭാഗമായി മേലൂർ ന്യൂസിന്റെ ഏതാനും ട്രയൽ റണ്ണുകൾ നടത്താമെന്നു വിചാരിക്കുന്നു. ഓരോ അഭ്യുദയകാംക്ഷിയും മേലൂർന്യൂസ് വായിച്ചാൽ മാത്രം പോരാ, തന്റെ സുഹൃത്തുക്കൾക്ക് അതിന്റെ ഒരു ലിങ്ക് ഷെയർ ചെയ്യുകകൂടി വേണം.നാം ഉദ്ദേശിച്ചത്ര വളണ്ടിയർമാരെ ഇനിയും കിട്ടിക്കഴിഞ്ഞിട്ടില്ല. പലരും തങ്ങളുടെ കോളങ്ങളേയും റിപ്പോർട്ടിംഗിനേയും കുറിച്ച് ആശയങ്ങൾ രൂപപ്പെടുത്തി വരുന്നതേയുള്ളൂ. വാർത്താ റിപ്പോർട്ടുകൾ എന്തായാലും ഔദ്യോഗിക ആരംഭത്തോടെ മതിയെന്നാണു നിർദ്ദേശം നൽകിയിട്ടുള്ളത്.
അവകാശവാദങ്ങളൊന്നും ഈ വാർത്താപത്രികക്ക് മുന്നോട്ടു വയ്ക്കാനില്ല. ആവിഷ്കാര സ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലേയ്ക്കാണു നാം പോയ്ക്കൊണ്ടിരിക്കുന്നത് എന്നേ ആനുകാലിക സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്കു പറയാനാകൂ. ഓൺലൈൻ സർവീസ് ദാദാക്കളും പരസ്യവിപണിയും ചേർന്ന ഒരു വല രാഷ്ട്രീയ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. മൊബൈൽഫോൺ ഇല്ലാത്തവർക്കു ബ്രൌസ് ചെയ്യാനാവാത്ത കാലത്തിലേക്കു നാം ചെന്നെത്തിക്കൂടായ്കയില്ല.
ധൈഷണിക സങ്കീർണതകളോടു സാക്ഷരത പുലർത്തുന്നവനേ ആ സേവനം ഉപയോഗപ്പെടുത്താനാകൂ എന്നു വരുന്നത് എന്തൊക്കെയായാലും ജനകീയമല്ല. ജനകീയമായ സകല പ്രക്രിയകളുടേയും അടിസ്ഥാന മാനകം സോക്രട്ടീസിന്റെ കാലം മുതലെങ്കിലും സ്വാതന്ത്ര്യം തന്നെയാണെന്നു സർവസമ്മതിയുണ്ട്. ലോകത്തിലേ മൂന്നിൽ രണ്ടുഭാഗത്തോളമെങ്കിലും ജനാധിപത്യ രാഷ്ട്രങ്ങളാണെന്നു സ്വയം അവകാശപ്പെടുന്നവയാണ്. അവ സ്വന്തം ജനങ്ങൾക്കു നൽകുന്ന സ്വാതന്ത്ര്യം ഏറിയോ കുറഞ്ഞോ നിയന്ത്രിതം തന്നെയാണ്. സ്വാതന്ത്ര്യത്തെ നിരന്തരം പുനർനിർവചിച്ച് അതിനെ അപ്രസക്തമാക്കുന്ന വിപണിതന്ത്രത്തെയും നാം കരുതിയിരിക്കേണ്ടതുണ്ട്.
No comments:
Post a Comment