യു.എസ്.ഏ. അതി ഭീകരമായ മാന്ദ്യത്തിനടിപെട്ട് സമ്പത്തികമായി തകരുകയാണെന്നും ഇന്ത്യ മാന്ദ്യത്തെ അതിജീവിച്ച് മുന്നേറുകയാണെന്നും അമേരിക്കക്കാരും യൂറോപ്യന്മാരും മന്മോഹൻ സർക്കാരിലെ സകല സാമ്പത്തിക വിദഗ്ധരും പറഞ്ഞു തുടങ്ങിയിട്ടു കാലമേറെയായി. പഴയ മന്മോഹൻ സർക്കാരിന്റെ കാലത്ത് 2012 ആകുമ്പോളേക്കും മുപ്പത് രൂപയ്ക്ക് ഒരു ഡോളർ കിട്ടുമെന്നാണ് നമ്മുടെ സാമ്പത്തികവിജ്ഞർ പ്രവചിച്ചിരുന്നത്. എങ്കിലും ഇറാക്കു യുദ്ധം കഴിഞ്ഞു നടുനിവർക്കാനാകാതെ നിൽക്കുന്ന അമേരിക്കൻ ഡോളർ ഒന്നിനു ഇപ്പോൾ 54.18 മന്മോഹൻ രൂപയാണു 2011 ഡിസംബർ 15 നു ലഭിച്ചത്. ഈ റെക്കോർഡ് തകർച്ചക്ക് എന്തോ ഒരു സോഫ്റ്റ് വെയർ പിഴവു കൂടി കാരണമായിട്ടുണ്ടെന്നു ആശ്വസിക്കുകയാണ് നമ്മുടെ ധനകാര്യ വകുപ്പ്. നമ്മുടെ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നയാളെ കുറിച്ച് ധാരാളം അപഖ്യാതികൾ ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭയിൽ തന്നെ ഏറ്റവും ശക്തനായ മുഖർജിയുടെ ഗതി ചിദംബരത്തിനും വന്നിട്ടില്ല. കഴിഞ്ഞ ജൂലൈ മുതൽ രൂപയുടെ മൂല്യത്തിൽ 20% തകർച്ചയുണ്ടായത് സ്വാഭാവിക പരിണതിയോ, ചില കറുത്ത കൈകളുടെ ക്രിയകളോ? പ്രത്യേകിച്ച് റിസർവ് ബാങ്കും അലുവാലിയയും നിരന്തരം മാർക്കറ്റിനോടു പ്രതികരിച്ചുകൊണ്ടേയിരുന്നപ്പോൾ.
ഒന്നു ചോദിക്കട്ടെ, യഥാർത്ഥത്തിൽ തകർന്നത് അമേരിക്കൻ വിപണിയോ ഇന്ത്യൻ സാമ്പത്തിക വിപണനശേഷിയോ?മേലൂരിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് അവരവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടം
Monday, December 19, 2011
തകരുന്നത് എന്റെ വാലോ നിന്റെ കയ്യോ?
അശ്രദ്ധമായ യന്ത്രവത്കരണം കോടാലി പാടത്തെ കർഷകർ വലയുന്നു
മറ്റത്തൂർ കൃഷിഭവനു കീഴിലെ കോടാലി പാടത്തെ മുണ്ടകൻ കൃഷിപ്പണികൾ മുഴുവൻ യന്ത്രസഹായത്തോടെയാണ് നടത്തി വരുന്നത്. യന്ത്രസഹായത്തോടെ കോടാലി പാടത്ത് ഞാറു നട്ടപ്പോൾ ഒറ്റ ഞാറായാണു നട്ടത് എന്നതിനാൽ തുടക്കത്തിൽ വേണ്ടത്ര വെള്ളം കണ്ടങ്ങളിൽ കെട്ടിനിറുത്തുവാൻ കഴിയാതെ വന്നു. ഇതു ഗുരുതരമായ കളശല്യത്തിനു കാരണമായി. തുടർന്നു വൻ തോതിൽ കളനാശിനി പ്രയോഗിച്ചു. അതോടെ കൌണ്ട എന്ന കളയൊഴികെ മറ്റെല്ലാം നശിച്ചത് കൌണ്ടകൾ അനിയന്ത്രിതമായി വളർന്നു വരുന്നതിനു ഇടയാക്കി. യന്ത്രവത്കൃതി കൃഷിയായതിനാൽ നെല്ലിൽ നിന്നും കള പറിച്ചു കളയാൻ മാർഗ്ഗമൊന്നും കണ്ടുമില്ല. ആളുകളെ കൂലിക്കു നിറുത്തുന്നത് ലാഭകരമല്ലെന്നു വിദഗ്ധർ ഉപദേശിക്കുകയും ചെയ്തു. എങ്കിലും ചിലരെല്ലാം കളപറിക്കാരികളെ രംഗത്തിറക്കി. കള വിളവു കുറക്കുമെന്നത് ഉറപ്പായിരിക്കുകയാണ്. എങ്കിലും യന്ത്രവത്കരണം തുടരാൻ തന്നെയാണു തീരുമാനം.
പ്രേമചന്ദ്രനു ഓർമ്മക്കുറവുണ്ടായിരുന്നോ?
കേന്ദ്ര ജലകമ്മീഷൻ ചെയർമാനും കേരള-തമിഴ്നാട് സാങ്കേതിക വിദഗ്ധരും ചേർന്ന് 1979ൽ നടത്തിയ സംയുക്ത പരിശോധനയിൽ ദീർഘകാല പരിഹാരമായി പുതിയ ഡാം വേണമെന്നു തീരുമാനിക്കുകയും 1979ൽ തന്നെ തമിഴ്നാട് അക്കാര്യം അംഗീകരിക്കുകയും ചെയ്തതായിരുന്നെന്നു മുൻ ജലവിഭവ വകുപ്പു മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ. 2006 ഫെബ്രുവരിയിൽ ജലനിരപ്പ് ഉയർത്താൻ നിർദ്ദേശിച്ച് വന്ന വിധിക്ക് അടിസ്ഥാനമായ കേസ്സിലെങ്ങും ഇക്കാര്യം ഉന്നയിക്കാതിരുന്നതെന്തെന്നും പ്രേമചന്ദ്രൻ ചോദിക്കുന്നു. അന്നു ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.
ശരി. അതൊക്കെ പോകട്ടെ. 2006ൽ തന്നെ പ്രേമചന്ദ്രൻ തന്നെ ജലവിഭവ വകുപ്പു മന്ത്രി ആയിത്തീർന്നിരുന്നുവല്ലോ. പിന്നീടൊന്നും ഇതെല്ലാം അറിയാവുന്ന അദ്ദേഹം എന്തുകൊണ്ട് അധികാരത്തിൽ തുടരുന്ന കാലത്തൊന്നും ഈ വാദം തുടർച്ചയായി ഉയർത്തിയില്ല. അന്നു അദ്ദേഹത്തിനു ഓർമ്മക്കുറവുണ്ടായിരുന്നോ? കാവേരി ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം ശിരുവാണിയിൽ കേരളത്തിനു അനുവദിച്ച വെള്ളം ഉപയോഗപ്പെടുത്താതെ തുടർച്ചയായി തമിഴ്നാട്ടിലേക്ക് ഒഴുകിപ്പോകാൻ അനുവദിച്ചപ്പോളും അദ്ദേഹത്തിനു ഓർമ്മക്കുറവു തന്നെ ആയിരുന്നോ? അദ്ദേഹത്തിന്റെ കാലത്തു രൂപീകരിച്ച കാവേരി സെല്ലിനു എന്താണു സംഭവിച്ചതെന്നു അദ്ദേഹം ഇപ്പോളും ഓർക്കുന്നുണ്ടാകുമോ?
നിറ്റാജലാറ്റിൻ കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ സകലർക്കും ഉത്സാഹം
മാലിന്യപ്രശ്നവും പ്ലാന്റിലെ ബയോ ഗ്യാസ് സ്ഫോടനവും നിയമലംഘനങ്ങളും കെടുകാര്യസ്ഥതയുമൊക്കെ കാരണം പൂട്ടേണ്ടി വന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിൻ കമ്പനി വീണ്ടും പ്രവർത്തിപ്പിക്കാൻ സകലർക്കും ബഹു തിടുക്കം. യാതൊരു പ്രത്യക്ഷ ന്യൂനതാപരിഹരണവുമില്ലാതെ തന്നെ ചില ഉറപ്പുകൾ മാത്രം കമ്പനി നല്കാൻ തയ്യാറായിട്ടുണ്ടത്രേ.
ഡിസംബർ 7 നു തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടി അതിന്റെ മിനിറ്റ്സ് പുറത്തിറക്കുകയായിരുന്നു ആദ്യ പടി. കമ്പനി നടത്തിയ മലിനീകരണം സംബന്ധിച്ചു പഠനം നടത്തിയ സമിതിയുടെ ശുപാർശകളിൽ 13 എണ്ണം സമയബന്ധിതമായി നടപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിനു അനുമതി നൽകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. തീരുമാനം അനുസരിച്ചുള്ള പണികൾ കമ്പനി തുടങ്ങണം.
മാലിന്യ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ച ശേഷം മാത്രം കമ്പനി തുറന്നാൽ മതിയെന്നായിരുന്നത്രേ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട്. ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതുവരെ കമ്പനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കരുതെന്നു മുഖ്യമന്ത്രിയോട് മേധാ പട്കറും ആവശ്യപ്പെട്ടുവത്രേ. ബയോഗ്യാസ് പ്ലാന്റ് പൊട്ടിയപ്പോളുള്ള മുഖ്യമന്ത്രിയുടെ ഇടപെടലിനു മേധ നന്ദിയും പ്രകാശിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ യോഗത്തിന്റെ മിനിറ്റ്സ് തയ്യാറായ ഉടൻ തന്നെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂടി കമ്പനി തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവർ അതിൽ സന്നിഹിതരുമായിരുന്നു. കൊരട്ടി റസിഡന്റ്സ് നഗർ അസോസിയേഷനും മുസ്ലീം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയും അതു തന്നെ ആവർത്തിച്ചു.
കമ്പനി വേറെ നടപടി ക്രമങ്ങൾക്കൊന്നും കാത്തു നിൽക്കാതെ 2012 ഡിസംബർ 15 മുതൽ ഉല്പാദനവും ആരംഭിച്ചതായി അറിയുന്നു. ശുപാർശകൾ 2012 ഡിസംബറോടെ നടപ്പാക്കുമെന്നാണ് കമ്പനി തത്ക്കാലം പറയുന്നത്.
കള്ളപ്പണക്കാരുടെ പേരുകൾ പരസ്യപ്പെടുത്തില്ലെന്നു കേന്ദ്ര നയം
വിദേശങ്ങളിൽ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരുടെ പേരുവിവരം വെളിപ്പെടുത്താനാകില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ വ്യവസായത്തെ കള്ളപ്പണക്കാരുടെ പേരു പരസ്യപ്പെടുത്തുന്നത് പ്രതികൂലമായി ബാധിക്കുമത്രേ. പേരുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിൽ പാർലമെന്റ് അംഗങ്ങൾ തീർത്തും ഇല്ലെന്നു സ്പഷ്ടമാക്കിയിട്ടുമുണ്ട്. എന്തായാലും ഇന്ത്യൻ വ്യവസായം കള്ളപ്പണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നു അദ്ദേഹം സമ്മതിച്ചല്ലോ. ആ വ്യവസായം അല്പം പോലും വളർച്ച ഇല്ലാതെയാണു നിൽക്കുന്നതെന്നും അദ്ദേഹത്തിനറിയാം. സത്യസന്ധമായി വ്യാപാരം നടത്തുന്നവർക്കു കൂടി ഒരവസരം കൊടുക്കാൻ വല്ല വഴിയും ഉണ്ടോ എന്നു ഇനി വരുന്ന ധനകാര്യ മന്ത്രിയെങ്കിലും ചിന്തിച്ചാൽ നന്ന്.
നമ്മെ അലോസരപ്പെടുത്തേണ്ട വസ്തുത മറ്റൊന്നാണ്. പ്രതിയുടെ പേരു വെളിപ്പെടുത്താത്ത ഒരു കേസ്സും ഇന്ത്യയിൽ നിലനിൽക്കുകയില്ല. അതുകൊണ്ട് കള്ളപ്പണക്കാർക്കെതിരേ ഈ സർക്കാർ എന്തുകൊണ്ടു നടപടികൾ സ്വീകരിച്ചില്ല എന്നു ഇനി ആരും ചോദിക്കാൻ പോകുന്നില്ല. പേരു പ്രസിദ്ധപ്പെടുത്താനാകാത്തതുകൊണ്ട് കേസ്സും എടുത്തില്ല, അത്രതന്നെ. ഇടുക്കിയെ തമിഴ്നാടിനോടു ചേർക്കാൻ മൂന്നാറിൽ പ്രകടനം
ഇടുക്കിയെ തമിഴ്നാടിനോടു ചേർക്കാൻ ചില തമിഴ്നാടു കോൺഗ്രസ്സ് പാർലിമെന്റ് മെമ്പർമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി വാർത്തകൾ വന്നതിനു ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ ശാന്തമായ അവസ്ഥ സൃഷ്ടിച്ചാൽ ചർച്ചയ്ക്കു തയ്യാറാണെന്നു ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവിൽ അനവധി അഴിമതി ആരോപണങ്ങൾ നേരിട്ടപ്പോളും പ്രധാനമന്ത്രി സംരക്ഷിച്ച ആഭ്യന്തരമന്ത്രി പി ചിദംബരം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ എപ്രകാരമാണു മനസ്സിലാക്കിയിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങളെല്ലാം നേരത്തേ തന്നെ വ്യക്തമായ കെ.പി.സി.സി. സമരങ്ങൾ എല്ലാം അവസാനിപ്പിക്കുകയും യു.ഡി.എഫിനെക്കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിനെതിരെ പ്രകോപനകരമായ മുദ്രാവാക്യങ്ങളുയർത്തി തമിഴ് വംശജരായ ഇരുന്നൂറോളം പേർ കേരള പോലീസിന്റെ സാന്നിദ്ധ്യത്തിൽ മൂന്നാർ ടൌണിലും കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തിയത്. ഈ സമയമെല്ലാം തമിഴ്നാട്ടിൽ മലയാളികളുടെ കടകൾ കൊള്ളയടിക്കപ്പെടുകയും മലയാളി വിദ്യാർഥികളടക്കമുള്ളവർ മർദ്ദിക്കപ്പെടുകയുമായിരുന്നു.
ആകപ്പാടെ നോക്കുമ്പോൾ കേരളം മൊത്തമായി തമിഴ്നാടിൽ ലയിപ്പിക്കാനും കഴിവുള്ളപക്ഷം കോൺഗ്രസ്സ് തന്നെ മുൻകയ്യെടുത്ത് ചിദംബരത്തെ തന്നെ വിശാല തമിഴ്നാട് മുഖ്യമന്ത്രിയാനും കഴിഞ്ഞാൽ മുല്ലപ്പെരിയാറെന്നല്ല കേരളത്തിന്റെ സകല പ്രശ്നങ്ങളും അതോടെ തീർന്നുകിട്ടും.
Subscribe to:
Posts (Atom)