ബ്രൈഡി തിമിംഗലങ്ങളുടെ ശ്മശാനഭൂമിയായി മാറുന്ന കേരളം
കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ കേരള തീരത്ത് എട്ടു ബ്രൈഡി തിമിംഗലങ്ങൾ ചത്തടിഞ്ഞതായി കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മണിക്കൂറിൽ പതിനാലു കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന കൂറ്റൻ കപ്പലുകളുടെ പ്രൊപ്പെല്ലറുകൾക്കിടയിൽ പെട്ട് പരുക്കു പറ്റിയാണ് ഇവ ചത്തടിയുന്നത്.
1908ൽ സൌത്ത് ആഫ്രിക്കയിലെ ഡർബനിൽ ആദ്യ തിമിംഗലകേന്ദ്രം സ്ഥാപിക്കാൻ സഹായിച്ച നോർവീജിയൻ നയതന്ത്രജ്ഞൻ ജോഹാൻ ബ്രൈഡിന്റെ പേരിലാണു ബ്രൈഡി തിമിംഗലങ്ങൾ (bryde’s whales) അറിയപ്പെടുന്നത്. അതുവരെ അവയെ ക്രുരൻ തിമിംഗലങ്ങളെന്നാണ് വിളിച്ചിരുന്നത്. ഇടത്തരം വലുപ്പമുള്ള ഇവയുടെ വയർ ഭാഗം വെളുത്തും ബാക്കി ഭാഗം ഇരുണ്ട ചാരനിറത്തിലും കാണപ്പെടുന്നു.
അന്തർദ്ദേശീയമായി വംശനാശ ഭീഷണി നേരിടുന്ന ബ്രൈഡി തിമിംഗലങ്ങൾ മറ്റു തിമിംഗലങ്ങളിൽ നിന്നു വ്യത്യസ്തമായി ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തീരങ്ങളോടടുത്ത് ജീവിക്കാനുമിഷ്ടപ്പെടുന്നു. മൊത്തത്തിൽ ഇന്ത്യൻ തീരങ്ങളിൽ തിമിംഗലങ്ങൾ അത്ര സാധാരണമല്ല. അതുകൊണ്ടു തന്നെ മറ്റു ഭാഗങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളും സമുദ്രമലിനീകരണങ്ങളുമാണു ഇവയെ കേരളതീരത്തോടടുപ്പിച്ചതെന്നു വേണം കരുതാൻ. ഇവിടത്തെ ജൈവീകസമ്പത്തിനു അല്പപ്രാധാന്യം പോലും കൊടുക്കാത്ത കടൽ വാണിജ്യ സമ്പ്രദായങ്ങളാണ് ഈ അപൂർവജീവികളുടെ കൂട്ടക്കുരുതിക്കു കാരണം. ഇത്ര ദാരുണമായ തുടർദുരന്തങ്ങളുണ്ടായിട്ടും എന്തോ ചാളയോ അയിലയോ ചത്തുപോയ മട്ടിലേ മലയാളികൾ പ്രതികരിക്കുന്നതായി കാണുന്നുള്ളൂ.
മിശ്രഭുക്കുകളായ ബ്രൈഡി തിമിംഗലങ്ങൾ പ്ലാങ്ടണൊപ്പം കക്കകളേയും ഞണ്ടുകളേയും മത്തി തുടങ്ങിയ ചെറുമീനുകളേയും ധാരാളമായി ഭക്ഷിക്കാറുണ്ട്. എട്ടുമുതൽ പതിമൂന്നു വർഷങ്ങൾ കൊണ്ട് പ്രായപൂർത്തിയെത്തുന്ന ഇവയിൽ പെൺ തിമിംഗലങ്ങൾ അല്പം വലിപ്പക്കൂടുതലുള്ളവയാണ്. ഒന്നിടവിട്ട വർഷങ്ങളിൽ ഇവ പ്രസവിക്കുന്നു. പന്തണ്ടു മാസമാണ് ഗർഭകാലം. ആറുമാസം മുതൽ ഒരു വർഷം വരെ തള്ളമാർ കുഞ്ഞുങ്ങളെ വളർത്തുന്നു. നവജാതശിശുവിനു ഒരു ടൺ ഭാരവും മൂന്നര നാലു മീറ്റർ നീളവുമുണ്ടായിരിക്കും.
No comments:
Post a Comment