സി.ആർ. പരമേശ്വരൻ
ഈ ചോദ്യത്തിൽ ഒരു കുഴപ്പമുണ്ട്. പട്ടിണിയും ദാരിദ്യവും ഒട്ടും നല്ലതായ കാര്യമല്ല. പണ്ടത്തെ ദാരിദ്യത്തേയും നൈർമല്യത്തേയും ഗ്ലാമറൈസ് ചെയ്യുന്നതിൽ എനിയ്ക്കു യാതൊരു താല്പര്യവുമില്ല. പട്ടിണിയും ദാരിദ്യവും ഇല്ലാത്ത ഒരു അവസ്ഥയിൽ തന്നെയാണ് കൂടുതൽ സ്വാതന്ത്ര്യവും അനുഭവപ്പെടുന്നത്. പട്ടിണിയും ദാരിദ്യവും അനുഭവിയ്ക്കുമ്പോൾ നിങ്ങൾ അമാനവത്കരിയ്ക്കപ്പെടും. മനുഷ്യത്ത്വം തന്നെ നിങ്ങൾക്കു നഷ്ടപ്പെടും. നിങ്ങൾ ഒരുപാടു സംഘർഷങ്ങൾക്കിരയാകും. മനുഷ്യൻ സമ്പന്നനാകുന്ന പ്രക്രിയയിൽ നാട്ടിലെ ആളുകൾ ഒരു പാടു നഗരവത്കരിയ്ക്കപ്പെടും, പ്രകൃതിയിൽ നിന്നകലും. അങ്ങനെ നാട്ടിൽ നിന്നു പോകുമ്പോൾ തന്നെ നമ്മുടെ ഒരുപാടു കാര്യങ്ങൾ നഷ്ടപ്പെടുന്നുമുണ്ട്. നഗരവത്കരണ പ്രക്രിയയിൽ തന്നെ പലതും നഷ്ടപ്പെടുന്നുണ്ട്. അപ്പോൾ നമ്മൾ ഒരു കമ്മേഴ്സ്യൽ ഉപഭോഗത്തിലേയ്ക്കു തിരിയുന്നുണ്ട്. പണ്ടു നമ്മൾ എല്ലാവരും കൃഷി ചെയ്തിരുന്നു. ഗ്രാമീണ വ്യവസ്ഥയിൽ ഭയങ്കര കൂട്ടുത്തരവാദിത്തമുണ്ട്. പക്ഷേ ഇപ്പോൾ അത് അഫോർഡ് ചെയ്യാൻ നമുക്കു കഴിയുകയില്ല. അങ്ങനെ നമുക്ക് ഒരുപാടു കൂട്ടായ്മകൾ നഷ്ടപ്പെട്ടു, അയൽപ്പക്ക കൂട്ടായ്മകളും, വീട്ടിനുള്ളിലെ കൂട്ടായ്മകളും, കൂട്ടുകുടുംബവും അടക്കം. മനുഷ്യബന്ധങ്ങളിൽ വല്ലാത്ത ഒരു നഷ്ടം സംഭവിച്ചിട്ടുണ്ട്. അതേ പോലെ തന്നെ പ്രകൃതിയിലെ ഒരു ഭാഗവും നമുക്കു നഷ്ടപ്പെടുന്നുണ്ട്. ഉദാഹരണത്തിനു ചാലക്കുടിപ്പുഴ നശിച്ചതു കണ്ടു നിൽക്കാൻ കൂടി കഴിയുകയില്ല. അതേ സമയം നമ്മൾ അനുഭവിച്ചിരുന്ന ഭക്ഷണവും വസ്ത്രവും ഇല്ലാത്ത കൊടും പട്ടിണിയിൽ നിന്നും നമുക്കു മോചനം ലഭിച്ചിട്ടുണ്ട്. പിന്നെ ഇന്നു ആർക്കും എന്തും ആകാനുള്ള ഒരു ചോയ്സും ഉണ്ട്. രണ്ടു തലമുറകൾക്കു മുമ്പ് യാതൊന്നും ഒരിക്കലും ആകാൻ സ്വപ്നം കാണാനാകാഞ്ഞവരുടെ പിൻ തലമുറക്കാർക്ക് ഒരു മധ്യവർത്തി സമൂഹത്തിലെ അംഗമാകാൻ കഴിയുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവസരവും അപ്രകാരം തന്നെ. ചിലരുടെ കൊച്ചുമക്കൾക്ക് ലോകാന്തര പൌരന്മാരും ആകാൻ കഴിയുന്നുണ്ട്. അതുകൊണ്ട് അല്പം ഫിലോസഫിക്കലായി നമ്മുടെ കൂട്ടായ്മകളെല്ലാം തിരിച്ചു പിടിയ്ക്കാൻ നമുക്ക് ആകുമെന്നു പറയാം.
what a rubbish question is that...?
ReplyDelete