എസ്.എൻ.ഡി.പി. മധുരമറ്റം ശാഖാ മന്ദിരം ഉത്ഘാടനം ചെയ്തു
ചാലക്കുടി എസ്.എൻ.ഡി.പി. യൂണിയന്റെ കീഴിലെ അറുപത്തിയൊന്നാം ശാഖയായ 5479 നമ്പർ മധുരമറ്റം എസ്.എൻ.ഡി.പി.ശാഖയുടെ ശാഖാ മന്ദിരം യൂണിയൻ പ്രസിഡന്റ് സി.ഡി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി കെ.ഏ. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹൈമാവതി ശിവനും വാർഡ് മെമ്പർ സ്വപ്ന ഡേവീസും പ്രസംഗിച്ചു. പി.കെ.കുമാരൻ പ്രസിഡന്റും കെ.കെ.പരമേശ്വരൻ സെക്രട്ടറിയുമായി ശാഖയുടെ അടുത്ത മൂന്നു വർഷത്തേയ്ക്കുള്ള ഭരണ സമിതിയേയും തെരഞ്ഞെടുത്തു.
സംസ്ഥാനത്ത് പുതിയ 100 ചിൽഡ്രൻസ് ആർട്ട് ഗ്യാലറികൾ തുടങ്ങിയേക്കും
വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ഒഴിഞ്ഞു കിടക്കുന്ന സ്കൂൾ റൂമുകളിൽ ലളിത കലാ അക്കാദമി സംസ്ഥാനത്ത് പുതിയ 100 ചിൽഡ്രൻസ് ആർട്ട് ഗ്യാലറികൾ തുടങ്ങിയേക്കും. വിദ്യാർത്ഥികളുടെ സൃഷ്ടികളായിരിക്കും ഈ ഗ്യാലറികളിൽ പ്രദർശിപ്പിക്കുക.
100 കോടി അഴിമതി നടന്നെന്ന് സമഗ്ര വികസന സമിതി
മണ്ണുത്തി അങ്കമാലി ടോൾ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതി നടന്നെന്നും ഇക്കാര്യത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നും പുതുക്കാട് സമഗ്ര വികസന സമിതി ആവശ്യപ്പെട്ടു.
കണ്ടൽക്കാടുകൾ നശിപ്പിച്ചു
കൃഷ്ണൻ കോട്ട പുഴയോരത്ത് എട്ടു ദിവസത്തോളം ഹിറ്റാച്ചി ഉപയോഗിച്ച് പത്തര ഏക്കർ സ്ഥലത്തെ കണ്ടൽ കാടുകൾ വ്യാപകമായി കടയോടെ പറിച്ച് കളഞ്ഞതിനു ഹിറ്റാച്ചി ഉടമയ്ക്കും ഡ്രൈവർക്കും എതിരെ വനം വകുപ്പ് കേസ്സെടുത്തു.
കൊച്ചി മെട്രോ – ടെണ്ടർ ക്ഷണിച്ചു
കൊച്ചി മെട്രൊ മുന്നൊരുക്കങ്ങൾക്കായി 486.20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ചു.
ഹരിത കൃഷി പരിശീലനം നൽകുന്നു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനുവരി 28 മുതൽ ഫെബ്രുവരി 2 വരെ ഹരിത കൃഷിയിൽ പരിശീലനം നൽകുന്നു. ഹരിതഗൃഹ നിർമ്മാണത്തിനു സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 50% സബ്സിഡി നൽകും. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ : 0487 2370773, 9605737977, 9947274403.
വിദ്യാർത്ഥികളെ പോലീസ് വീട്ടിലെത്തിച്ചു
കൊലപാതകത്തെ തുടർന്ന് മുന്നറിയിപ്പില്ലാതെ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ട മണലൂരിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ പോലീസ് വണ്ടിയിലും മറ്റും വീട്ടിലെത്തിച്ചു.
മേലൂർ കോൺഗ്രസ്സിൽ ഗ്രൂപ്പു വഴക്കെന്ന്
മേലൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഏകാധിപത്യ രീതിയിൽ പ്രവർത്തിക്കുകയാണെന്നു മറുഗ്രൂപ്പുകാർ ആരോപിച്ചതായി വാർത്ത വന്നിരിക്കുന്നു.
സംസ്ഥാനത്തെ സി.ഡി.എസ്. തെരഞ്ഞെടുപ്പുകൾ നടക്കുന്നു
പതിവു പോലെ സംസ്ഥാനത്തെ സി.ഡി.എസ്. തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ വൻ അഴിമതി ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നു. പഴയന്നൂർ അങ്കമാലി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പു ക്രമക്കേടുകൾ നടന്നതായും ആരോപിക്കപ്പെടുന്നു. ചാലക്കുടി ബ്ലോക്കിലെ പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു. ഇടതുപക്ഷം വൻ നേട്ടമുണ്ടാക്കിയിട്ടുണ്ടത്രേ.
വിദ്യാർത്ഥികൾ വിളവെടുപ്പാരംഭിച്ചു
കൊരട്ടി പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കിയ പച്ചക്കറി കൃഷിയിൽ വിദ്യാർത്ഥികൾ വിളവെടുപ്പാരംഭിച്ചു.
കൊലപാതകത്തിൽ പ്രതിഷേധം
മുല്ലശ്ശേരിയിൽ യുവ മോർച്ച പ്രവർത്തകനെ കൊല്ലപ്പെടുത്തിയതിൽ യുവമോർച്ച മേലൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ചാലക്കുടി താലൂക്ക്
ചാലക്കുടി താലൂക്ക് രൂപീകരിക്കണമെന്ന് എൻ.സി.പി. കൊരട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദേശ കുത്തക വിരുദ്ധ ജാഥയ്ക്കു സ്വീകരണം
വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദേശ കുത്തക വിരുദ്ധ ജാഥയ്ക്കു കൊരട്ടിയിലും മുരിങ്ങൂരും പരിയാരത്തും സ്വീകരണം നൽകി.
മുല്ലപ്പെരിയാർ - 1872ലെ കരാർ നിയമത്തിന്റെ പകർപ്പ് കണ്ടെത്തണം
മുല്ലപ്പെരിയാർ - 1872ലെ കരാർ നിയമ പ്രകാരം പരമാവധി കരാർ പരിധി 99 വർഷം ആയിരുന്നെന്നും അതിനാൽ 999 വർഷത്തിന്റെ കരാർ നിയമ വിരുദ്ധമായിരുന്നെന്നും ഡോ: ഏ.വി. ജോർജ്ജ് പ്രസ്താവിച്ചിരിക്കുന്നു. അന്നത്തെ കരാർ നിയമത്തിന്റെ ഒരു പകർപ്പു കണ്ടെത്തുവാൻ ബ്രിട്ടീഷ് ആർക്കൈവ്സിൽ താൻ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മെയിൽ വിവാദം – മാധ്യമം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി
സർക്കാരിനു 7 ജി.ബി. വലുപ്പമുള്ള സി.ഡി.യിൽ ഈ മെയിൽ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുള്ളതായി മാധ്യമം വെളിപ്പെടുത്തിയിരിക്കുന്നു.
ലോറി ഡ്രൈവർ അറസ്റ്റിൽ
ഗുരുവായൂർ ആനത്താവളത്തിലെ മാലിന്യം കൊണ്ടു വന്ന് തോടു നികത്താൻ ശ്രമിച്ച ലോറി ഡ്രൈവറെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
അടിപ്പായൽ മത്സ്യബന്ധനത്തിനു ഭീഷണിയാകുന്നു
കായൽ പരപ്പിൽ കാണുന്ന കുളവാഴയും മറ്റു പായലുകളും ചീഞ്ഞളിഞ്ഞ് രൂപപ്പെടുന്ന അടിപ്പായൽ ചെറുകിട മത്സ്യ തൊഴിലാളികളുടെ ഉൾനാടൻ മത്സ്യ ബന്ധനത്തിനു തടസ്സമാകുന്നു. വലകളും ഉപകരണങ്ങളും പെട്ടെന്നു നാശത്തിനിരയാകുന്നു. നച്ചക്ക എലച്ചിൽ കല്ലേമൂളി കായൽ തിരണ്ടി ഞണ്ടുകൾ കായൽ കറുപ്പ് തുടങ്ങിയ ഇനം മത്സ്യങ്ങൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.
സർക്കാർ ആയുർവേദ ചികിത്സാ നിരക്ക് കുത്തനെ കൂട്ടി
ജനുവരി 14 മുതൽ പ്രാബല്യത്തോടെ 19.12.2011ലെ ജി.ഓ.(എം.എസ്.) നമ്പർ 570/2011 എച്ച്.എഫ്.ഡബ്ലിയു ഉത്തരവു പ്രകാരം സർക്കാർ ആയുർവേദ ചികിത്സാ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നു. ബി.പി.എൽ. വിഭാഗക്കാർക്കു നൽകിവന്ന സൌജന്യ ഭക്ഷണവും നിറുത്തലാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളുടെ ഒരു ഒഴുക്ക് ഉണ്ടാക്കുമെന്നു പൊതുവേ കരുതപ്പെടുന്നു.
വൈദ്യുതി ചാർജ് കൂട്ടാൻ സർക്കാർ അനുമതി വേണ്ടതില്ലെന്നു ആലോചന
കേന്ദ്ര വൈദ്യുത നിയമം ഭേദഗതി ചെയ്ത് സർക്കാരുകളുടെ അനുമതി ഇല്ലാതെ വൈദ്യുത നിരക്കുകളിൽ മാറ്റം വരുത്താൻ അതതു സംസ്ഥാന വൈദ്യുത നിയന്ത്രണ കമ്മീഷനുകൾക്ക് അധികാരം നൽകുന്നതിനു നടപടിയുണ്ടാകുമെന്നു കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ക്രീം ബിസ്കറ്റിൽ ഉണക്കപ്പല്ലി
കോലഞ്ചേരി തിരുവാങ്കുളത്തെ ബേക്കറിയിൽ നിന്നും വാങ്ങിയ ചത്ത പല്ലി അടങ്ങിയ ക്രീം ബിസ്കറ്റ് തിന്ന് വയറിളക്കവും തളർച്ചയും അനുഭവപ്പെട്ട ഒരു വയസ്സുകാരി തിരുവാണിയൂർ വാണിനിരപ്പേൽ അനീഷിന്റെ മകൾ വൈഗയെ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി സുഖം പ്രാപിച്ചു വരുന്നു. കൊച്ചു കുട്ടികൾക്ക് ബേക്കറി പലഹാരങ്ങൾ വാങ്ങി നൽകുന്ന മാതാപിതാക്കൾ അല്പം കൂടി ശ്രദ്ധിക്കുന്നത് നന്ന്.
അഴിമതി കാണുമ്പോൾ മന്ത്രി എന്തു ചെയ്യണം?
അഴിമതി കാണുമ്പോൾ നക്സലൈറ്റാകാൻ തോന്നുന്നെന്ന് മന്ത്രി സി.എൻ. ബാലകൃഷ്ണൻ പ്രസ്താവിച്ചിരിക്കുന്നു. നക്സൽ വേട്ടക്കാരുടെ അടുപ്പക്കാരനായിരുന്ന അദ്ദേഹത്തിനു നിസ്സഹായത ഇതിലും നന്നായി പ്രകടിപ്പിക്കാനാകുകയില്ല
ഗുരുവായൂർ അഴുക്കുചാൽ പദ്ധതി അനിശ്ചിതത്വത്തിൽ
കോടതി ഉത്തരവു പ്രകാരം 2012 മെയ് 31നു മുമ്പ് പൂർത്തിയാക്കേണ്ട ഗുരുവായൂർ അഴുക്കുചാൽ പദ്ധതി വേലകൾ അധികൃതരുടെ അനാസ്ഥ കാരണം ആരംഭിക്കാനേ ആയിട്ടില്ലത്രേ. അറ്റകുറ്റപണിക്കു ശേഷം പൊട്ടിപ്പൊളിഞ്ഞു പോകുന്ന റോഡ് പൂർവസ്ഥിതിയിലാക്കാൻ വേണ്ട ഫണ്ട് ലഭിച്ചതിനു ശേഷം മാത്രം പണി തുടങ്ങിയാൽ മതിയെന്നത്രേ നിലപാട്. എന്നാൽ കോടതി ഉത്തരവു പ്രകാരമുള്ള പണികൾക്ക് ചാർജ്ജ്ഡ് ആയി തുക ചെലവു ചെയ്യാമെന്നിരിക്കേ ഇപ്രകാരം പദ്ധതി വൈകിക്കുന്നതിനു മതിയായ ന്യായീകരണമില്ലെന്നു പറയപ്പെടുന്നു.
മാലിന്യ സംസ്കരണം – കുന്നംകുളം സ്റ്റൈൽ
കുന്നംകുളത്തെ മാലിന്യ നിക്ഷേപ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച സർവകഷി യോഗത്തിൽ ഭരണ കക്ഷിയായ കോൺഗ്രസ് മുസ്ലീം ലീഗ് മറ്റു ചില ഘടക കക്ഷികൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കുക തന്നെ ചെയ്തില്ല. സി.പി.എം., സി.എം.പി., ബി.ജെ.പി. എന്നീ പാർട്ടികളുടെ പ്രതിനിധികളും ചില നഗരസഭാ കൌൺസിലർമാരുമാണ് യോഗത്തിൽ സന്നിഹിതരായിരുന്നത്. ഇതിൽ ഒരു കൌൺസിലരുടെ പാർട്ടിയ്ക്കെതിരായ പരാമർശം കേട്ടതോടെ സി.പി.എം. പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു.
മൂന്നു ദിവസമായി മാലിന്യം നീക്കം ചെയ്യാനാകാതെ വിഷമിക്കുകയും മാലിന്യം കത്തിയതിന്റെ വിഷപ്പുക ശ്വസിച്ച് ജനം രോഷം പൂണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ പാർട്ടികളും നഗരസഭാ കൌൺസിലർമാരും ഇങ്ങനെ തന്നെയാണോ പ്രതികരിക്കേണ്ടതെന്നാണു ജനം ചോദിക്കുന്നത്.
പുരാതന ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനധികൃത മദ്യ വില്പന
അനേക നൂറ്റാണ്ടുകൾ പഴക്കമുള്ളതും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലുള്ളതുമായ മൂക്കുതല കണ്ണേങ്കാവു ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ദിവസം ക്ഷേത്ര പരിസരങ്ങളിൽ വിൽക്കാൻ ഓട്ടോറിക്ഷയിൽ കൊണ്ടു പോയ 40 കുപ്പി വിദേശ മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 20, 23 വയസ്സു പ്രായമുള്ള രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. യുവാക്കളുടെ ഇടയിലെ മദ്യാസക്തിയിലേക്കു കൂടി ഈ സംഭവം വിരൽ ചൂണ്ടുന്നുണ്ട്. കരിങ്കാളി പ്രീതിയ്ക്കുള്ള ചടങ്ങുകൾ അനുഷ്ഠിക്കുന്ന ചിലരും മദ്യപാനത്തിനു അടിമകളത്രേ.
ഏഴരപ്പള്ളി നസ്രാണി സംഗമം ദീപശിഖാ പ്രയാണം ആരംഭിച്ചു
മാർ തോമാ ശ്ലീഹാ സ്ഥാപിച്ച പാലയൂർ കൊടുങ്ങല്ലൂർ പറവൂർ കോക്കമംഗലം നിരണം നിലയ്ക്കൽ കൊല്ലം തിരുവിതാംകോട് എന്നീ ഏഴരപ്പള്ളികളിലൂടെ കടന്നുപോകുന്ന ഏഴരപ്പള്ളി നസ്രാണി സംഗമം ദീപശിഖാ പ്രയാണം ജനുവരി 18നു പകലോമറ്റത്തുനിന്നും ആരംഭിച്ചു. തോമാ ശ്ലീഹാ ആദ്യമായി പരിവർത്തനം ചെയ്ത കുടുംബത്തിന്റെ പേരു കൂടിയത്രേ പകലോമറ്റം.
അഖിലേന്ത്യാ ക്രാഫ്റ്റ്സ് ഫെയർ
കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് (സുരഭി) യുടെ അഖിലേന്ത്യാ ക്രാഫ്റ്റ്സ് ഫെയർ തൃശ്ശൂർ പാണ്ടിമഠം ഹാളിൽ ആരംഭിച്ചു. ജനുവരി 30നു സമാപിക്കും.
അമ്മത്തൊട്ടിലിൽ കുഞ്ഞ്
തൃശ്ശൂർ ജുബിലീ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ഇവിടെ ഉപേക്ഷിക്കപ്പെട്ട മൂന്നാമത്തെ കുഞ്ഞാണിത്. അശരണ സ്ത്രീത്വത്തിന്റെ ഗതികേടുകളിലേക്കു ജനശ്രദ്ധ തിരിയേണ്ടതിന്റെ ആവശ്യകത ഇത്തരം സംഭവങ്ങൾ പുറത്തു കൊണ്ടു വരുന്നു.
തുരുമ്പെടുത്ത ട്രാൻസ്ഫോർമർ വിജിലൻസ് ശ്രദ്ധയിൽ
വാട്ടർ അഥോറിറ്റി തൃശ്ശൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആഫീസിൽ വിജിലൻസ് റെയ്ഡ് നടന്നു. 2005ൽ 20 ലക്ഷം രൂപ വിലവന്ന രണ്ടു 500 കിലോവാട്ട് ട്രാൻസ്ഫോർമറുകളും ഒരു 400 കിലോവാട്ട് ട്രാൻസ്ഫോർമറും തുരുമ്പു പിടിച്ച് നശിച്ചതായി കണ്ടു. ട്രാൻസ്ഫോർമറുകൾ കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച ശേഷവും ഇലക്ട്രിസിറ്റി ബോർഡ് വർഷങ്ങളോളം കറന്റ് കണക്ഷൻ നൽകാതിരുന്നതു കൊണ്ടാണ് ട്രാൻസ്ഫോർമറുകൾ നശിക്കാനിടവന്നത്. കോർപ്പറേഷനും വാട്ടർ അഥോറിറ്റിയും ഇലക്ട്രിസിറ്റി ബോർഡും തമ്മിലുള്ള തർക്കങ്ങളും തൊഴുത്തിൽ കുത്തുകളുമാണ് ഈ ജനദ്രോഹത്തിന് കാരണമായതെന്നു പറയപ്പെടുന്നു.
ചേറ്റുവ പാലത്തിലെ ടോളിനെതിരെ സമരം
ചേറ്റുവ പാലത്തിൽ ടോൾ പിരിക്കാൻ തുടങ്ങിയിട്ട് 25ലധികം വർഷങ്ങളായി. അഞ്ചു കോടിയിൽ കുറഞ്ഞ ചെലവുള്ള പാലങ്ങളിലെ ടോൾ പിരിവു നിറുത്താൻ മന്ത്രിസഭ തീരുമാനിച്ചിട്ട് ഏതാനും മാസങ്ങളുമായി. ഈ സാഹചര്യത്തിൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പൊക്കുളങ്ങര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജനകീയ കൺവെൻഷൻ ചേർന്നു ഭാവി പരിപാടികൾ തീരുമാനിച്ചു.
മുസിരിസ് ഹരിതഗ്രാമം പദ്ധതി
പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നടപ്പാക്കി വന്നിരുന്ന മട്ടുപ്പാവ് കൃഷി വിപുലമാക്കി രാഷ്ട്രീയ കേന്ദ്ര സർക്കാരിന്റെ കൃഷി വികസന യോജന (ആർ. കെ. വി. വൈ.)യുടെ രണ്ട് കോടി രൂപ ധനസഹായത്തോടെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പതിനായിരം വീടുകളിൽ മട്ടുപ്പാവ് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനു മുസിരിസ് ഹരിതഗ്രാമം പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നു.
ഓരോ വീട്ടിലേയും മട്ടുപ്പാവുകളിൽ 4500 രൂപ ചെലവിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ 2000 രൂപ ഗ്രാന്റ് നൽകുന്നതാണു പദ്ധതി. സർവീസ് സഹകരണ ബാങ്ക് കൃഷിക്ക് ആളൊന്നിനു 7000 രൂപ വരെ വായ്പ നൽകാനും ഉല്പന്നങ്ങൾ വാങ്ങി വില്പന നടത്താനും സന്നദ്ധമാണെന്നും അറിയുന്നു. പള്ളിപ്പുറം പഞ്ചായത്തിനു പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.
സംസ്കൃത സർവകലാശാല കലോത്സവം സമാപിച്ചു.
കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാല കലോത്സവത്തിൽ 168 പോയിന്റുകളോടെ കാലടി മുഖ്യ കേന്ദ്രം ഒന്നാം സ്ഥാനവും 104 പോയിന്റുകളോടെ പയ്യന്നൂർ കേന്ദ്രം രണ്ടാം സ്ഥാനവും 84 പോയിന്റുകളോടെ കാലടി തിരൂർ കേന്ദ്രം മൂന്നാം സ്ഥാനവും നേടി. ക്ലേ മോഡലിംഗ്, പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ മേക്കിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും തത്സമയ ചിത്ര രചനയിൽ രണ്ടാം സ്ഥാനവും നേടിയ കാലടി മുഖ്യ കേന്ദ്രത്തിലെ എം.ഏ. തീയറ്റർ വിഭാഗം വിദ്യാർത്ഥി ശരൺജിത് കലാപ്രതിഭയായി. സംസ്കൃത കഥ, സംസ്കൃത കവിത, അക്ഷരശ്ലോകം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ കാലടി മുഖ്യ കേന്ദ്രത്തിലെ ബി.ഏ. മൂന്നാം വർഷ സാഹിത്യം വിദ്യാർത്ഥിനി ഗംഗ കലാതിലകമായി.
സിഗ്നൽ സംവിധാനം സ്വിച്ച് ഓൺ ചെയ്തു
ദേശീയ പാതയിൽ കരയാം പറമ്പിൽ ജനുവരി 11നു സിഗ്നൽ സംവിധാനം സ്വിച്ച് ഓൺ ചെയ്തു.
No comments:
Post a Comment