ചാലക്കുടി പുഴ എന്നാൽ പ്രധാനമായും അതിലൂടെ ഒഴുകുന്ന ജലവും അതിലെ ജൈവവ്യൂഹവുമാണ്. അനേക നൂറ്റാണ്ടുകളായി പുഴയ്ക്കു ഇരു കരയിലുമുള്ളവർ തങ്ങളുടെ കുടിവെള്ളം ജലസേചനം മതപരമായ ആവശ്യങ്ങൾ, നിത്യ കർമങ്ങൾ ഉപജീവനം തുടങ്ങിയവയ്ക്കൊക്കെ പുഴയെ ആശ്രയിച്ചു വരുന്നു. തമിഴ് നാടും കേരളവും ജലം പങ്കിടുന്ന ഒരു കരാറും ചാലക്കുടി പുഴയെ സംബന്ധിക്കുന്നതായി ഉണ്ട്.
തുമ്പുർമുഴി അണയിൽ നിന്നും ഇടതു കരയും വലതു കരയും കനാലുകളിലൂടെ ലഭിയ്ക്കുന്ന വെള്ളമാണ് വേനൽക്കാലങ്ങളിൽ ഈ പ്രദേശത്തെ കൃഷിയും കുടിവെള്ളവും നിലനിറുത്തുന്നത്. ശരിയായ നീരൊഴുക്ക് ഉറപ്പു വരുത്താഞ്ഞാൽ കടലിൽ നിന്നും ഓരു വെള്ള ഭീഷണിയും വലുതാണ്.
കെ.എസ്.ഇ.ബി. വക അഞ്ചു ജനറേറ്ററുകൾ ചാലക്കുടി പുഴയിലെ വെള്ളം കൊണ്ടു പ്രവർത്തിക്കുന്നുണ്ട്. ഇതു വരെ ആരും അക്കാര്യങ്ങളിലൊന്നും എതിരു പറഞ്ഞതായി കേട്ടിട്ടുമില്ല.
എന്നാൽ നിർദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിയുടെ ആവിഷ്കാരത്തോടെ ചാലക്കുടി പുഴയിൽ എല്ലായ്പ്പോളും വെള്ളം ഒഴുക്കേണ്ടതില്ല എന്ന ഒരു നയം കെ.എസ്.ഇ.ബി. രഹസ്യമായും പരസ്യമായും പറഞ്ഞും പ്രവർത്തിച്ചും ഇരിയ്ക്കുന്നതായി പല കേന്ദ്രങ്ങളിൽ നിന്നും ആരോപണം ഉയർന്നു വരുന്ന സാഹചര്യങ്ങൾ സംജാതമായിട്ടുണ്ട്. ഇതിനിടെ കെ.എസ്.ഇ.ബി.യുടെ തന്നെ അലംഭാവം കൊണ്ട് അഞ്ചിൽ ഒരു ജനറേറ്റർ മാത്രം പ്രവർത്തിപ്പിയ്ക്കാനാകൂ എന്ന നിലയും വന്നു കൂടി. അതോടെ അഞ്ചു ജനറേറ്റരിൽ നിന്നും ഒഴുകുന്ന വെള്ളത്തിനു പകരം ഒരു ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ഉള്ള വെള്ളം, അതും അതു പോലും പ്രവർത്തിയ്ക്കുന്ന സമയത്തു മാത്രം ചാലക്കുടി പുഴയിലേയ്ക്കു ഒഴുക്കിയാൽ മതി എന്ന നിലയിലേയ്ക്ക് കെ.എസ്.ഇ.ബി. അധികാരികൾ തീരുമാനമെടുഠു നടപ്പിലാക്കി.
1.8 മീറ്റർ ശരാശരി ഹെഡ് ഉണ്ടായിരുന്ന ജലലഭ്യത അതോടെ നാല്പതും അമ്പതും സെന്റിമീറ്റർ മാത്രമായി കുറഞ്ഞു. കനാലുകളുടെ നിയന്ത്രണം കയ്യാളുന്ന ഇടമലയാർ ഇറിഗേഷൻ പദ്ധതി അധികാരികൾ അതിനാൽ കനാൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിയ്ക്കാനും ചില ഇടങ്ങളിലേയ്ക്കു മാത്രമായി ജലലഭ്യത പരിമിതപ്പെടുതാനും അതിടയാക്കി. വ്യാപകമായ കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും ഈ ഫെബ്രുവരിയിൽ തന്നെ അത് ഇടയാക്കി. ഈ വേനൽ കടുത്തതായിരിയ്ക്കും എന്നു കാലാവസ്ഥാ പ്രവചനം ഉള്ള കാര്യം കെ.എസ്.ഇ.ബി.യും ഐ.ഐ.പിയും ജനവും മറന്നു പോയിരിക്കുന്നു.
ഇന്ത്യയിൽ വംശനാശം നേരിടുന്ന നൂറോളം മത്സ്യ ഇനങ്ങൾ ചാലക്കുടി പുഴയിൽ ആണു ഉള്ളത്. പുഴയുടെ നിരപ്പിൽ ദിവസവും നിരന്തരം വരുന്ന ഈ മാറ്റങ്ങൾ ഉണ്ടാക്കുന്ന ആഘാതം എത്ര ജീവിവർഗ്ഗങ്ങളെ തന്നെ ഭൂമുഖത്തു നിന്നും തുടച്ചു കളയുകയില്ല എന്നും അറിയുകയില്ല. അതും പോരാഞ്ഞ് തമിഴ് നാട്ടിൽ നിന്നും മറ്റും കുട്ട വഞ്ചികളിൽ മീൻ പിടിയ്ക്കാൻ വരുന്നവർക്ക് അഞ്ഞൂറും ആയിരവും രൂപയ്ക്ക് ലൈസൻസ് കൊടുക്കുന്ന പഞ്ചായത്തുകൾക്കറിയുമോ അവർ ജീവിവർഗ്ഗത്തിനു തന്നെ ചെയ്യുന്ന കൊടും പാതകത്തിന്റെ വ്യാപ്തി.
ചാലക്കുടി പുഴയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ ചണ്ടിക്കുളങ്ങളായിട്ട് ദശകങ്ങളായി. അവിടങ്ങളിലെ കക്കവാരലും മറ്റു നാടൻ തൊഴിലുകളും ഉണ്ടായിരുന്നുവെങ്കിൽ മണൽ വാരൽ ഇത്ര ഗുരുതരമായ ഒരു സാമൂഹ്യ പാരിസ്ഥിതിക പ്രശ്നമായി വളരുകയില്ലായിരുന്നു.
ചാലക്കുടി പുഴയിലെ കെ.എസ്.ഇ.ബി.നിലയങ്ങളുടെ പ്രവർത്തന ശേഷിയ്ക്കനുസരിച്ചുള്ള പുറം തള്ളൽ ജലത്തിനു മാത്രമേ ജനത്തിനും ജൈവവ്യവസ്ഥയ്ക്കും അവകാശമുള്ളൂ എന്ന നയം എന്തായാലും ജനകീയമല്ല. ഊർജ്ജം കൊണ്ടു മാത്രം ആർക്കും ജീവിയ്ക്കാനാകുകയില്ല. സർക്കാർ കോടിക്കണക്കിനു രൂപ ചെലവു ചെയ്തും പ്രലോഭിപ്പിച്ച് അനേക കോടി മുതൽ മുടക്കിച്ച് കൃഷീക്കാരെക്കൊണ്ടും വീട്ടമ്മമാരെക്കൊണ്ടും കൃഷി ചെയ്യിച്ചുണ്ടായ പച്ചപ്പെല്ലാം കെ.എസ്.ഇ.ബി.യുടെ ഭാവനാശൂന്യമായ നടപടി കൊണ്ട് നശിപ്പിക്കുമെങ്കിൽ കേരളത്തിലെ കാർഷിക മേഖലയിലേയ്ക്ക് ആരിറക്കും മുതൽ മുടക്കും അദ്ധ്വാനവും?
ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും ഒരു പ്രമേയം പോലും പാസ്സാക്കാതെ നിസ്സംഗരായിരിയ്ക്കുന്ന ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ അധികാരികളുടെ നിസ്സംഗതയേയും വിവരിയ്ക്കാൻ വാക്കുകളില്ല.
എഡിറ്റർ
No comments:
Post a Comment