നക്സലൈറ്റ് പ്രസ്ഥാനത്തിനുണ്ടായ അപചയം ഒരു സ്വാഭാവികമായ പരിണതിയാണ്. അവരുടേത് കാല്പനികമായ ഒരു പ്രസ്ഥാനമായിരുന്നു. അതില്‍ മൂല്യവത്തായി ഉണ്ടായിരുന്ന ഒരു പ്രത്യേകത പ്രവര്‍ത്തകരുടെ അഴിമതിരാഹിത്യം ആയിരുന്നു. വിജ്ഞാന ശാഖകളിലും, സാഹിത്യ സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ കമ്മിറ്റഡ് ആയിട്ടുള്ള വളരെയധികം ആളുകൾ സ്വാതന്ത്ര്യ സമരകാലത്തിനോ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ ശേഷം നക്സൽ പ്രസ്ഥാനത്തിലല്ലാതെ വേറെങ്ങും വന്നിട്ടില്ല. പക്ഷേ അവരുടെ തെരഞ്ഞെടുപ്പുകൾ തെറ്റായിരുന്നാലും വ്യക്തികൾ എന്ന നിലയിൽ അവർ സമൂഹത്തിനു നൽകിയ സംഭാവനകളിൽ ഗണനീയരാണ്. ആരും വിമർശനാതീതരല്ല എന്ന ഒരു ഉറച്ച നിലപാട് കൈക്കൊണ്ട നല്ല വ്യക്തി മാതൃകകളായിരുന്നു അവർ. ഇന്നങ്ങിനെയല്ല. നാം ചിലരെയൊന്നും വിമർശിക്കുകയേയില്ല, വിമർശിക്കാൻ നമുക്കു മടിയാണ്, നാം ഭീരുക്കളായി. ഇന്നു ആരും ഒന്നും തുറന്നു പറയില്ല, സത്യം പറയില്ല, എല്ലാവരും ഭയസ്വാര്‍ത്ഥലോഭങ്ങളോടെ, അധികാരത്തിന്റെ ഹയറാർക്കിയെ മാനിച്ചുകൊണ്ടാണ് സംസാരിയ്ക്കുന്നത്. പൊതു മണ്ഡലത്തില്‍, പബ്ലിക് സ്പേസിൽ ഒരു പ്രസക്തി ഉണ്ടെങ്കിൽ മാത്രമേ ഏതൊരു മുന്നേറ്റത്തിനും നിലനിൽപ്പുള്ളൂ.
അറുപതുകളിലും എഴുപതുകളിലും വിശപ്പും പട്ടിണിയും ദാരിദ്യവും അടിമത്തവും ഉണ്ടായിരുന്നു. അന്നു നക്സലൈറ്റ് പ്രസ്ഥാനത്തിനു സ്വാഭാവികമായ അർത്ഥം ഉണ്ടായിരുന്നു. പെട്ടന്ന് നമ്മുടെ സാമ്പത്തിക അന്തരീക്ഷമൊക്കെ മാറി. ചെറുപ്പക്കാരൊക്കെ ഗൾഫിലേയ്ക്ക് പോകാനൊക്കെ തയ്യാറാവുന്ന ഒരു അവസ്ഥ വന്നു. അതോടെ ജനമനസ് നേടിയെടുക്കാൻ വിപ്ലവകാരികള്‍ക്ക് പറ്റാതായി. പുതിയ സമ്പദ്മേഖലകളും തൊഴിൽ സാധ്യതകളും കേരള ജനതയ്ക്കു വന്നപ്പോൾ ജനങ്ങൾ വിപ്ലവത്തിനു ചെവി കൊടുക്കാതായി. അങ്ങനെ പൊതുവേ നക്സലൈറ്റുകൾ സമൂഹത്തിൽ അപ്രസക്തരായി. പക്ഷേ അതിന്റെ അടിയുറച്ച പ്രവർത്തകർ, വിശിഷ്യാ സംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചവർ, പണ്ടു തങ്ങൾ എതിർത്തിരുന്ന ആ തിരുത്തൽ വാദ ശക്തികളുടെ കൂടെ തന്നെ പോയി . പിന്നെ ചിലർ മത മൌലീകവാദികളുടെ പാളയത്തിലേക്ക് പോയി.
മൌലീകവാദം വലിയ ധനസമ്പത്തോടു കൂടിയാണ് ഇവിടെ വന്നിരിക്കുന്നത്. മൌലികവാദവും ഇസ്ലാമിസവും അവസരവാദഇടതു പക്ഷവും തമ്മിൽ ഇവിടെ കൈകോർക്കാനും അങ്ങിനെ ഇട വന്നു. ഈ കൈകോർക്കൽ അവരെ സംബന്ധിച്ചിടത്തോളം വളരെ സുരക്ഷിതം ആണ്. അവർ റാഡിക്കലോ വിപ്ലവകരമോ ആയ ഒരു ഫിലോസഫി എടുത്തു പെരുമാറുന്നു, സമുദായാംഗങ്ങളെ മദ്ധ്യകാല സംസ്കാരത്തില്‍ കെട്ടിയിടുന്നവരിൽ നിന്ന് പ്രതിഫലം പറ്റുന്നു. ഇതൊന്നും എഴുത്തുകാരനോ ബുദ്ധിജീവികൾക്കോ ഒന്നും ഒരു പ്രശ്നമല്ല. റാഡിക്കൽ ആയി മാർക്സിസം പോലെ ഒരു സാധനം ഉണ്ടായിരിക്കുമ്പോളും പലപ്പോഴും അതിന്റെ മറവിൽ സേവിക്കുന്നത് മൌലീകവാദത്തെ ആണ്. പലപ്പോഴും ഈ സേവയുടെ കാരണം സാമ്പത്തികമായിരിക്കാം, സുഖസൌകര്യങ്ങളുടെ ആയിരിക്കാം, അങ്ങനെയുള്ള കോമ്പ്രമൈസ് ഏതുമായിരിക്കാം.
മറ്റുള്ള സ്റ്റേറ്റുകളിൽ നിന്നും വിഭിന്നമായി മാർക്സിസം നിലനിൽക്കുന്ന ഒരു ഇടതുപക്ഷ സ്റ്റേറ്റ് ആയതുകൊണ്ട് കേരളത്തിൽ റാഡിക്കലിസം നിലനിറുത്തിക്കൊണ്ടു തന്നെ മൌലീകവാദത്തിനു വളരാനാകും.
നക്സലൈറ്റുകൾക്ക് മാറിയ സാഹചര്യത്തിൽ നക്സലൈറ്റുകളായി നിലനിൽക്കുക അസാധ്യമായിരുന്നു. പക്ഷേ ആ രാഷ്ട്രീയ ശൂന്യതയിൽ അവർ എന്തു ചെയ്യണമായിരുന്നു?
നക്സലിസത്തിൽ നിന്നു പോയവരൊക്കെ ഇന്ന് മുന്നണി രാഷ്ട്രീയത്തിന്റെ ഒരു കപട ജനാധിപത്യ സെറ്റപ്പിലാണ് വർക്ക് ചെയ്യുന്നത്. മുന്നണി ജനാധിപത്യത്തിലെ ഒരു കറക്റ്റീവ് ഫോഴ്സ് ആകുന്നതിനു പകരം അവർ ഇടതു -വലതു മുന്നണികളെ പിന്താങ്ങുകയായിരുന്നു. അവർ ഒരു സൌവർണ പ്രതിപക്ഷം, ഗോൾഡൻ ഒപ്പോസിഷൻ ആകുകയായിരുന്നു വേണ്ടിയിരുന്നത്. ഇന്നത്തെ ബദൽ പ്രസ്ഥാനങ്ങൾ പലപ്പോഴും സര്‍ഗാത്മകനേതൃത്വം ഇല്ലാത്തതു കാരണം തോൽക്കുന്നതായാണ് കാണുന്നത്. പക്ഷേ അന്നു നൂറു കണക്കിനു നല്ല ബുദ്ധിയുള്ള ഏറ്റവും ക്രീം ആയിട്ടുള്ള ആളുകൾ നേതൃത്വത്തിലുണ്ടായിരുന്നു. അവർ കക്ഷിരാഷ്ട്രീയത്തിൽ ഭാഗ്യാന്വേഷണത്തിന് പോകുന്നതിനു പകരം ഇത്തരം ബദൽ നേതൃത്വത്തിൽ വരണമായിരുന്നു.
ഇന്നു ലോക്കൽ ആയ ഒരു പ്രശ്നം വരുമ്പോൾ നേതൃസ്ഥാനത്ത് നല്ല പേരും കഴിവും ആർജ്ജവവും ഉള്ള ഒരു ബുദ്ധിജീവി ഉണ്ടാകുന്നത് അപൂർവം. പകരം കക്ഷി രാഷ്ട്രീയക്കാരാണ് ആ ശൂന്യത നിറക്കുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ തകർച്ച കഴിഞ്ഞ ഉടനെ അവർ ജനകീയ സാംസ്കാരിക വേദി ഉണ്ടാക്കുകയാണു ചെയ്തത്, പക്ഷേ അതു പിളർന്നു. പിളർപ്പിന്റെ ഫലമായി ആർക്കും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്കാൻ വയ്യാണ്ടായി. അന്തിമമായി അതൊരു പരാജയമായി.
അതിൽ വളരെ ട്രാജിക്ക് ആയിട്ട് ഒന്നുണ്ട്. ബുദ്ധിജീവികളിൽ വളരെ അപൂർവം പേർ ഒരു കോമ്പ്രമൈസിനും തയ്യാറായില്ല. സാധാരണ പ്രവർത്തകരിൽ പലരും കോമ്പ്രമൈസ് ചെയ്തില്ല. പക്ഷേ അവർക്ക് പോകാൻ ഒരു സ്ഥലം വേണ്ടേ? അവരുടെ ജീവിതം പല തലങ്ങളിലൂടെയാണ്, ഒന്നുകിൽ മദ്യം അല്ലെങ്കിൽ രാഷ്ട്രീയം അല്ലെങ്കിൽ ഭ്കതി അല്ലെങ്കിൽ പള്ളി അല്ലെങ്കിൽ അമ്പലം. അങ്ങനെയുള്ള എന്തെങ്കിലും ഒരു ലഹരി ഇല്ലെങ്കിൽ മനുഷ്യനു ജീവിയ്ക്കാൻ കഴിയില്ല. ഈ പരിണതി വലിയൊരു അപചയം ആണ്. നക്സലിസത്തിനു വലിയൊരു കറക്റ്റീവ് ഫോഴ്സായ സൌവർണ പ്രതിപക്ഷം ആകാനുള്ള അവസരം അവർ കളഞ്ഞു കുളിച്ചു. എൽ.ഡി.എഫ് തന്നെയും മൂന്നാർ പോലെയുള്ള പ്രശ്നങ്ങളിൽ നിക്ഷിപ്ത താല്പര്യങ്ങളോട് ഒത്തു കളിയ്ക്കുകയാണ്. അതെല്ലാം കറക്റ്റ് ചെയ്യേണ്ട ഒരു സൌവർണ പ്രതിപക്ഷത്തിന്റെ പ്രസക്തി ഇപ്പോളുമുണ്ട്.
No comments:
Post a Comment