ആകാശം കീഴടക്കപ്പെടുന്നു
അമീബ
കോടിക്കണക്കിനു വർഷം ആരുടേതുമല്ലാതെയോ സകലരുടേതുമായോ സങ്കല്പിക്കപ്പെട്ട ആകാശത്തിനു മേലേ ആദ്യം കുത്തക സ്ഥാപിച്ചത് നവീനരാഷ്ട്രങ്ങൾ തന്നെയായിരുന്നു. യുദ്ധകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് രാജ്യസുരക്ഷയെന്ന പേരിൽ അന്യരാഷ്ട്രവിമാനങ്ങളെ നിരോധിക്കുകയായിരുന്നു ആദ്യപടി. പിന്നീട് തീവ്രവാദത്തിന്റെ പേരിൽ അകവും പുറവും നോക്കാതെ സകലത്തിലും നിയന്ത്രണം വന്നു. വ്യോമാകാശ നിയന്ത്രങ്ങൾ സാധിതമായ ശേഷം വൻ രാഷ്ട്രങ്ങൾ ബഹിരാകാശം ലക്ഷ്യം വച്ചു. ഇന്നു തകർന്നു തരിപ്പണമായ റഷ്യയുടെ നേതൃത്വത്തിലുള്ള ആ മുന്നേറ്റം ഒരു വെല്ലുവിളിപോലെ അമേരിക്കൻ ഐക്യനാടുകൾ തുടർന്നു വന്നു. ഒരു ഘട്ടത്തിൽ നക്ഷത്രയുദ്ധങ്ങൾ വരെ വിഭാവനം ചെയ്ത് വൻ ഫണ്ടുകൾ വകയിരുത്തി.
അന്തരാഷ്ട്രീയ വിനിമയ മാധ്യമമെന്ന നിലയിൽ മറ്റു രാഷ്ട്രങ്ങൾ ഡോളർ വാങ്ങിക്കൂട്ടിയപ്പോൾ യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും കടബാധ്യതയുള്ള രാജ്യമായാണു തീർന്നതെങ്കിലും ഒഴുകി വന്നുകൊണ്ടിരുന്ന ഫണ്ട് സ്വന്തം വരുമാനമെന്നമട്ടിൽ ഇന്ത്യയടക്കമുള്ള മറ്റേതു രാജ്യത്തേയും പോലെ ഐക്യനാടുകളും കൈകാര്യം ചെയ്തു. അലാസ്കയിലെ സ്വർണ്ണഖനികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് അമേരിക്കൻ കമ്പനികൾ കുഴിച്ചെടുക്കുന്ന എണ്ണയും ആയുധവ്യവസായത്തിലെ കുത്തകയും രണ്ടാം ലോകമഹായുദ്ധകാലത്തെ തുടർന്ന് വിജയിയായ ഏറ്റവും വിസ്തൃതിയുള്ള ജനാധിപത്യരാജ്യമായ അമേരിക്കൻ ഐക്യനാടുകളിലേക്കു അന്യരാജ്യങ്ങളിൽ നിന്നുള്ള ധിഷണാശാലികളുടെ തുടർച്ചയായ കുടിയേറ്റവുമൊക്കെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി തുടരാനാകുമെന്നു അതിന്റെ ഭരണാധികാരികളെ വ്യാമോഹിപ്പിച്ചു. യുദ്ധത്തിനു തൊട്ടു മുമ്പു വരെ മാന്ദ്യം ബാധിച്ചു തകർന്നടിഞ്ഞു കിടന്നവരാണു തങ്ങളെന്നവവർ മറന്നുപോയി, പുതിയ മാന്ദ്യവും തകർച്ചയും മുന്നിലെത്തും വരേക്കു മാത്രമെങ്കിലും.
ധൂർത്തിന്റേയും സാമ്പത്തിക അച്ചടക്കരാഹിത്യത്തിന്റേയും കാലം കഴിഞ്ഞെന്നു സകലരും തിരിച്ചരിഞ്ഞു തുടങ്ങിയിട്ടു വർഷം പലതായിരിക്കുന്നു. അതുകൊണ്ട് നക്ഷത്ര യുദ്ധങ്ങളും ബഹിരാകാശ പരിപാടികളും ഐക്യനാടുകൾ നിറുത്തി വച്ചിട്ടു വ്യാപാരകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. ചൈനയാണിപ്പോൽ ഹീറോ. കൃത്രിമോപഗ്രഹങ്ങളെ മിസ്സൈൽ തൊടുത്തുവിട്ടു തകർക്കാനുള്ള സാങ്കേതികത്തികവു വിജയകരമായി ആർജ്ജിക്കുകയാണവർ. മൊത്തത്തിൽ ആകാശയുദ്ധങ്ങൾ ലാഭകരമല്ലെന്നു ഇന്ത്യക്കും പാക്കിസ്ഥാനും കൊറിയകൾക്കുമൊഴികെ സകലർക്കും മനസ്സിലായെന്നു തോന്നുന്നു.
നക്ഷത്രയുദ്ധം അവസാനിപ്പിച്ചെങ്കിലും ആകാശത്തെ കൈവിടാൻ ആർക്കും മനസ്സു വരുന്നില്ല. അതുകൊണ്ട് ആകാശം വിറ്റു കാശാക്കാൻ മത്സരിക്കുകയാണോരോ രാജ്യവും. യാതൊരു നിയന്ത്രങ്ങളുമില്ലാതെ റേഡിയോകിരണങ്ങൾകൊണ്ട് ഭൂമണ്ഡലം നിറക്കാൻ മത്സരിക്കുന്നവർ ജൈവമണ്ഡലത്തിനതുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് കുറ്റകരമായ നിശബ്ദത പാലിക്കുന്നു. സ്പെക്ട്രം, സ്പെക്ട്രം സർവത്രസ്പെക്ട്രം, നമുക്കും കിട്ടണം പണം എന്നമട്ടിൽ സ്പെക്ട്രം നമ്മുടെ നാട്ടിൽ വിറ്റു കാശാക്കിയതിൽ കാര്യമായ നഷ്ടമൊന്നും പറ്റിയിട്ടില്ലെന്നു സി.ബി.ഐ. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇതെല്ലാം നടന്നത് രാജ്യതാത്പര്യം മാത്രം കണക്കിലെടുത്താണെന്നു ആരും പറയില്ല. ഒരു മലയാളി പത്രപ്രവർത്തകനു ആരോ സൽബുദ്ധി തോന്നി യഥാസമയം വാർത്ത ചോർത്തികൊടുത്തതുകൊണ്ട് ഇന്ത്യയിൽ ഇതിത്തിരി വിവാദമായിരിക്കുന്നു. മറ്റു നാടുകളിലെ സ്ഥിതി ആരറിയുന്നു? മൊത്തത്തിൽ മതിയായ പരിസ്ഥിതി ആഘാത പഠനങ്ങളും ആരോഗ്യത്തെ ഇതെങ്ങനെ ബാധിക്കും എന്നൊന്നും ആരെങ്കിലും പഠിച്ചതായി അറിയുന്നില്ല. നേരെമറിച്ച് അവിടെയും ഇവിടെയുമായി ആകാശത്തിലെ റേഡിയോ തരംഗങ്ങളുടെ അതിപ്രസരം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി പഠനങ്ങളുണ്ടായിട്ടുമുണ്ട്. പക്ഷേ ഔദ്യോഗിക പഠനങ്ങളെ മാത്രമേ മാധ്യമങ്ങൾ ആധികാരികമായെടുക്കാവൂ എന്നു മുകളിൽ നിന്നു കല്പനയുണ്ട്. പഠനം പക്ഷേ എൻഡോസൽഫാനിലേതുപോലെ, ഉല്പാദകർക്കു പറ്റിയ ഒരാളെ കണ്ടെത്തി ചെയർമാനാക്കി വിഷം തളി നിന്നിട്ട് പത്തു വർഷമെങ്കിലുമായി എന്നുറപ്പുവരുത്തി, രോഗബാധിതരിൽ മുക്കാലേ അരയ്ക്കാലും ചത്തൊടുങ്ങി മറ്റുള്ളവർ എന്തോ യാദൃശ്ചികതകൊണ്ട് അങ്ങനെയൊക്കെ ആയതാണെന്നും അതെങ്ങനെയായെന്നു സംശയാതീതമായി തെളിയിക്കാൻ കഴിയുന്നില്ലെന്നുമൊന്നും പറയാനാകില്ല. കാരണം മനസ്സറിഞ്ഞ് ഇവരാരെങ്കിലും മൊബൈലും സ്പെക്ട്രവുമൊക്കെ കെട്ടിപ്പൂട്ടി പോകുമെന്നു കരുതാൻ യാതൊരു ന്യായവുമില്ല, ഇനി അവർ സമ്മതിച്ചാലും അമീബ സമ്മതിക്കില്ല. അമീബക്കും മൊബൈലു വിളിക്കേണ്ടേ? അവസാനം എയിഡ്സ് പോലെ ഒരു സ്പെക്ട്രം മാരി വരുന്ന കാലത്ത് ഒരു പക്ഷേ? ഏയ്, അതുണ്ടാകില്ല, കാരണം സകലരും അതിനു പറ്റിയ ഒരു തൊപ്പിയും വച്ചു നടക്കാൻ സുപ്രീം കോടതി ഉത്തരവിടും. സർക്കാരിനും പോലീസിനും ഒരുപോലെ വരുമാനവുമാകും.
Very interesting
ReplyDelete