ഹിരണ്യമേവാർജയാ ആപിശലി
കാവ്യം മാഘം കവി കാളിദാസ: എന്നാണല്ലോ. ഇപ്പോളത്തെ കേന്ദ്ര സംസ്ഥാന സിനിമാ അവാർഡ് കമ്മിറ്റിക്കാരുടെ മുൻതലമുറക്കാരിൽ ആരോ ആയിരിക്കണം അതെഴുതിയതെന്നു തോന്നിപ്പോകുന്നു.
നമ്മുടെ വിഷയം കാളിദാസനല്ല മാഘം അഥവാ ശിശുപാലവധം എഴുതിയ മാഘനാണു കക്ഷി. കാവ്യമെല്ലാം എഴുതിത്തീർന്നപ്പോളേക്കും കവി വൃദ്ധനും അവശനുമായിത്തീർന്നിരുന്നു. അന്നു പ്രസാധക ധർമം നിർവഹിച്ചിരുന്നത് രാജാക്കന്മാരായിരുന്നതിനാൽ പ്രസാധകനരികിലേക്കു വയറ്റിപ്പിഴപ്പിനു വല്ലതും കിട്ടുമോന്നറിയാൻ കവിയും പത്നിയും പുറപ്പെട്ടുപോലും. വഴിയിൽ തീരെ അവശനായ കവി ഒരു മരത്തണലിൽ വിശ്രമിക്കവേ എഴുതിയ ചെയ്ത്യലേഖമെന്ന ചെയ്ത്താണു ആപിശലിക്കിപ്പോൾ അർത്ഥം പറയേണ്ടത്. സംഭവം പാരമ്പര്യ രീതിയിൽ തന്നെ ആയിക്കോട്ടേ.
ന ഭുജ്യതേ വ്യാകരണം ക്ഷുദാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാർജയാ നിഷ്ഫലാ കലാ
(ആപിശലി മാതൃഭൂമിക്കാരേപ്പോലെ അത്യാവശ്യം അക്ഷരത്തെറ്റു വരുത്തുവാനും കഴിവുള്ളവനാണ്.)
ന എന്നാൽ ഇല്ല എന്നുതന്നെ. ഭുജ്യതേ എന്നാൽ ഭക്ഷിക്കുക. ന ഭുജ്യതേ എന്നാൽ ഭക്ഷിക്കുന്നില്ല. വ്യാകരണം എന്ന പദം വി, ആ, കൃ എന്നിവയുടെ നാമരൂപമാണ്. വി എന്നാൽ വിദംശം അതായത് എരിവുള്ള ഭക്ഷണം. ആ എന്നാൽ ആകന്ദം എന്ന കിഴങ്ങു വർഗ ഭക്ഷണം. കൃ എന്നാൽ കൃസരം എന്ന എള്ളും അരിയും പാലും ഉൾക്കൊള്ളുന്ന ഭക്ഷണം. ഇങ്ങനെ എരിവുള്ളതും കിഴങ്ങു വർഗങ്ങളും ധാന്യങ്ങളും പാലും പോലെയുള്ള ഖാദ്യങ്ങളത്രേ വ്യാകരണം. ക്ഷുത് എന്നാൽ വിശപ്പ്. ആതുരഃ എന്നാൽ രോഗി. അതിനാൽ ക്ഷുദാതുരൈഃ എന്നാൽ വിശപ്പുകാരണം കണ്ടമാനം തിന്ന് പ്രഷറും ഷുഗറും കൊളസ്ട്രോളുമെല്ലാം വരുത്തിവച്ചു രോഗികളായവരെന്നർത്ഥം. തിന്നു രോഗികളായവർ എരിവുള്ളതും കിഴങ്ങു വർഗങ്ങളും ധാന്യങ്ങളും പാലും എന്നിവ തിന്നുന്നില്ല എന്നു സാരം.
പിപാസിതൈ: എന്നാൽ അത്യധികമായ ദാഹം ഉള്ളവർ. കാവ്യരസ: എന്നാൽ സരോജ്കുമാർ പൊറോട്ടയും പപ്പടവുമൊക്കെ ഉണ്ടാക്കുന്നപോലെ കാവ്യ ഉണ്ടാക്കുന്ന രസപ്പൊടി ഇട്ടുണ്ടാക്കുന്ന രസം. ന പീയതേ കുടിക്കുന്നില്ല. സാരം പാച്ചാളം സരോജിനോടു പറഞ്ഞത് തന്നെ. കാവ്യയെ കാണാൻ അത്യധികം ദാഹം ഉള്ളവർ പോലും കാവ്യയുടെ പേരിൽ ഉണ്ടാക്കുന്ന രസം കുടിക്കുകയില്ല.
ന വിദ്യയാ വിദ്യകൊണ്ടല്ല. കേനചിത് എന്നാൽ ആ പേരിൽ ഒരാൾ. ഉദ്ധൃതം കുലം. കുലം ഉദ്ധരിച്ചത്. മലയാളികൾ ആട് തേക്ക് മാഞ്ചിയം കൊള്ളപ്പലിശ ഫ്ലാറ്റ് തുടങ്ങിയ പലവിദ്യകൾ കൊണ്ട് ധനമുണ്ടാക്കി സ്വന്തം കുലം ഉദ്ധരിക്കാറുണ്ടെങ്കിലും കേനചിത് എന്നൊരാൾ അത്തരം വിദ്യകൾ കൊണ്ടൊന്നുമല്ല കുലം ഉദ്ധരിച്ചത്.പിന്നെ അയാൾ എന്തു ചെയ്തോ അതു തന്നെ ചെയ്യാൻ കവി നമ്മോട് ആവശ്യപ്പെടുകയാണ്.
ഹിരണ്യം സ്വർണം. ഹിരണ്യമേവാർജയ. സ്വർണം മാത്രം വാങ്ങിക്കൂട്ടുക. രൂപയും ഡോളറും ഷെയറും ലാന്റുമൊക്കെ ഇക്കാലത്തു വേയ്സ്റ്റാണിഷ്ടാ. ഇനി സ്വർണം വാങ്ങുകയാണെങ്കിലോ വല്യ ഡിസൈനും വിളക്കും അങ്ങനത്തെ കലാപരിപാടികളൊന്നും വേണ്ടാട്ടോ. പണിക്കൂലീം പോകും. വിൽക്കുമ്പോൾ കാശും പോകും. എങ്ങനെ? നിഷ്ഫലാ കലാ. കലകൊണ്ടൊന്നും ഒരു ഫലവുമില്ല. മനസ്സിലായല്ലോ
No comments:
Post a Comment