നാട്ടിൽ മദ്യഷോപ്പില്ലാതെ വിഷമിച്ച ആയിരം നാട്ടുകാർ ഒപ്പിട്ട ഭീമഹർജി സർക്കാരിനു സമർപ്പിച്ചതിന്റെ ഫലമായാണത്രേ അടിച്ചിലിയിൽ ബീവറേജസ് ഷോപ്പ് വന്നത്. നാട്ടിൽ മാവേലി ഷോപ്പ് കൊണ്ടു വരാനായി തയ്യാറാക്കിയ ഭീമഹർജിയുടെ ആദ്യപേജിൽ ബീവറേജസിന്റെ സാഹിത്യം അടിച്ചു കേറ്റിയാണ് ആയിരം ഒപ്പും ഷോപ്പും സംഘടിപ്പിച്ചതെന്നു ചില നുണയന്മാർ പറയുന്നത് കാര്യമായിട്ടെടുക്കരുത്. എന്തായാലും അടിച്ചിലിയിൽ ഷോപ്പ് വന്നതോടെ പെരുങ്കുടിയന്മാരുടെ നാടെന്ന ദുർഖ്യാതി ചാലക്കുടിയ്ക്കു നഷ്ടപ്പെട്ടു എന്നതിൽ കലാഭവൻ മണിയെങ്കിലും ആശ്വസിക്കുന്നുണ്ടാകും.
അങ്ങനെ ബീവറേജസ് ഷോപ്പ് വന്നതിൽ പിന്നെ നാട്ടിലെ കള്ളവാറ്റും കള്ളുഷാപ്പും നാൾക്കുനാൾ ശോഷിച്ചു വന്നു. അതു ശരിയാണല്ലോ എന്നു ജനം ആശ്വാസം പൂണ്ടു. അപ്പോളല്ലേ പുകിൽ പോലീസിന്റേയും എക്സൈസിന്റേയും വേഷത്തിൽ വരുന്നത്. സാധാരണ വ്യാജമദ്യം വിൽക്കുന്നതിന്റെ ഇരട്ടി വിദേശമദ്യം വിൽക്കുന്നതായി കണ്ടെത്തിയ അവർ നാടുമുഴുവൻ അനധികൃത വിദേശമദ്യ വില്പനയ്ക്കെതിരെ ഇളക്കി മറിയ്ക്കുകയും പലർക്കെതിരേയും കേസ്സെടുത്ത് അവരെ റിമാന്റ് ചെയ്യിക്കുകയും ചെയ്തു. അവയെല്ലാം ബിവറേജസിൽ നിന്നു വന്ന മദ്യമാണെന്ന കാര്യവും, ഒരാൾക്കു കൈവശം വയ്ക്കാവുന്നതിന്റെ അനേക ഇരട്ടി മദ്യമാണു പിടിച്ചതെന്നും ഉള്ള കാര്യം പക്ഷേ അധികാരികൾ സൌകര്യപൂർവം മറന്നു. ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും ഇത്ര മദ്യം എങ്ങനെ പുറത്തു വന്നു എന്ന് ആരും അന്വേഷിക്കാൻ പാടില്ല എന്നൊരു നിർദ്ദേശം എവിടെ നിന്നോ ഉണ്ടായിരുന്നു എന്നു ചിലരെല്ലാം അടക്കം പറയാനും ഇടവന്നു.
ഈ ഒരു സാഹചര്യത്തിൽ അടിച്ചിലി ബീവറേജസ് ഷോപ്പിനെ നാട്ടുകാരിൽ പലരും സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങിയിരുന്നു. സാധാരണ മദ്യഷോപ്പുകൾക്ക് അവധി ദിവസമായ ദിവസങ്ങളിലും മറ്റും അടിച്ചിലി ബീവറേജസ് ഷോപ്പ് തുറന്നു തന്നെ പലപ്പോളും കാണപ്പെട്ടു. ജീവനക്കരുടെ അസ്വാഭാവികമായ ഈ ആത്മാർത്ഥത കമ്മീഷനും ഇൻസെന്റീവും അടിയ്ക്കാനുള്ള താല്പര്യം മാത്രമായി പലരും ആശ്വസിച്ചു. എന്നാൽ ജനസേവനം ചെയ്യുന്ന മാവേലി സ്റ്റോറിലെ ജീവനക്കാരനു കിട്ടാത്ത ആനുകൂല്യങ്ങൾ ജനങ്ങളുടെ ആരോഗ്യവും സുബോധവും ഹനിയ്ക്കുന്ന ബീവറേജസിലെ ജീവനക്കാരനു നൽകുന്നത് നിയമലംഘനങ്ങൾക്കു നേരേ കണ്ണടയ്ക്കാനായിരിക്കാം എന്നും ചില വടക്കു നോക്കികൾ മൊഴിഞ്ഞുകൊണ്ടേയിരുന്നു. സർക്കാർ സകല ബീവറേജസ് ജീവനക്കാർക്കും നൽകുന്ന ആനുകൂല്യങ്ങൾ എങ്ങനെയാണ് അഴിമതിയെ പ്രോത്സാഹിപ്പിക്കുക?
എങ്കിലും കല്യാണങ്ങളും അടിയന്തിരങ്ങളും വരുമ്പോൾ ജനം കുശാലായി നാടൻ മദ്യം വാറ്റിയെടുത്ത് സ്വയമ്പൻ സാധനം അകത്താക്കി വന്നു. മുന്തിരിയും ശർക്കരയും നവസാരവും ഇട്ടു വാറ്റുന്ന സാധനം എന്തായാലും കരിമ്പിൻ ചണ്ടിയിൽ നിന്നു വരുന്നതിനേക്കാളും ഏതു വിധത്തിലും നല്ലതു തന്നെ. ഇനി നല്ല കോഴിയിറച്ചിയും കപ്പയും മീങ്കറിയും കൂട്ടിയാണെങ്കിൽ കള്ളു തന്നെ കേമം.
അങ്ങനെ പൂലാനി ഉത്സവം വന്നു. എന്തുകൊണ്ടോ നാടൻ അത്ര ഹിറ്റായില്ല. മാത്രമല്ല ഈയിടെ മാത്രം കുടി തുടങ്ങിയ പതിനെട്ടും പത്തൊമ്പതും ഏറിയും കുറഞ്ഞും പ്രായമുള്ള നവയുവജനം ആഘോഷം ബീറിലൊതുക്കി. മാത്രമല്ല നാട്ടിൽ ഒരു ബീർ കമ്പനി ഉള്ളപ്പോൾ സ്വാശ്രയം ശീലിക്കേണ്ടതുണ്ടല്ലോ. ഫ്രഷ് ബീറെല്ലാം ക്ലീനായി തീർന്നിട്ടുണ്ടാകണം. ഷോപ്പിലാണെങ്കിൽ വർഷം തന്നെ പഴക്കമുള്ള ബീയർ കേസു കണക്കിനും. കാലഹരണപ്പെട്ട മദ്യം ബീവറേജസ് കോർപ്പറേഷനും തുടർന്ന് ഉത്പാദകർക്കും യഥാസമയം തിരിച്ചു നൽകേണ്ടതല്ലേ എന്നു ആരും ചോദിച്ചു പോകരുത്. കഥയിൽ ചോദ്യമില്ല. മാത്രമല്ല അടിയിൽ ഊറൽ വരുന്ന സാധനമല്ലാതെ എക്സ്പയറി കഴിഞ്ഞു എന്ന പേരിൽ യാതൊന്നും തിരിച്ചയയ്ക്കരുത് എന്നു ബീവറേജസിന്റെ മുകളിൽ നിന്നും ചിലർ നിർദ്ദേശിക്കാറുണ്ട് എന്നു പേരു വെളിപ്പെടുത്താത്ത ചില ബീവറേജസ് ജോലിക്കാർ അയവിറക്കുകയും ചെയ്യുന്നുണ്ട്. അവരുടെ മിണ്ടാട്ടം വൈകാതെ മാറി കൊഞ്ഞപ്പായേക്കും.
അങ്ങനെ 06.02.2012 തിങ്കളാഴ്ച ബീവറേജസ് ഷോപ്പിൽ നിന്നു ബീയർ വാങ്ങി കഴിച്ച പൂലാനി പണിക്കശ്ശേരി മുരളീധരൻ മകൻ പ്രജിത്ത് (24), പൂലാനി ഐക്കരക്കുടി രാജൻ മകൻ രാഹുൽ (22) എന്നീ കുട്ടികളെ തുടർച്ചയായ ഛർദ്ദിയെ തുടർന്ന് ചാലക്കുടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതറിഞ്ഞ നാട്ടുകാരിൽ ചിലർ തങ്ങൾ വാങ്ങി വച്ച ബീർ കുപ്പികൾ പരിശോധിച്ചപ്പോൾ എക്സ്പയറി ഡേറ്റു കഴിഞ്ഞതായി കണ്ടു. വിഗദ്ധോപദേശത്തിനു സമീപിച്ചപ്പോൾ ചില സീനിയർ കുടിയന്മാർ പറയുന്നത് ബെസ്റ്റ് ബിഫോർ എന്നാൽ എക്സ്പെയറി ഡേറ്റ് അല്ലെന്നും, മദ്യത്തിന്റെ ഗുണം പഴകുംതോറും ഏറിടും എന്നുമാണ്. അതൊന്നും കൂട്ടാക്കാതെ ഇരുന്നൂറോളം നാട്ടുകാർ ഇളകി ബീവറേജസ് ഷോപ്പ് ഉപരോധിക്കാൻ തയ്യാറായി. അതിനിടെ പതിവുകാർ ചിലർ ഇടപെട്ടു. എങ്ങാൻ ബീവറേജസ് അടയ്ക്കുകയാണെങ്കിൽ കുറച്ചു ദിവസത്തേയ്ക്കു കുടി മുട്ടിപ്പോകരുതല്ലോ. പതിവിലും ഉഷാറായി മദ്യം വില്പന അന്നേ ദിവസം കൂടുകയാണുണ്ടായതത്രേ. ഇനി ബീറിനിത്തിരി വീര്യം കൂടിയാൽ തന്നെ അത്രയ്ക്കു റമ്മും ബ്രാണ്ടിയും അളവിൽ കുറയ്ക്കുകയുമാവാമല്ലോ. (ക്ലിക്ക് ചെയ്യുക)
തുടർന്നു പോലീസെത്തി. ജൂനിയർ ഹെൽത് ഇൻസ്പെക്ടർ എത്തി, ടി.സി.വി.യെത്തി, റിപ്പോർട്ടർ ടി.വി.യെത്തി, പക്ഷേ ആരും ഒരു നടപടിയും എടുത്തില്ല. കളക്ടർ കർശന നടപടിയെടുക്കാൻ എക്സൈസിനു നിർദ്ദേശം നൽകി വൈകീട്ട് ആറു മണിയ്ക്കു ശേഷം അവരെത്തിയതോടെയാണ് നടപടികൾ ആരംഭിച്ചത്. അപ്പോളും ബീറിന്റെയടക്കം വില്പന പൊടിപൊടിയ്ക്കുന്നുണ്ടായിരുന്നു. രാവിലെ 75 കേസ് ബീയർ എക്സ്പയറി കഴിഞ്ഞതുണ്ട് എന്നു പറഞ്ഞു കൊണ്ടിരുന്ന നാട്ടുകാർ അവസാനം എക്സൈസ് കണക്കെടുത്തപ്പോൾ 384 കുപ്പി കാലാവധി കഴിഞ്ഞ ബീയർ ആണു കണ്ടെത്തിയത്. എക്സൈസ് വന്നതോടെ ഒരു ജീപ്പിൽ ഏതാനും പോലീസുകാരെ സ്ഥലത്തു നിറുത്തി കൊരട്ടി പോലീസ് സബ് ഇൻസ്പെക്ടർ സ്ഥലം കാലിയാക്കി. അബ്കാരിയല്ലാതെ ഐ.പി.എസോ മറ്റോ വച്ച് വല്ല എഫ്.ഐ.ആറും ഇടേണ്ടി വന്നാലോ? ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ദിവാകരൻ, ഇൻസ്പെക്ടർമാരായ എൻ.പി.സുരേഷ്, പി.എൽ.ജോസ് എന്നിവർ സ്റ്റോക്കെടുക്കുകയും കണക്കു പരിശോധിക്കുകയും ചെയ്തുവത്രേ. രാത്രി ഒമ്പതു മണിയോടെ നടപടികൾ പൂർത്തിയായി.
ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അദ്ദേഹം സുവോ മോട്ടോ ഒരു എഫ്.ഐ.ആർ. തയ്യാറാക്കുകയും പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തിൽ ഒരു മഹസ്സർ തയ്യാറാകുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തു നിന്നും ഇരുപതോളം സാമ്പിളുകളും രാസപരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിശോധനയുടെ ഫലം പതിനഞ്ചു മുതൽ മുപ്പതു വരെ ദിവസങ്ങൾക്കകം അറിയാമെന്നാണു കരുതപ്പെടുന്നത്. ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ നൽകാമെന്നു അന്വേഷണ ഉദ്യോഗസ്ഥൻ നാട്ടുകാരോടു പറഞ്ഞിട്ടുമുണ്ട്.
ഇതെല്ലാം സംഭവിച്ചിട്ടും ബീവറേജസ് ഷോപ്പ് ഇപ്പോളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഭീമഹർജിയിൽ ഒപ്പു വച്ച ആയിരം പേരേയും അവരുടെ അരുമ സന്താനങ്ങളേയും തുടർന്നും കുടിയന്മാരായി നിലനിറൂത്തുന്നതിന്.
No comments:
Post a Comment