മേലൂർ ഗ്രാമപഞ്ചായത്തുവക സർക്കാർ മൃഗാശുപത്രി കുന്നപ്പിള്ളിയിലെ വാടക കെട്ടിടത്തിൽ നിന്നും മാറി 18.05.2005 മുതൽ സ്വന്തം കെട്ടിടത്തിലാണു പ്രവർത്തിയ്ക്കുന്നത്. ഈ ആശുപത്രിയിൽ ഒരു വെറ്ററിനറി സർജൻ, ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, ഒരു അറ്റൻഡർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ ജോലി ചെയ്യുന്നു. മൃഗാശുപത്രിയിൽ ലബോറട്ടറി, ഫാർമസി സൌകര്യങ്ങൾ ഉണ്ട്. ഓപ്പറേഷൻ തീയേറ്റർ ഇല്ല. ഡോക്ടർ സുനിൽ കുമാർ പി.എസ്. ആണ് ഇപ്പോൾ വെറ്ററിനറി സർജൻ. ആശുപത്രി ആഫീസിലെ ഫോൺ നമ്പർ 0480 – 2737571 ആണ്. ഡോക്ടറുടെ മൊബൈൽ ഫോൺ നമ്പർ 9446232153ലേയ്ക്കു വിളിയ്ക്കുകയുമാകാം
കുന്നപ്പിള്ളിയിലെ സർക്കാർ മൃഗാശുപത്രി കെട്ടിടം
2003ലെ കന്നുകാലി സെൻസസ് 2008ലെ കന്നുകാലി സെൻസസ് എന്നിവ താരതമ്യപ്പെടുത്തുമ്പോൾ ആടും മുയലും താറാവും യഥാക്രമം 110.9391, 153.1915, 32.98611 എന്നിങ്ങനെ കൂടിയപ്പോൾ പശു, എരുമ, പന്നി, നായ്, കോഴി എന്നിവ യഥാക്രമം -36.3205, -34.4569, -59.7598, -46.8055, -56.0513 എന്നിങ്ങനെ ശതമാനം എണ്ണത്തിൽ കുറഞ്ഞു.
കന്നുകാലി സെൻസസിന്റെ വിവരങ്ങൾ
ഇങ്ങനെ മൃഗാശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചിട്ടും ആടൊഴികെയുള്ള കന്നുകാലികളും പ്രധാന പക്ഷിയിനമായ കോഴിയും എണ്ണത്തിൽ കാര്യമായി കുറവു വന്ന സാഹചര്യം ഉണ്ടായി. എന്തായാലും. പശുവളർത്തലിലെങ്കിലും വൻ വർദ്ധന നേടണമെന്ന ലക്ഷ്യത്തോടെ പഞ്ചായത്തും ഡോക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മൃഗാശുപത്രി ജീവനക്കാരും ഒത്തു പ്രവർത്തിയ്ക്കുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. മൃഗാശുപത്രിയിൽ പഞ്ചായത്തും സർക്കാരും ചില പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുമുണ്ട്.
ഡോക്ടർ സുനിൽ കുമാർ മൃഗാശുപത്രിയിൽ
ഡോക്ടറുടെ അഭിപ്രായത്തിൽ ക്ഷീരകർഷകർക്ക് ഏറ്റവും സഹായകരമായ നിലപാടാണു മേലൂർ പഞ്ചായത്ത് സ്വീകരിച്ചു വരുന്നത്. 2011-2012 വർഷത്തേയ്ക്ക് പ്ലാൻ ഇനത്തിൽ 9 ലക്ഷം പഞ്ചായത്ത് മൃഗാശുപത്രിയ്ക്കു വേണ്ടി നീക്കി വച്ചതിൽ 895000 രൂപയും ചെലവഴിയ്ക്കാൻ സാധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പദ്ധതികളിൽ ഏറ്റവും പ്രധാനം ആപ്കോസ് സംഘങ്ങളിൽ ഒരു ലിറ്റർ പാലളക്കുന്നവർക്ക് രണ്ടു രൂപയുടെ കാലിത്തീറ്റ വീതം പരിധിയോ ദാരിദ്ര്യരേഖയോ പരിഗണിയ്ക്കാതെ നൽകുന്ന പദ്ധതിയാണ്. സംഘങ്ങൾ വഴി തന്നെയാണ് കാലിത്തീറ്റ നൽകി വരുന്നത്.
എല്ലാത്തരം പക്ഷി മൃഗാദികൾക്കും ആശുപത്രിയിൽ ചികിത്സ ലഭിയ്ക്കും. പെറ്റുകൾക്കൊഴികെ ഒരു വളർത്തു മൃഗത്തിനും പക്ഷിയ്ക്കും ഫീസില്ല. പെറ്റുകളുടെ ചികിത്സയ്ക്കു ഫീസു നൽകണം. കുത്തിവയ്പ്പിനും മറ്റു സാധാരണ സർവ്വീസുകൾക്കും ഫീസില്ല. പശുക്കളിൽ ജേഴ്സി, ഹോൾസ്റ്റീൻ, വെച്ചൂർ എന്നീ ഇനങ്ങളുടെ ബീജം കുത്തിവയ്ക്കാൻ സൌകര്യമുണ്ട്. വെച്ചൂർ പശുവിന്റെ ബീജം നാടൻ പശുക്കൾക്കു മാത്രമേ നൽകൂ. കുത്തിവയ്ക്കുന്നതിനു സാധാരണമായി മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടു വരണം. ഫാമുകളിൽ ചെന്നു കുത്തിവയ്ക്കാറുമുണ്ട്. എരുമകളിൽ മുറേ ഇനത്തിലുള്ള ബീജവും ആടുകളിൽ മലബാറി ഇനത്തിന്റെ ബീജവുമാണ് കുത്തിവയ്ക്കുന്നത്.
കുത്തിവയ്ക്കാൻ കൊണ്ടു വന്നിരിയ്ക്കുന്ന പശു
ആശുപത്രിയിൽ നിന്നും സർക്കാർ സപ്ലേയായി എത്തുന്ന മരുന്നുകൾ സൌജന്യമായി നൽകി വരുന്നു. ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തേയ്ക്ക് വാങ്ങാൻ എഴുതി കൊടുക്കും. പലപ്പോളും സർക്കാർ മരുന്നുകൾക്ക് ഗുണനിലവാരം ഇല്ലെന്ന പരാതി ഉയരാറുണ്ടെന്നു ഒരു ചോദ്യത്തിനു ഉത്തരമായി ഡോക്ടർ പറഞ്ഞു. മരുന്നുകൾ ഫാർമസിയിലാണു സൂക്ഷിയ്ക്കുന്നത്.
ഫാർമസി
കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം മേലൂർ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക് തൃശ്ശൂർ ഏജൻസി വഴി പാതി വില സബ്സിഡിയായി പകുതി വിലയ്ക്കു കാലിത്തീറ്റ നൽകി വരുന്നു. ഇത്തരം സബ്സിഡി 7500 രൂപയിൽ അധികരിയ്ക്കാൻ പാടുള്ളതല്ല. ഇതിനു വേണ്ടി 750000 രൂപ നീക്കി വച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കാണ് ഈ പദ്ധതി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ ഇല്ലെങ്കിൽ മേലെയുള്ളവർക്ക് നൽകും. പക്ഷേ ദാരിദ്യരേഖയ്ക്കു കീഴെ ഉള്ളവർക്ക് പ്രതിമാസം 1250/- രൂപ കാലിത്തീറ്റയ്ക്കു നീക്കിവയ്ക്കാൻ ഉണ്ടാകണമെന്നില്ല എന്നിരിയ്ക്കെ വളരെ ദാരിദ്ര്യരേഖയ്ക്കു മേലെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിയ്ക്കുന്നുണ്ട്. അതിനാൽ ദാരിദ്ര്യ രേഖയ്ക്കു കീഴിലുള്ളവർക്ക് 7500 രൂപയുടെ കാലിത്തീറ്റ പകുതി വിലയ്ക്കല്ലാതെ സൌജന്യമായി നൽകുന്നതായിരുന്നു ഫലപ്രദം.
ഇതു കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 20 ക്ഷീരകർഷകർക്ക് 25000 രൂപ വീതം സബ്സിഡിയും നൽകി വരുന്നുണ്ട്. ഇവരെ പഞ്ചായത്ത് ഭരണ സമിതിയാണു തെരഞ്ഞെടുക്കുന്നത്. ഒരു വാർഡിൽ നിന്നും ഒരാളെങ്കിലും ഉണ്ടാകുന്നതിനു മുൻഗണന നൽകാറുണ്ടെന്നു പറയുന്നു. ഇതേക്കുറിച്ച് ചില പരാതികളും ഉയർന്നിട്ടുണ്ട്. മൃഗാശുപത്രി ഒരു പൌരാവകാശരേഖയും പുറത്തിറക്കിയിട്ടുണ്ട്.
ആശുപത്രിയുടെ പൌരാവകാശരേഖ
മണ്ണുത്തി വെറ്ററിനറി സർവകലാശാലയുമായി ബന്ധപ്പെട്ട് വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ അല്ലാതെ മറ്റു പ്രവർത്തനങ്ങൾ ഒന്നും ഈ മൃഗാശുപത്രിയിൽ ഇല്ല. ചിലപ്പോളെല്ലാം. മൃഗഡോക്ടർമാർക്ക് സർവകലാശാല ചില ക്ലാസ്സുകളും നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ നിന്നും കൊണ്ടു വന്ന അത്യുല്പാദന ശേഷിയുള്ള ചില പശുക്കൾ കൂട്ടമായി മരിയ്ക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനമായിരുന്നു പ്രധാന കാരണമെന്നു കരുതുന്നു. കടുത്ത ചൂടും ഈർപ്പവും മാറിമാറി വരുന്നതാണ് രോഗബാധയുടെ പ്രധാന കാരണം. കോൺക്രീറ്റ് തൊഴുത്തുകളിൽ മുട്ടു പഴുക്കാനുള്ള സാധ്യത കൂടുതലാണ്. മൺ തൊഴുത്തുകളിൽ കാലികൾക്ക് വേദന കുറവായിരിയ്ക്കും. തൊഴുത്തുകളുടെ വൃത്തിഹീനമായ അവസ്ഥയും ചൂടു കൂടുന്നതു കൊണ്ടുള്ള സ്ട്രെസ്സും അകിടു വീക്കം തുടങ്ങിയ രോഗങ്ങൾക്കു കാലികളെ വേഗം വിധേയമാക്കും.
മൃഗങ്ങളെ വെയിലത്തു കെട്ടരുത്. അവയെ ദിവസം ഒരു നേരം കുളിപ്പിയ്ക്കണം. പട്ടികളെ ആഴ്ചയിൽ ഒരിയ്ക്കലും. ദിവസേന തൊഴുത്ത് അണു വിമുക്തമാക്കണം. അതിനുള്ള അണുനാശിനി ആശുപത്രിയിൽ നിന്നും സൌജന്യമായി ലഭിയ്ക്കും. ചിലർ ഏകദേശം 4500 രൂപ വിലവരുന്ന ജോണീസ് മിൽക്കീ മെഷീൻ തുടങ്ങിയ ചെറു യന്ത്രങ്ങൾ ഉപയോഗിച്ചാണു പശുക്കളെ കറക്കുന്നത്. പാൽ കറന്ന ശേഷം ആസിഡ് വാട്ടർ, ആൽക്കലി വാട്ടർ, ചൂടു വെള്ളം എന്നിവ ഉപയോഗിച്ച് യന്ത്രം ക്ലീൻ ചെയ്യാത്തപക്ഷം മെഷീൻ കറവ തന്നെ ഇൻഫെക്ഷനു കാരണമാകും. ചോളം, തവിട്, പിണ്ണാക്ക്, ഉണക്കമീൻ പൊടി, യൂറിയ, വൈറ്റമിനുകൾ, മിനറലുകൾ എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത കാലിത്തീറ്റയും പച്ചപ്പുല്ലും കാലികൾക്കു നൽകണം.
ആശുപത്രി പ്രവർത്തനം കൂടാതെ മറ്റേതാനും പ്രവർത്തനങ്ങളും ഒരു വെറ്ററിനറി സർജന്റെ ദൈനം ദിന കർത്തവ്യങ്ങളിൽ വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ലൈസൻസുകൾ നൽകുന്നതിലെ നടപടിക്രമമാണ്. ഒരു പോൾട്രിഫാമിനു കറന്റു കണക്ഷൻ ലഭിയ്ക്കുന്നതിനു ഒരു വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പിഗ്ഫാം, കാറ്റിൽ ഫാം, കശാപ്പുശാല എന്നിവയ്ക്കെല്ലാം വെറ്ററിനറി സർജന്റെ ലൈസൻസ് ആവശ്യമുണ്ട്. മൂന്നോ അതിലധികമോ പന്നികളെ വളർത്തുന്നത് ഒരു പന്നിവളർത്തൽ കേന്ദ്രമായി പരിഗണിയ്ക്കപ്പെടുന്നതാണ്.
മൃഗങ്ങൾക്കെതിരെ എന്തെങ്കിലും അക്രമം നടക്കുന്നതായി പരാതി കിട്ടിയാൽ അതിന്മേൽ അന്വേഷണം നടത്തി മേൽനടപടി സ്വീകരിയ്ക്കാൻ വെറ്ററിനറി സർജന് അധികാരമുണ്ട്. മൃഗങ്ങലെ ചൊല്ലി ഉണ്ടാകുന്ന വെട്രോ-ലീഗൽ (vetro-legal) കേസ്സുകളിൽ വെറ്ററിനറി സർജന്റെ ഉപദേശം ആവശ്യമാണ്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മലിനീകരണ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യാനും ആദ്ദേഹത്തിനു അധികാരമുണ്ട്. മൃഗങ്ങൾക്കും പക്ഷികൾക്കും ഹെൽത്ത് സർട്ടിഫിക്കറ്റു നൽകാനും പൂരങ്ങളിൽ പങ്കെടുക്കുന്ന ആനകൾക്കു ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകാനും സർക്കാർ സ്കീമുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ നേടുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനും വെറ്ററിനറി സർജൻ തന്നെ വേണം.
നിലവിലുള്ള നിയമപ്രകാരം കശാപ്പുശാലകൾ നടത്തുന്നതിനു അനുമതി നൽകുന്നതിനു മാത്രമല്ല വെറ്ററിനറി സർജന് അധികാരമുള്ളത്. കശാപ്പുശാലയിൽ ഒരു മൃഗത്തെ വെട്ടുന്നതിനു മുമ്പും (anti mortum) വെട്ടിയതിനു ശേഷവും (post mortum) വെറ്ററിനറി സർജൻ പരിശോധന നടത്തി സർട്ടിഫൈ ചെയ്ത മാംസമേ വിൽക്കാവൂ എന്നാണു നിയമം. എന്നാൽ കശാപ്പുമായി ബന്ധപ്പെട്ടു യാതൊരു അപേക്ഷകളും കുന്നപ്പിള്ളി സർക്കാർ മൃഗാശുപത്രിയിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. അങ്ങനെയെങ്കിൽ ഓരോ ആഴ്ചയും മേലൂർ പഞ്ചായത്തിൽ വെട്ടുന്ന ഡസൽ കണക്കിനു മൃഗങ്ങളുടെ ഇറച്ചി എന്തു ധൈര്യത്തിലാണ് ഭക്ഷിയ്ക്കുന്നത്. ഇതെല്ലാം നിരോധിയ്ക്കാനും നിയമാനുസൃതം കശാപ്പു നടത്താൻ വേണ്ട സംവിധാനം ഒരുക്കാനും ഗ്രാമപഞ്ചായത്ത് വേണ്ട നടപടികൾ ഇനിയും സ്വീകരിയ്ക്കാത്തതെന്താണ്?
No comments:
Post a Comment