ഒളിച്ചു വയ്ക്കാനാകാത്ത ഓർമ്മച്ചെപ്പുകളാണ് യാത്രകൾ. അവയിൽ തുളുമ്പി നിൽക്കുന്നത് കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞുകൊണ്ടിരിക്കുന്ന പാരമ്പര്യവും. മറക്കാൻ കഴിയാത്ത ദൃശ്യങ്ങളുടെ അനന്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു ആ യാത്ര. ഈ യാന്ത്രിക ലോകത്ത് അനാകർഷകമായി ഒന്നുമില്ല. എങ്കിലും ആ ദൃശ്യങ്ങൾ എന്തുകൊണ്ടും എന്നിലെ എന്നോട് അലിഞ്ഞു ചേരാൻ വെമ്പി നിന്നവയായിരുന്നിരിക്കാം.
ഓടു മേഞ്ഞ വീടിനു മുമ്പിൽ പുഴുപ്പല്ലും കാട്ടി ചിരിച്ചു നിന്ന ആ ഇരട്ട ആൺകുട്ടികൾ എന്നിലെ ഇരട്ട സഹോദരിയ്ക്ക് പ്രിയരാണ്. വിജനമായ വഴിയിലേയ്ക്കു അവർ കണ്ണും നട്ട് ഇരുന്നത് ബസ്സിൽ നിന്നും എന്റെ കൈകൾ അവർക്കു വേണ്ടി ഉയരുന്നതു കാണാനാകും. അവരുടെ കൈകളിലെ പനിനീർ പൂക്കൾ ആരെയാകും പ്രതീക്ഷിക്കുന്നുണ്ടാവുക? അവരെന്റെ കുഞ്ഞനുജന്മാരായി വന്നിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. അവരുടെ അസാന്നിദ്ധ്യം എന്നെ വിഷമിപ്പിക്കുന്നതും അതു കൊണ്ടു തന്നെയല്ലേ?
ഇതിനുമെല്ലാമുപരി കനാൽത്തിണ്ട് മാറോട് ചേർത്ത് അന്തിയുറങ്ങുന്ന ആ വൃദ്ധ പൂർണ്ണമായി എനിക്കു ആകർഷണീയയായി. മേൽക്കൂരയില്ലാത്ത അവരുടെ കുടിലിൽ നിന്നും സകലത്തിനും മാപ്പുസാക്ഷിയായ പുക ഉയരുന്നുണ്ടായിരുന്നു. മൂർച്ചയില്ലാത്ത ഒരു കത്തികൊണ്ട് നെറുകയിൽ ഒരു പ്രയോഗമേൽക്കുമ്പോലെ അതെന്നെ ഭീതിപ്പെടുത്തി. ഏകാന്തജീവിതത്തിന്റെ ഉടമസ്ഥാവകാശം അവർക്കുമാത്രം സ്വന്തം! അടുപ്പിലെ കലം ശൂന്യമായതുകൊണ്ടായിരിക്കുമോ പുകയ്ക്കു പോലും അവരോട് ഒരു അവഹേളനം? അവരുടെ കണ്ണുകളിലെ ഭീതിയാണ് എനിയ്ക്കാ ചോദ്യം സമ്മാനിച്ചത്. “എന്തുകൊണ്ട് ജീവിതം അവരെ കൈവിടുന്നു?” ഉത്തരം ഞാൻ തേടി അലഞ്ഞെങ്കിലും ആ സത്യം എന്റെ പ്രായം അർഹിക്കുന്നില്ലെന്ന മറുപടി എന്നെ അവരിലേയ്ക്കു കൂടുതൽ അടുപ്പിച്ചു.
ഭീതിതമായ ആ കണ്ണുകൾ എന്നിൽ ചെലുത്തിയ സ്വാധീനം അവരെ എന്റെ നിദ്രയിൽ കൊണ്ടെത്തിച്ചു. ഇലക്ട്രിക് ഫാനിന്റെ ചുവടെ ഇരുന്ന് പുസ്തകത്താളുകളിൽ കണ്ണോടിയ്ക്കവേ പുറത്തെ നിലാവറിയാതെ നിദ്രയിൽ ഞാൻ ആഴുമ്പോളും, ഏകാന്തതയുടെ ഉപ്പുരസം തൊട്ടറിയാൻ കഴിയാതെ ജീവിതം ഇഴഞ്ഞു നീങ്ങുമ്പോളും, മിഴികൾക്ക് മുമ്പിൽ കനാൽത്തിണ്ട് മാറോട് ചേർത്ത് അനാഥത്വം പുതപ്പായി സ്വീകരിച്ച ആ വൃദ്ധയും നാസാഗഹ്വരങ്ങളിൽ മാപ്പുസാക്ഷിയായി ഉയരുന്ന ഏകാന്തതയുടെ പുകയുടെ ഗന്ധവുമാണ്.
പ്രതിഭാങ്കുരമായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതി സി.ഡി.യെയാണ് ആദ്യമായി കുട്ടികളുടെ എഴുത്തുകാരിയായി മേലൂർ ന്യൂസ് അവതരിപ്പിക്കുന്നത്. അടിച്ചിലിയിലെ വൈഖരി വായനശാലയുടെ ഭാരവാഹി കൂടിയാണ് പാർവതി.
SUPER... TRY TO SAVE THAT OLD WOMEN
ReplyDelete