കെ.എസ്.ഇ.ബി. ടോൾ ഫ്രീ ട്രബിൾ കോൾ മാനേജ്മെന്റ് റൂം തുറന്നു. കറന്റ് പോയാൽ ഇനി മുതൽ KSEB <space> Section Code <space> Consumer No. എന്ന ഫോർമാറ്റിൽ 537252 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താൽ മതി. ഇതു സംബന്ധിച്ച് മേലൂർ കെ.എസ്.ഇ.ബി. ഓഫീസിലെ സെക്ഷൻ കോഡ് എന്തെന്നു അവിടെ അന്വേഷിച്ചപ്പോൾ അറിയില്ലെന്നും അന്വേഷിച്ചു പറയാമെന്നുമായിരുന്നു ഉത്തരം. പക്ഷേ അതു കേട്ട് വിഷമിക്കേണ്ടതില്ല. നിങ്ങളുടെ കറന്റ് ബില്ല് ഒന്നു എടുത്ത് നോക്കൂ. ആദ്യ കോളത്തിൽ തന്നെ സെക്ഷൻ എന്നിടത്ത് സെക്ഷൻ കോഡ് നൽകിയിട്ടുണ്ടാകും. തൊട്ടു താഴെ കൺസ്യൂമർ നമ്പറുമുണ്ടാകും. കൺസ്യൂമർ നമ്പർ മീറ്ററിനടുത്തും കാണും. മേലൂർ സെക്ഷന്റെ കോഡ് 5650 ആണ്.
പുതുതായി ആവിഷ്കരിച്ച രീതി പ്രകാരം എസ്.എം.എസായി ഒരു പരാതി ലഭിച്ചു കഴിഞ്ഞാൽ കെ.എസ്.ഇ.ബി.യുടെ സെർവർ കമ്പ്യൂട്ടറിൽ നിന്നും ഒരു രജിസ്റ്റർ നമ്പർ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേയ്ക്ക് എസ്.എം.എസ് ആയി തന്നെ അയക്കുന്നു. അപ്പോൾ തന്നെ ഈ വിവരം അതാത് സെക്ഷൻ ഓഫീസിന്റെ കമ്പ്യൂട്ടറിലും ലഭ്യമാകുമത്രേ. അതാതു സെക്ഷൻ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിലും വിവരം ലഭ്യമാകും. പരാതി പരിഹരിച്ച ശേഷം അക്കാര്യം ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേയ്ക്ക് എസ്.എം.എസ്. ആയി അയയ്ക്കാനും സംവിധാനമുണ്ട്.
ഉപഭോക്താവിനു പിന്നെയും പരാതി ബാക്കിയുണ്ടെങ്കിൽ 155333 എന്ന ടോൾ ഫ്രീ നമ്പറുമായും ബന്ധപ്പെടാവുന്നതാണ്. അവിടന്നും നീതി ലഭിക്കാത്തപക്ഷം അതേ നമ്പറിൽ തന്നെ പിന്നെ എവിടെ പരാതിപ്പെടണമെന്നു ചോദിക്കാമല്ലോ.
എങ്കിലും പരാതിപ്പെടേണ്ട 537252 എന്ന നമ്പറോ 155333 എന്ന നമ്പറോ നിലവിലില്ല എന്നു ടെലഫോൺ ഡിപ്പാർട്ടുമെന്റുകാർ പറഞ്ഞാലും ഞെട്ടേണ്ടതില്ല. കെ.എസ്.ഇ.ബി. എല്ലാം ശരിയാക്കി വരുന്ന കൂട്ടത്തിൽ ഇതും ശരിയാക്കും. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കൂ.
ഇനി പ്രവർത്തിക്കുന്ന ഒരു നമ്പറാകട്ടെ. തൃശ്ശൂർ ജില്ലയിലെ വൈദ്യുതി മോഷണത്തെക്കുറിച്ച് 0484 2621062 എന്ന നമ്പറിലോ 9446008482 എന്ന നമ്പറിലോ അറിയിച്ചാൽ പാരിതോഷികം ലഭിച്ചേക്കാം.
No comments:
Post a Comment