അഭിഭാഷകനായ ബി.ഏ. ആളൂരിന്റെ മകളുടെ വേഷം സംസ്ഥാന യുവജനോത്സവ വേദിയിൽ മോണോ ആക്ടിൽ അവതരിപ്പിച്ചു ഒന്നാം സ്ഥാനം നേടിയ അബാറ്റിസ് സണ്ണി വിധികർത്താക്കൾ സംഘാടകർ എന്നിവർക്കെതിരെ തൃശ്ശൂർ മുൻസിഫ് കോടതി സമൻസ് അയച്ചു. ഗോവിന്ദച്ചാമിയുടെ വക്കീലിനെ അധിക്ഷേപിക്കുന്ന തരത്തിൽ അവതരണം നടത്തിയതിനായിരുന്നു സമൻസ്.
അഭിഭാഷകരെ മോശമായി ചിത്രീകരിച്ച വിദ്യാർത്ഥിക്കു മോണോ ആക്ടിൽ ഏ ഗ്രേഡ് നൽകിയതിൽ തൃശ്ശൂർ ബാർ അസ്സോസിയേഷൻ നേരത്തേ പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിൽ കലയുടെ മറവിൽ എന്തുമാകാമെന്ന ധാരണ ശരിയല്ലെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച സകലരും കുറ്റക്കാരാണെന്നും അസ്സോസിയേഷൻ അഭിപ്രായപ്പെട്ടിരുന്നു. അസ്സോസിയേഷന്റെ ഈ നിലപാട് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണന്നും ഇത്തരത്തിൽ വിജയിയായ വിദ്യാർത്ഥിക്കെതിരെ ഒരു കേസ്സ് വരുമ്പോൾ അസ്സോസിയേഷന്റെ പ്രമേയം നില നിൽക്കവേ കൊള്ളാവുന്ന ഒരു വക്കീലും വിദ്യാർത്ഥിയുടെ കേസ്സ് ഏറ്റെടുക്കില്ലെന്നും അങ്ങനെ പ്രതിഭാശാലിയായ ഒരു കുരുന്നിനെ കുറ്റവാളിയാക്കാനുള്ള കുത്സിത ശ്രമമാണു അസ്സോസിയേഷൻ നടത്തിയതെന്നും ആരെങ്കിലും പറഞ്ഞാൽ അത് ബാർ അസ്സോസിയേഷനു എളുപ്പത്തിൽ നിഷേധിക്കാനായേക്കുകയുമില്ല.
No comments:
Post a Comment