ജിസ് ജീസസ് ജോസുമായി അഭിമുഖം
മേലൂർ പഞ്ചായത്തിലെ കൂവക്കാട്ടുകുന്നിൽ വെമ്പിളിയാൻ ജോസിന്റേയും മെറ്റിയുടേയും മകനാണ് ജിസ്. കൊരട്ടി എൽ.എഫ്.എച്ച്.എസ്.എസ്സിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. കേരള ജൂനിയർ ഫുട്ബോൾ ടീമിലംഗമായി. ജമ്മുകാഷ്മീരിൽ വച്ചു നടന്ന ദേശീയ മത്സരത്തിൽ സെമി ഫൈനൽ വരെയെത്തി. ഇക്കൊല്ലത്തെ സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണമെന്റിൽ മേഖലാ വിജയിയായ തൃശ്ശൂർ ജില്ലാ ടീമിൽ അംഗമായിരുന്നു. ജിസിനെ ഇന്റർവ്യൂ ചെയ്യുന്നത് കെ.ജി.ശശി.
ശശി : ജിസ് എന്നു മുതലാണ് ഫുട്ബോൾ കളിക്കുന്നത്?
ജിസ് : കല്ലുത്തിയിലെ സെന്റ് ജോൺസ് യു.പി.സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതലാണ് ഞാൻ ഫുട്ബോൾ കളിച്ചു തുടങ്ങുന്നത്.
ശശി : അവിടത്തെ സ്കൂൾ ടീമിൽ അംഗമായി വല്ല നേട്ടവും കൈവരിച്ചിട്ടുണ്ടോ?
ജിസ് : ഇല്ല.
ശശി : ഇപ്പോൾ ഏത് സ്കൂളിലാണു പഠിക്കുന്നത്?
ജിസ് : കൊരട്ടിയിലെ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈ സ്കൂളിലാണു പഠിക്കുന്നത്. മുമ്പത് ഗേൾസ് സ്കൂളായിരുന്നു. ഇപ്പോൾ മിക്സഡ് ആക്കി.
ശശി : അവിടെ നല്ല ഗ്രൌണ്ട് ഉണ്ടോ?
ജിസ് : അവിടെ ഫുട്ബോൾ ഗ്രൌണ്ട് തന്നെ ഇല്ല. ആകെയുള്ളത് ഒരു ബാസ്കറ്റ് ബോൾ കോർട്ടാണ്. സ്കൂൾ ടീമിൽ നിന്നും ഉപജില്ലാ മത്സരങ്ങൾക്ക് പോകുന്നതിനു മുമ്പ് ഏതാനും ദിവസം ഞങ്ങൾ വാളൂർ ഗ്രൌണ്ടിൽ ഒന്നു കളിച്ചു.
ശശി : ബൂട്ട് കെട്ടി അതിനു മുമ്പ് പരിശീലിച്ചിട്ടുണ്ടോ?
ജിസ് : ഞാൻ യു.പി. സ്കൂളിൽ പഠിക്കുമ്പോൾ വീട്ടുകാർ ഒരു ബൂട്ടു വാങ്ങി തന്നിരുന്നു. അതിട്ടു കളിച്ച ശീലമുണ്ടായിരുന്നതുകൊണ്ട് വലിയ പ്രയാസം തോന്നിയില്ല. മേലൂർ സെന്റ് ജോസഫ്സ് ഹൈ സ്കൂൾ ഗ്രൌണ്ടിലാണു കളിച്ചു ശീലിച്ചത്. അവിടെ ധാരാളം പേർ ബൂട്ടിട്ടാണു പരിശീലിക്കുന്നത്.
ശശി : ആദ്യമായി ഒരു പരിശീലനം ലഭിക്കുന്നത് എവിടെയാണ്?
ജിസ് : മേലൂർ ഗ്രൌണ്ടിൽ കളിക്കാൻ വരുന്ന ചേട്ടന്മാർ പലതും പറഞ്ഞു തരാറുണ്ടായിരുന്നു. മേലൂർ ഗ്രാമപഞ്ചായത്ത് മുമ്പൊരിക്കൽ സംഘടിപ്പിച്ച ഒരു ക്യാമ്പിൽ പങ്കെടുത്തിരുന്നതും നല്ലൊരു അടിത്തറയായി. പിന്നീട് ഉപജില്ലയിൽ നിന്നും സെലക്ഷൻ കിട്ടുന്നതോടെയാണു ചില പരിശീലനങ്ങൾ ലഭിച്ചു തുടങ്ങിയത്. അതുകൊണ്ട് നന്നായി കളിക്കാനായാലും എനിക്കു സ്റ്റാമിന കുറവായാണു കാണുന്നത്. അതിനി മേക്കപ്പു ചെയ്തെടുക്കണം.
ശശി : സംസ്ഥാന ടീമിലേക്കുള്ള സെലക്ഷൺ എങ്ങനെയായിരുന്നു.
ജിസ് : ഉപജില്ലയിൽ നിന്നും അഞ്ചുപേരെ തെരഞ്ഞെടുത്തതിൽ ഞാൻ ഉൾപ്പെട്ടു. പിന്നീടു ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെലക്ഷനായപ്പോളേക്കും സെലക്ഷനു പകരം ഒഴിവാക്കൽ രീതിയാണു അവലംബിച്ചത്. ആദ്യം എഴുപതോളം പേരൊഴികെ എല്ലാവരേയും ഒഴിവാക്കി. പിന്നീട് ഘട്ടം ഘട്ടമായി പലരും ഒഴിവാക്കപ്പെട്ടു. അവശേഷിച്ചവർ ടീമിലിടം പിടിച്ചു. അങ്ങേ ഞാനും സംസ്ഥാന ജൂനിയർ ടീമിലിടം നേടി.
ശശി : എവിടെയായിരുന്നു ദേശീയ മത്സരങ്ങൾ?
ജിസ് : കാശ്മീരിലായിരുന്നു. അവിടെ ആദ്യ മൂന്നു മത്സരങ്ങൾ ജയിച്ചു. ജാർഖണ്ഡിനേയും ബീഹാറിനേയും തോൽപ്പിക്കാനായി. സെമിയിൽ മണിപ്പൂരിനോടു തോറ്റു. മണിപ്പൂർ വളരെ നല്ല ടീമാണ്.
ശശി : കാശ്മീരിനെ കുറിച്ച് എന്തു തോന്നി?
ജിസ് : വളരെ മനോഹരമായ സ്ഥലം. കാശ് ഇല്ലാത്തതുകൊണ്ട് ഒരു ബോക്സ് ആപ്പിളല്ലാതെ ഒന്നും വാങ്ങാൻ പറ്റിയില്ല.
ശശി : സാമ്പത്തികമായി ആരെങ്കിലും സഹായിച്ചിരുന്നോ?
ജിസ് : മത്സരങ്ങൾക്കൊക്കെ പോകുമ്പോൾ സ്കൂളിലെ ഒരു അദ്ധ്യാപകൻ അമ്പതോ നൂറോ രൂപ വണ്ടിക്കൂലിക്കു തന്നിട്ടുണ്ട്. പിന്നെ അപ്പച്ചനും വല്ലതും തരും. കാശ്മീരിലേക്കു പുറപ്പെടുമ്പോൾ ആയിരത്തഞ്ഞൂറു രൂപ തന്നു. തിരിച്ചു വന്നപ്പോൾ എഴുന്നൂറു രൂപ കയ്യിലുണ്ടായിരുന്നു.
ശശി : ദേശീയമത്സരത്തിനു പോയി തിരിച്ചു വന്നപ്പോൾ അഭിമാനം തോന്നിയോ?
ജിസ് : എനിക്കല്ല. തീവണ്ടിയിൽ നിന്നിറങ്ങുമ്പോൾ വലിയ സ്വീകരണം കിട്ടി. നാട്ടിൽ നിന്നൊക്കെ പലരും വന്നിരുന്നു. നാടു മുഴുവൻ എന്നെ ഓർത്ത് അഭിമാനിക്കുന്നുണ്ടെന്നു തോന്നി. അതൊരു ഉത്തരവാദിത്തമാണ്.
ശശി : തുടർന്നുള്ള പരിപാടികൾ?
ജിസ് : തൃശ്ശൂർ ജില്ലാ ടീമിനു വേണ്ടി തുടർന്നു കളിക്കണം. ഈ പരീക്ഷക്ക് എഴുപത് ശതമാനത്തിനു മേൽ മാർക്കുണ്ട്. അറുപത്തഞ്ചു മാർക്ക് ഗ്രേസ് മാർക്കുമുണ്ട്. അതുകൊണ്ട് പ്ലസ് റ്റുവിനു അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടു വരില്ല. പ്ലസ് ടുവിനു അവരുടെ സ്കൂളിൽ ചേരാൻ നാലു സ്കൂളിൽ നിന്നും അഭ്യർത്ഥന വന്നിട്ടുണ്ട്. നല്ല കോചും പരിശീലനവും ലഭിക്കുന്നിടത്തു ചേരണമെന്നു കരുതുന്നു.
ശശി : ഭാവിയിൽ ആരാകണമെന്നാണു ആഗ്രഹം?
ജിസ് : ഫുട്ബോൾ വിടില്ല. പോലീസിലോ നേവിയിലോ ചേരണമെന്നാണാഗ്രഹം.
ശശി : ജിസിനു കിട്ടാതെ പോയ എന്തെല്ലാം മറ്റുള്ളവർക്കുണ്ടാകണമെന്നാണ് ആഗ്രഹം?
ജിസ് : മേലൂരിലെ വളർന്നു വരുന്ന കളിക്കാരിൽ എനിക്കു വിശ്വാസമുണ്ട്. അവർക്കു നല്ലൊരു പൊതു കളിസ്ഥലവും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥിരമായി ഓരോ വർഷവും കോച്ചിങ്ങ് ക്യാമ്പും ഉണ്ടായാൽ നന്നായിരുന്നു.
ജിസിന്റെ വേദോപദേശക്ലാസ്സിൽ പോയിരിക്കുന്ന കൊച്ചനുജനെ കൂട്ടിക്കൊണ്ടു പോകാനുള്ളതുകൊണ്ട് ജിസ് യാത്ര പറഞ്ഞു പിരിഞ്ഞു. വീണ്ടും കാണാമെന്ന ഉറപ്പോടെ. നാമോരുത്തരും നമ്മുടെ അഭിമാനമായ ജിസിനെ ഇനിയും കാണാതിരിക്കുമോ! ഈ യുവപ്രതിഭയ്ക്കു അഭിവാദ്യങ്ങൾ.
No comments:
Post a Comment