ക്വാറികളുടെ പ്രവർത്തനം കർശനമായി നിയന്ത്രിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതോടെ പാറ പൊട്ടിയ്ക്കുന്നതിനു വൻ സ്ഫോടനങ്ങൾ ഉണ്ടാക്കാതെ മറ്റു വഴികൾ ഉണ്ടോ എന്നു തേടുകയായിരുന്നു കരാറുകാർ. നൈട്രോഗ്ലിസറിൻ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തുന്നതിനു പ്രാഗത്ഭ്യം ഉള്ളവരുടെ സഹായത്തോടെ വൻ ശബ്ദങ്ങൾ ഇല്ലാതെ ദുർബലമായ പാറകൾ പൊട്ടിച്ച് നാഷണൽ ഹൈവേ തുടങ്ങിയ വൻ പണികൾക്ക് ഉപയോഗിക്കുന്ന ഒരു രീതി സാർവത്രികമായിരിക്കുന്നു. പാറകളുടെ നടുക്ക് അര മീറ്റർ താഴ്ചയിൽ ഡ്രിൽ ചെയ്തു കുഴിയെടുത്ത് സൈക്കിൽ പമ്പോ മറ്റോ ഉപയോഗിച്ച് കുഴി വൃത്തിയാക്കി അതിൽ നൈട്രോഗ്ലിസറിൻ യൌഗികങ്ങൾ എന്തെങ്കിലും നിറച്ച് ഫ്യൂസുപയോഗിച്ചോ അല്ലാതെയോ നിയന്ത്രിത സ്ഫോടനം നടത്തി അര മണിക്കൂറിനുള്ളിൽ പാറകളിൽ വിള്ളലുണ്ടാക്കി പിന്നീട് ചെറു യന്ത്രങ്ങൾ ഉപയോഗിച്ച് പാറ ആവശ്യമായ വലിപ്പത്തിൽ മുറിച്ചു മാറ്റുകയാണ്. 100 മീറ്റർ ചുറ്റളവിൽ വീടുകളോ കെട്ടിടങ്ങളോ ഉള്ളിടത്ത് നിലവിലുള്ള നിയമ പ്രകാരം യാതൊരു ക്വാറി പ്രവർത്തനങ്ങളും നടത്തുവാൻ പാടില്ല എന്നിരിക്കേ ഇത്തരം സ്ഫോടനങ്ങൾ വീടുകളിൽ നിന്നും 50 മീറ്റർ അകലം പോലും ഇല്ലാത്ത സ്ഥലങ്ങളിൽ നടത്തി വരുന്നതായി കാണുന്നു. നൈട്രോഗ്ലിസറിൻ സ്ഫോടക വസ്തുവായതിനാൽ അതു മാർക്കറ്റിൽ നിന്നു വാങ്ങുന്നതിനു നിയന്ത്രണമുണ്ട്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോർഡിൽ (ഐസൊസോർബൈഡ് ഡൈ നൈട്രേറ്റ്) തുടങ്ങിയ യൌഗികങ്ങളും നിയന്ത്രിത സ്ഫോടനങ്ങൾക്ക് ഉപയോഗിച്ചു വരുന്നതായി കേൾക്കുന്നു. ഇവ ഉപയോഗിക്കുമ്പോൾ ശബ്ദവും വളരെ കുറവേ അനുഭവപ്പെടുന്നുള്ളൂ.
ഐസോർഡിൽ തുടങ്ങിയ നൈട്രോഗ്ലിസറിനുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ പര്യാപ്തമാണ്. അതിനാൽ അതു കൈകാര്യം ചെയ്യുന്നവരും അതുപയോഗിച്ച് ഉടച്ച പാറയും മറ്റും കൈകാര്യം ചെയ്യുന്നവരും അതു പുരണ്ട മണ്ണിൽ നടക്കുന്നവരും അവ കലർന്ന ജലം ഉപയോഗിക്കുന്നവരും മറ്റും പാർശ്വഫലങ്ങൾക്ക് വിധേയരായേക്കാം.
No comments:
Post a Comment