വെള്ളവും വെളിച്ചവും വേയ്സ്റ്റാക്കുന്നവർ
വെള്ളവും വെളിച്ചവും ഏതൊരു പരിഷ്കൃത ജനകീയ ഭരണത്തിന്റേയും പ്രാഥമിക ചുമതലയാണ്. മേലൂർ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്ട്രീറ്റു ലൈറ്റുകൾ പലപ്പോളും കത്താറില്ല. ആവശ്യത്തിനു വോൾട്ടേജ് കാണാറില്ല ബൾബ് അടിച്ചുപോയി ആവശ്യത്തിനു ലൈന്മാന്മാരില്ല എന്നിങ്ങനെ പല കാരണങ്ങളും കെ.എസ്.ഇ.ബി.യ്ക്ക് നിരത്താൻ കാണും. ഗ്രാമപഞ്ചായത്തിനു ഉപഭോക്താവ് എന്ന നിലയിൽ ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ കഴിയുമായിരുന്നിട്ടും അപ്രകാരം പലപ്പോളും ചെയ്തുകാണുന്നില്ല. പൊതുജനം ഇക്കാര്യത്തിൽ കൂടുതൽ മനസ്സു വയ്ക്കണം. സ്വന്തം വീടിനരികിലെ സ്ട്രീറ്റ് ലൈറ്റുകൾ കത്താതെ പോയാലും നാം പഞ്ചായത്തിനും കെ.എസ്.ഇ.ബിയ്ക്കും പരാതി നൽകണം. ഇരുപത്തിനാലു മണിക്കൂറിനകം പരാതി പരിഹരിക്കാത്തപക്ഷം രേഖാമൂലം പരാതി നൽകണം. എന്നിട്ടും കാര്യം നടന്നില്ലെങ്കിൽ മാസ്സ്പെറ്റീഷനോ നിയമപരമായ നടപടികളോ സ്വീകരിക്കണം. ഇക്കാര്യത്തിൽ ഓരോ ജനപ്രതിനിധിയുടേയും ഉദ്യോഗസ്ഥന്റേയും നടപടികൾ ജനം പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.
ജലം അമൂല്യമാണ്; അതു പാഴാക്കരുത് എന്നു സർക്കാർ നയം. പക്ഷേ വഴിവക്കിലെ ടാപ്പുകൾ പൊട്ടിയൊലിക്കുന്നത് നിരന്തരമായ കാഴ്ചയും വീഴ്ചയും. അമ്പതോ നൂറോ രൂപകൊണ്ടു ശരിയാക്കാവുന്ന പണികളാണു മിക്കവയും. ഇക്കാര്യത്തിൽ ഉപേക്ഷ കാട്ടുന്ന എഞ്ചിനീയർമാരേയും അധികാരികളെയും എന്താണു ചെയ്യേണ്ടത്? അതൊക്കെ പോട്ടെ സ്വന്തം വീടിനു മുമ്പിൽ അത്തരം ഒരു സംഭവം നടന്നാൽ അറിയിക്കേണ്ടവരെ അറിയിക്കാൻ മടി കാട്ടുന്ന രീതി നാം ഉപേക്ഷിക്കണം. ആരെയാണു അറിയിക്കേണ്ടതെന്നറിയാതെ വന്നാൽ പഞ്ചയത്ത് സെക്രട്ടറിയെയെങ്കിലും അറിയിക്കണം. അദ്ദേഹം വേണ്ടപ്പെട്ടവരെ അറിയിച്ചുകൊള്ളും.
No comments:
Post a Comment