ഇടുക്കി ജില്ലയെ തമിഴ്നാടിനോടു ചേർക്കണമെന്ന തമിഴ്നാട് കോൺഗ്രസ്സിലെ ചിലരുടെ ആവശ്യത്തെ തുടർന്ന് കേരള സർക്കാർ വസ്തുതകൾ വിലയിരുത്താൻ തുടർ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ദേവികുളം ഉടുമ്പൻ ചോല പീരുമേട് താലൂക്കുകളിൽ സംസ്ഥാന ഇന്റ്ലിജൻസ് വിഭാഗം കണക്കെടുപ്പു നടത്തി. മറയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 70 ശതമാനം പേരും വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ 60 ശതമാനം പേരും ദേവികുളം പോലീസ് സ്റ്റേഷൻ പരിധിയിലെ 60 ശതമാനം പേരും പീരുമേട് പോലീസ് സ്റ്റേഷൻ പരിധിയിലെ 60 ശതമാനം പേരും മൂന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ 50 ശതമാനം പേരും ശാന്തമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിലെ 40 ശതമാനം പേരും കമ്പമ്മെട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ 40 ശതമാനം പേരും കുമളി പോലീസ് സ്റ്റേഷൻ പരിധിയിലെ 40 ശതമാനം പേരും രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ 30 ശതമാനം പേരും നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ 30 ശതമാനം പേരും ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലെ 30 ശതമാനം പേരും കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിലെ 15 ശതമാനം പേരും തമിഴന്മാരാണ്.
ഇക്കാര്യം അറിയാവുന്നതു കൊണ്ട് കരുണാനിധി മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന ഉടുമ്പൻ ചോല താലൂക്ക് ഒഴിവാക്കി ഇടുക്കി ജില്ലയിലെ പീരുമേട് ദേവികുളം താലൂക്കുകളാണ് തമിഴ്നാടിനോട് ചേർക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാം പൊട്ടിയാൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും വേണ്ടാ, കേരളത്തിലെ സുഗന്ധ വിളകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കം വിദേശ നാണ്യം നേടി തരുന്നതെല്ലാം തമിഴ്നാടിനു സ്വന്തമാകുകയും ചെയ്യും.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കും എറണാകുളം കോട്ടയം ജില്ലകളിലെ ഏതാനും ഭാഗങ്ങളും അടർത്തിയെടുത്ത് ഒരു മുവാറ്റുപുഴ ജില്ല രൂപീകരിച്ചാൽ പിന്നെ ബാക്കി വരുന്ന ഇടുക്കി ജില്ല ഒരു തമിഴ് ഭൂരിപക്ഷ പ്രദേശമാകുന്നതിനു ഒരു തലമുറയിലെ പ്രജനനം കൂടി മതിയാകും. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളാണല്ലോ കേരളവും തമിഴ്നാടും.
കേരളത്തിലെ ഈ താലൂക്കുകൾ തമിഴ്നാടിനോടു ചേർക്കാൻ മൂന്നാറിലും മറ്റും നടന്ന തമിഴ് വംശജരുടെ സമരങ്ങളിലൂടെ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മുവാറ്റുപുഴ ജില്ല രൂപീകരിക്കാൻ നമ്മുടെ പ്രധാന രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടാൽ എല്ലാം സമ്പൂർണ്ണമാകും. അതിനു വലിയ പ്രയാസമില്ല, കോൺഗ്രസ് നേതവ് ജോസഫ് വാഴയ്ക്കൻ നിയമ സഭയിൽ അവതരിപ്പിച്ച സബ്മിഷനു മറുപടിയായി മുവാറ്റുപുഴ ജില്ല രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ വയ്ക്കുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസ്താവിച്ചിട്ടുണ്ട്.
No comments:
Post a Comment