കേരളം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്നമായ മാലിന്യ നിർമാർജ്ജന പ്രശ്നത്തിൽ മുൻകൈ എടുക്കാൻ ശ്രമിച്ച ഗ്രാമ പഞ്ചായത്തുകൾ എല്ലാം നിരന്തരം വഞ്ചിക്കപ്പെടുന്ന കഥകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പാറളം പഞ്ചായത്ത് പ്രസിഡന്റിനു വക്കീൽ നോട്ടീസ് ലഭിച്ചതിലെത്തി നിൽക്കുന്നു കാര്യങ്ങൾ.
പാറളം പഞ്ചായത്തിലെ 2800 വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വീട്ടുപകരണങ്ങളാക്കി പുനരുല്പാദനം നടത്തുന്നതിന് പാറളം പഞ്ചായത്ത് അധികൃതരും ഒരു കമ്പനിയും തമ്മിൽ കരാറിലെത്തി. 2800 വീടുകളിലും കമ്പനി 50 രൂപ വീതം ഈടാക്കി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള പ്ലാസ്റ്റിക് ബാഗും കമ്പനി നൽകി. തുക ഈടാക്കിയത് കരാർ വിരുദ്ധമാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
കഴിഞ്ഞ നാലു മാസത്തിനിടെ കമ്പനി ഒരു പ്രാവശ്യം മാത്രമേ ജനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിട്ടുള്ളൂ എന്നും ആയതു പ്രോസസ്സൊന്നും ചെയ്യാതെ പാർപ്പകടവിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ കുന്നു കൂട്ടിയിട്ടിരിക്കയാണെന്നും പഞ്ചായത്ത് ആരോപിക്കുന്നു. മാലിന്യം ശേഖരിക്കുന്നതിനു ഓരോ വാർഡിലും ഓരോരുത്തർ എന്ന ക്രമത്തിൽ നിയമിച്ച 15 പേർക്കും കമ്പനി ഒരു മാസത്തിൽ കൂടുതൽ ശമ്പളം നൽകിയിട്ടില്ലത്രേ. നാട്ടുകാർ പരാതി നൽകുമ്പോൾ കമ്പനി ഫോണുകൾ നിരന്തരം സ്വിച്ച് ഓഫും ആയിരിക്കും. പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടർന്ന് പോലീസ് പ്രശ്നത്തിൽ ഇടപെടുകയും തുടർന്ന് 15 പഞ്ചായത്ത് വാർഡ് മെമ്പർമാരും സെക്രട്ടറിയും 15 വാർഡ് കോ ഓർഡിനേറ്റർമാരും കമ്പനി സെക്രട്ടറിയും ഒരു അടിയന്തിര യോഗം ചേരുകയും ആ യോഗത്തിൽ വച്ചുണ്ടായ തീരുമാനങ്ങൾ ഒരു കരാർ രൂപത്തിലാക്കി. നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ജനുവരി 25നു മുമ്പ് നീക്കം ചെയ്യുക, വീടുകളിൽ നിന്നു രേഖയില്ലാതെ വാങ്ങിയ 50 രൂപ തിരികെ നൽകുക, കോ ഓർഡിനേറ്റർമാരുടെ ശമ്പളം കുടിശ്ശിക തീർത്തു നൽകുക എന്നിവ അംഗീകരിക്കുന്ന രേഖയിൽ കമ്പനി സെക്രട്ടറി ഒപ്പിട്ടു നൽകിയത്രേ.
രണ്ടു ദിവസം കഴിഞ്ഞു പഞ്ചായത്ത് സെക്രട്ടറിയുടേയും പ്രസിഡന്റിന്റേയും പേരിൽ വക്കീൽ നോട്ടീസ് വരികയായിരുന്നു. വാർഡ് അംഗങ്ങൾ കമ്പനി സെക്രട്ടറിയെ തടഞ്ഞു വച്ച് ദേഹോപദ്രവം ഏല്പിച്ച് ഭീഷണിപ്പെടുത്തി വെള്ള പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയത് തിരിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം.
ഈ സാഹചര്യത്തിൽ പാറളം പഞ്ചായത്തിന്റെ പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതി ചാപിള്ളയാകുമെന്നു ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
No comments:
Post a Comment