ആനുകാലിക രാഷ്ട്രീയത്തിലെ തെറി
രാക്ഷസൻ
കൊടുങ്ങല്ലൂരെ തെറിപ്പാട്ട് ദൈവീകമാണ്. അതു നിരോധിക്കണമെന്നു ഭൂമാനന്ദ തീർത്ഥയും കോടതിയും പറഞ്ഞിട്ടു കാര്യമില്ല. കേൾക്കേ പറഞ്ഞില്ലെങ്കിലും രഹസ്യമായി അവരതു ചെയ്യും. അപ്പോ തീർത്ഥ എന്തു ചെയ്യും? ജപജപോ ജപജപ. അത്ര തന്നെ.
മനസ്സിൽ തെറിയുള്ളവർ ചിലപ്പോൾ അറിയാതെ അതു പറഞ്ഞുപോകും. കേൾവിക്കാരെ കണ്ട് സ്വയം മറന്നു അനുയായികൾക്ക് ആനന്ദനിർവൃതി ഉണ്ടായിക്കോട്ടെ എന്നു കരുതി നാവുപിഴച്ചു പോയതാണെന്നൊക്കെ പറയാം. പക്ഷേ കോടതി പറഞ്ഞപോലെ ശുംഭനാരെന്നൊക്കെ വൈയാകരണന്മാർക്ക് അറിഞ്ഞില്ലെങ്കിലും മലയാളികൾക്കറിയാം.
പ്രശ്നം ദർശനത്തിന്റേതാണെന്നു രാക്ഷസൻ കരുതുന്നു. സകലർക്കും വേണ്ടി പ്രവർത്തിക്കുന്ന ആർക്കും അങ്ങനെ ആരേയും അധിക്ഷേപിക്കാൻ നാവുപൊങ്ങുകയില്ല. വർഗ്ഗവും മതവും ജാതിയുമൊക്കെ ചിന്തിക്കുന്നതു കൊണ്ടാണു മഹാവൈയാകരണന്മാർ നാവിനു പിഴപറ്റി പുഴുക്കളെ സ്മരിക്കുന്നത്. സ്മരണ തന്നെ നിരോധിക്കേണ്ട ചിത്തവൃത്തിയാണെന്ന് പതഞ്ജലി.
മാധ്യമങ്ങൾക്ക് ആത്മപ്രസംസ അധികരിച്ചതു കൊണ്ടായിരിക്കണം ആരാരെ എങ്ങനെ കൊച്ചാക്കിയെന്നും മറ്റും തേടിപ്പിടിച്ചു റിപ്പോർട്ട് ചെയ്തത്. രജനിയോടു ചെയ്തത് നാടറിയേണ്ടതു തന്നെ. അതിൽ അഭിവ്യഞ്ജകന്റെ പുരുഷലിംഗരാഷ്ട്രീയം പ്രത്യക്ഷമാണ്. ഒരേ ജനുസ്സിൽ പെട്ടവർ പരസ്പരം നടത്തിയ തരം താണ പദപ്രയോഗങ്ങൾ അവഗണിച്ചിരുന്നെങ്കിൽ മലയാള രാഷ്ട്രീയ റിപ്പോർട്ടിംഗിനു കൂടി അല്പം അന്ത്സസു ലഭിക്കുമായിരുന്നു. ജയലക്ഷ്മി തന്റെ അന്ത്സസു പരിപാലിച്ചുവല്ലോ.
നാവിനും പേനക്കും പറ്റുന്ന കൈയബദ്ധങ്ങളെ മാപ്പുകൊണ്ടു തന്നെയാണു മാന്യരായവർ മായിച്ചു കളയുന്നത്. മാപ്പപേക്ഷ ചിരിച്ചുകൊണ്ടോ ഒരു പക്ഷേ ഒന്നു പുറത്തു തട്ടിക്കൊണ്ടോ സാരമാക്കേണ്ടാ എന്നു പറഞ്ഞു സ്വീകരിക്കാൻ കഴിയുന്നതും ബഹുമാന്യതയാണ്.
ആർക്കും ബഹുമാന്യരാകണമെന്നില്ലെന്നു തോന്നുന്നു; വോട്ടുകിട്ടാനുള്ള വല്ല വകയും ഇതിലുണ്ടോ എന്നാണ് നോട്ടം. ബഹുമാന്യർക്കാണ് വോട്ടെന്നതു ഇവരാരും അംഗീകരിക്കുന്നില്ലെന്നു തോന്നുന്നു.
No comments:
Post a Comment