അടിച്ചിലിയിൽ മുരിയേടത്ത് കുഞ്ഞയ്യപ്പൻ മകൻ വേലായുധൻ ശില്പങ്ങൾ തീർക്കാൻ മാധ്യമമായി കണ്ടത് മരക്കൂണുകളെ. പ്രകൃതി സ്വയം അണിയിച്ചലങ്കരിച്ച കൂണുകളിൽ നിന്നു നാം ആർജ്ജിച്ച സൌന്ദര്യബോധത്തിലേയ്ക്കുള്ള ഒരു തിരിച്ചു പോക്കിനു ഈ കർഷകത്തൊഴിലാളി നിമിത്തമാവുകയാണ്. വേലായുധനും ഭാര്യ അമ്മിണിയും മേലൂർന്യൂസിനോട് സംസാരിക്കുന്നു.
ശശി : കൂണുകളോട് പ്രത്യേക സ്നേഹം തോന്നാൻ കാരണമെന്താണ്?
വേലായുധൻ : ഒരിക്കൽ ഞാനൊരു കൂൺ കണ്ടു. അപ്പോൾ അതല്പം മിനുക്കിയാൽ ഷോകേസിൽ വയ്ക്കാൻ പറ്റുമല്ലോ എന്നു തോന്നി. അങ്ങനെ എന്റെ മുറ്റത്തുണ്ടായ ഒരു കൂണാണ് ഇതെല്ലാം തുടങ്ങാനുള്ള കാരണം.
ശശി : എത്ര വർഷമായിട്ടുണ്ടാവും?
വേലായുധൻ : ആറു വർഷം ആയിട്ടുണ്ടാകണം.പശുവിനെ കെട്ടാനൊക്കെ പോകുമ്പോൾ ഒരോരോ കൂണുകളൊക്കെ കാണും, അപ്പോൾ എന്റെ മനസ്സിലും ഓരോരോ രൂപങ്ങൾ തോന്നും. അത്തരം കൂണ് വീട്ടിൽ കൊണ്ടു വന്ന് പലവശത്തു കൂടിയും നോക്കും ഞാൻ. ഏതു രൂപത്തിലാണു കൂടുതൽ നന്നായി തോന്നുന്നതെങ്കിൽ ആ സങ്കല്പത്തിൽ അതിനെ രൂപപ്പെടുത്തിയെടുക്കും.
ശശി : കൂണുകളായാലും വേരുകളായാലും കയ്യിൽ കിട്ടിയാൽ അതിൽ ചെത്തിമിനുക്കൽ നടത്താറുണ്ടോ?
വേലായുധൻ : എന്റെ മനസ്സിൽ തോന്നുന്ന പോരായ്മകളൊക്കെ തീർക്കും.
ശശി : ഒന്നിലധികം കൂണുകൾ ഒരുമിച്ചു കൂട്ടി ഫിറ്റു ചെയ്തുള്ള വർക്കുകളുണ്ടോ?
വേലായുധൻ : പലതും കൂട്ടി യോജിപ്പിച്ച് ഒന്നാക്കാറുണ്ട്. പഴയ ആചാരം അനുസരിച്ചുള്ള രൂപങ്ങൾ, ത്ലാവ്, ചിലമ്പ, കലപ്പ ഇതെല്ലാം ചെയ്തിട്ടുണ്ട്. കൃഷി ആവശ്യത്തിനുള്ള പലതും എന്റെ മനസ്സിലുണ്ട്. കയ്യിൽ കിട്ടുമ്പോളല്ലേ ഓരോന്നു ചെയ്യാൻ പറ്റുകയുള്ളൂ.
ശശി : സ്വന്തം താല്പര്യപ്രകാരം തുടങ്ങിയ ഇത് എന്നു മുതലാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്?
വേലായുധൻ : ഞാൻ കിണറു കെട്ടിച്ചതുമായി ബന്ധപ്പെട്ട് ഒരു ഗ്രാമസേവകൻ ഇവിടെ വന്നിരുന്നപ്പോൾ ഓരോന്നു ചോദിച്ചു. അന്നുമുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. കിണറു കെട്ടിച്ചിട്ടു മൂന്നാലു വർഷമേ ആയിട്ടുള്ളൂ. പിന്നെ ഓരോരുത്തർ വരും, വന്നു കാണും. ഒരിക്കൽ ഒരു ടി.വി.ക്കാരും പിടിച്ചിട്ടുണ്ട്. അവരിൽ എന്റെ അമ്മാവന്റെ മകനും ഉണ്ട്. സ്കൂളുകളിലും കോളേജുകളിലും നിന്നും കുട്ടികൾ വന്നു കൊണ്ടു പോകും ഇത്, എക്സിബിഷന്.
ശശി : ഏത് ടി.വി. ചാനലാണ് വന്നിരുന്നത്?
അമ്മിണി : ഏ.സി.വി.
ശശി : ഏതു സ്കൂളിലെ കുട്ടികളാണ് വരാറ്?
വേലായുധൻ : ചാലക്കുടി കോൺവെന്റിലെ. ഇവിടത്തെ സ്കൂളിലെ കുട്ടികളും കൊണ്ടുപോകാറുണ്ട്.
ശശി : കൂണുകൾ പ്രോസസ് ചെയ്യിക്കാൻ കൊടുക്കുന്നതിനു വലിയ ചെലവു വരുമല്ലൊ. എങ്ങനെയാണു ഈ കൂണുകൾ പ്രോസസ്സ് ചെയ്തെടുക്കുന്നത്?
വേലായുധൻ : ഞാൻ സ്വന്തമായി കഴുകിയെടുക്കുകയാണു ചെയ്യുന്നത്. പിന്നെ അതു കീടനാശിനിയിൽ മുക്കി, വെയിലത്തു വച്ച് ഉണക്കി, പിന്നെ അതിൽ മണ്ണെണ്ണ അടിയ്ക്കും.
ശശി : കൂണു ഒരിടത്ത് കണ്ടാൽ അത് അടർത്തി എടുക്കുന്നതിനു വെറും കൈ മാത്രം മതിയോ?
വേലായുധൻ : അതിനു അരിവാൾ വേണ്ടിവരും. കൈയ്ക്ക് എടുത്താൽ അത് ഒടിഞ്ഞു പോകും. ഒരു കൂൺ നമ്മൾ കണ്ടാൽ അപ്പോൾ തന്നെ എടുക്കില്ല. മിക്കവാരും ഒരു വെട്ടുകത്തി എടുത്ത് കൊണ്ടു വന്ന് കൊത്തി എടുക്കുകയും അരിവാൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയുമാണ്. മുകളിലേയ്ക്കു വളർന്ന് വശങ്ങളിലേയ്ക്കു വിടർന്നു നിൽക്കുന്ന ഒരു പ്രത്യേക ആകൃതിയാണ് ഇത്തരം കൂണുകൾക്കുള്ളത്. മിക്കവാറും കൂണുകൾ ഉണങ്ങിയല്ല കിട്ടുക, കുതിർന്നായിരിക്കും അവ ഇരിക്കുക, മഴയത്തൊക്കെ.
ശശി : കൂണെടുത്താൽ പിന്നെയോ?
വേലായുധൻ : എടുത്താൽ അപ്പോൾ തന്നെ കഴുകും. മഴക്കാലമാണെങ്കിൽ കൂണ് അടുപ്പിനടുത്തു വച്ച് ഉണക്കും. പിന്നെ ബ്രഷ് കൊണ്ട് നന്നായി വൃത്തിയാക്കും. കീടനാശിനി വെള്ളത്തിൽ മുക്കി അടിയ്ക്കും. മിക്കവാറും ചാഴിപ്പൊടിയായിരിക്കും കീടനാശിനി. വീണ്ടും മണ്ണെണ്ണ അടിയ്ക്കും. അപ്പോൾ കളർ മൊത്തം കറുപ്പായി മാറും. പിന്നെ ഉണങ്ങിയാലേ നിറം തിരിച്ചു വരൂ.
ശശി : പിന്നെ ഫ്രൈം ചെയ്യാനോ മൌണ്ട് ചെയ്യാനോ എന്തെല്ലാം ചെയ്യും?
വേലായുധൻ : അത്തരം കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല. നിരപ്പുള്ള ഒരു പലകക്കഷണം കൂട്ടിച്ചേർക്കുക എന്നല്ലാതെ മറ്റു കൊത്തു പണികൾ ഒന്നും ചെയ്യുന്നില്ല.
ശശി : വളരെ ചെറിയ തേങ്ങകളും വലിയ തേങ്ങയും ശേഖരിച്ചിട്ടുണ്ടല്ലോ?
വേലായുധൻ : ഇത്തരത്തിലുള്ളവ പിന്നീട് കിട്ടി എന്നു വരില്ല.
ശശി : വേരുകൾ ശേഖരിക്കുന്നത് എന്നനെയാണ്?
വേലായുധൻ : കട മാന്തി എടുക്കുന്ന വേരുകൾ നമ്മുടെ മനസ്സിൽ പതിഞ്ഞു എന്നു വരികയില്ല. ഒരു കട പറിച്ചപ്പോൾ കിട്ടിയ വേരുകളിൽ മനസ്സിൽ പതിഞ്ഞതൊന്നും കണ്ടില്ല. പക്ഷേ പൊട്ടിക്കിടന്ന ഒന്നിൽ ഒരു പാമ്പിന്റെ രൂപം കണ്ട് അതെടുത്ത് വച്ചിട്ടുണ്ട്. വലിയ വേരുകൾ എടുത്തു കൊണ്ട് വന്നു വയ്ക്കാൻ സ്ഥലവുമില്ല. ചെറിയ വേരുകളെടുത്ത് സിമ്പിളായി ചെയ്യാനാണ് ഇഷ്ടം.
ശശി : കാട്ടിലൊക്കെ പോയി കൂണുകൾ ശേഖരിക്കാറുണ്ടോ?
വേലായുധൻ : ഇല്ല. ഇവിടെ അടുത്തു നിന്നു കിട്ടുന്നവ മാത്രമേ എടുക്കാറുള്ളൂ. ചിലപ്പോളെല്ലാം പ്ലാന്റേഷനിൽ നിന്നായാലും ചിലരെല്ലാം ചിലതെല്ലാം കൊണ്ടു തരും.
ശശി : കൂണുകളിലെ ഡിസൈനാണോ അവയിലെ രൂപങ്ങൾക്കാണോ അധികം പ്രാധാന്യം തോന്നുക?
വേലായുധൻ : കാണുന്ന വിഷയങ്ങളാണ് എന്നെ ആകർഷിക്കുക.
ശശി : മതപരമായ ചടങ്ങുകളിലെ രൂപങ്ങളും കൂണുകളുടെ ഡിസൈനുകളും തമ്മിൽ വല്ല സാമ്യവും തോന്നാറുണ്ടോ?
വേലായുധൻ : ടി.വി.യിൽ കാണുന്ന തെയ്യം കളികളിൽ കാണാറുണ്ട്.
ശശി : തെയ്യത്തിന്റേയും കൂണുകളുടേയും ഡിസൈനുകൾ ഒന്നാണോ?
വേലായുധൻ : ഒന്നാണ്.
ശശി : മുമ്പ് എന്തു ജോലിയാണു ചെയ്തു കൊണ്ടിയുന്നത്?
വേലായുധൻ : തൂമ്പപ്പണി.
ശശി : ഇപ്പോൾ തൂമ്പപ്പണിയ്ക്ക് പോകാത്തതിനു കാരണം?
വേലായുധൻ : എനിയ്ക്കു സുഖമില്ലാണ്ടായി. ഹാർട്ടിന്റെ വാൽവ് തകറാറാണെന്നു ഡോക്ടർമാർ പറഞ്ഞതിൽ പിന്നെ പണിക്കു പോയിട്ടില്ല. നാലഞ്ചു വർഷമായി അസുഖമായിട്ട്.
ശശി : കൂൺ ശേഖരണം ഒരു വരുമാനമുണ്ടാക്കാനുള്ള വഴിയായി കണ്ടുകൂടെ?
വേലായുധൻ : അതിനു വേണ്ടി ശ്രമിച്ചിട്ടില്ല. കൊടുക്കുകയാണെങ്കിൽ മൊത്തമായി എന്നല്ലാതെ ഓരോന്നോരോന്നായി കൊടുക്കുന്ന കാര്യം സങ്കല്പിച്ചിട്ടില്ല.
ശശി : ഒന്നും ചെയ്യാതെ കുറെ കൂണുകൾ ചാക്കിൽ കെട്ടി വച്ചിരിക്കുന്നുണ്ടല്ലേ?
വേലായുധൻ : അതൊക്കെ ചെയ്യാനായിട്ട് സമയം കിട്ടിയിട്ടില്ല.
ശശി : മറ്റൊരു പണിയ്ക്കു പോകുന്നുമില്ല, സമയവുമില്ല എന്നു പറയുമ്പോൾ വീടുമായി ബന്ധപ്പെട്ട തൊഴിലുകൾ കാണണമല്ലോ?
വേലായുധൻ : ഓലയുടെ പണിയുണ്ട്. ഓലമെടയൽ, കൊണ്ടു വരൽ, കുറച്ച് ആടുകളുണ്ട്. സ്വസ്തമായിട്ടിരുന്ന് ചെയ്യാൻ പറ്റുന്നില്ല.
ശശി : കൂണുകളും വേരുകളും ഉപയോഗിച്ച് പണിചെയ്യുമ്പോൾ ഏതിലാണു പണി കേന്ദ്രീകരിക്കാൻ ഇഷ്ടപ്പെടുക?
വേലായുധൻ : കൂണാണ് പ്രധാനം. വേര് സൈഡാണ്. കൂണിനൊരു സ്വാഭാവികതയുണ്ട്. നമ്മളതിന്റെ പോരായ്മകൾ തീർത്താൽ മതി.
ശശി : വീട്ടിലാരൊക്കെയുണ്ട്?
വേലായുധൻ : രണ്ട് മക്കൾ. ഒരാണും ഒരു പെണ്ണും. സുധീഷും സുലേഖയും. മകളുടെ വിവാഹം കഴിഞ്ഞു.
അമ്മിണി : സുധീഷിനു ബോംബേയിൽ ജോലിയുണ്ട്. അവൻ എല്ലാ വർഷവും വരും. ഈ ഡിസംബറിൽ വന്നു ജനുവരിയിൽ പോയേയുള്ളൂ.
ശശി : വേലായുധന്റെ ഭാര്യ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ ശീലത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അമ്മിണി : ചേട്ടനു കിട്ടുന്നത് വച്ച് ചേട്ടൻ ചിലതൊക്കെ ചെയ്യും. സഹായിക്കാൻ എനിക്കു സമയമൊക്കെ ഉണ്ടായി എന്നു വരികയില്ല. എങ്കിലും ചേട്ടൻ ഈ പണിയൊക്കെ ചെയ്യുന്നത് എനിയ്ക്കു സന്തോഷമുള്ള കാര്യമാണ്.
ശശി : ചെറുപ്പത്തിൽ ഏതെങ്കിലും കലകളിൽ താല്പര്യം ഉണ്ടായിരുന്നോ?
വേലായുധൻ : ചെറുപ്പത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല.
ശശി : മേലൂർന്യൂസിന്റെ വായനക്കാർക്ക് എന്തു സന്ദേശമാണു നൽകാനുള്ളത്?
വേലായുധൻ : ഓരോരുത്തർക്കും ചെയ്യാൻ പറ്റുന്ന കഴിവുകൾക്ക് അനുസരിച്ചുള്ളത് ചെയ്യുക, കൂടുതൽ പണി പഠിക്കാനുള്ളത് പഠിക്കുകയും ചെയ്യുക, അതാണെനിയ്ക്ക് പറയാനുള്ളത്.
ശശി : ചേച്ചിയ്ക്ക് എന്താണ് പറയാനുള്ളത്.
അമ്മിണി : എല്ലാവരും കണ്ട് ചേട്ടനെ പ്രോത്സാഹിപ്പിക്കട്ടെ. എല്ലാവരുടേയും ഇഷ്ടം ചേട്ടനു കിട്ടട്ടെ.
ഫോട്ടോകൾ : പീലി മനോജ്
No comments:
Post a Comment