ആമ്പല്ലൂർ ടോൾ പ്ലാസ
ജനുവരി 17 അർദ്ധരാത്രി മുതൽ പാലിയേക്കര ടോൾ പ്ലാസയിൽ ആരംഭിക്കാനിരുന്ന ടോൾ പിരിവു ജനകീയ സമരത്തെ തുടർന്ന് മാറ്റിവച്ചു. ദേശീയ പാത അഥോറിറ്റിയും ബി.ഓ.ടി. കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം 80 കിലോമീറ്റർ ദൂരത്തിൽ സർവ്വീസ് റോഡുകളുടെ നിർമ്മാണം മേൽപ്പാലങ്ങൾ സബ് വേ വഴി വിളക്കുകൾ സിഗ്നൽ ലൈറ്റുകൾ തുടങ്ങി ശേഷിക്കുന്ന മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കിയാൽ മാത്രമേ ടോൾ പിരിവ് തുടങ്ങാൻ പാടുള്ളൂ എന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നുവത്രേ. എന്നാൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഈ നിർദ്ദേശത്തെ അട്ടിമറിച്ച് ടോൾ പിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ദേശീയ പാത അഥോറിറ്റിയും കരാറുകാരും ചേർന്ന് സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന വി.എം. സുധീരന്റെ പ്രസ്താവന പ്രസക്തമാകുന്നത്.
ഇതിനിടെ ടോൾ വിരുദ്ധ സംയുക്ത സമരസമിതി മുഖ്യമന്ത്രിയുമായി എറണാകുളത്തു വച്ചു നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനു അവർ ആമ്പല്ലൂർ സെന്ററിൽ വച്ചു വിശദീകരണ യോഗവും നടത്തിയിരുന്നു.
തെരുവു വിളക്കുകൾ കത്തുന്നത് നിലച്ചേക്കും
തെരുവു വിളക്കുകളുടെ പരിപാലനവും അറ്റകുറ്റ പണികളും ചെയ്യുന്നതിൽ നിന്നും സർക്കാർ കെ.എസ്.ഇ.ബി.യെ ഒഴിവാക്കി എന്നു വാദിച്ച് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ തെരുവു വിളക്കുകൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നില്ലെന്നു പരാതി. കെ.എസ്.ഇ.ബി. നിരക്കിൽ അധികരിക്കാത്ത നിരക്കിൽ ഇത്തരം പണികൾ ലൈസൻസ്ഡ് കരാറുകാർക്ക് നൽകുവാനും അറ്റകുറ്റ പണികൾ ബുധനാഴ്ചകളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ മാത്രം നടത്തുവാനുമാണത്രെ സർക്കാർ നിർദ്ദേശം. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ രാത്രി വെട്ടം കണ്ടു നടക്കുവാനുള്ള പൊതു ജനങ്ങളുടെ അവകാശത്തിനു കാര്യമായ കോട്ടം തട്ടാനിടയുണ്ട്.
സർക്കാർ ഉത്തരവിലെ അവ്യക്തതകൾ ഒഴിവാക്കി നടപടി ഉണ്ടാകണമെന്നു കാട്ടി മൂക്കന്നൂർ പഞ്ചായത്ത് പ്രമേയം പാസ്സാക്കി സർക്കാരിനു അയച്ചു കൊടുത്തിട്ടുണ്ട് എന്നറിയുന്നു.
No comments:
Post a Comment