സി.ആർ.പരമേശ്വരൻ
ഇതിനു രണ്ടു വശങ്ങൾ ഉണ്ട്. തീർച്ചയായിട്ടും അന്താരാഷ്ട്ര മതസംഘടനകളോ ദേശീയമായ തീവ്ര നിലപാട് ഉള്ളവരോ ആയ ഒരു പാട് തീവ്രവാദികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. തീവ്രവാദികൾ ഉണ്ടായ സാഹചര്യം വർഗപരമോ സാമൂഹ്യ യാഥാർഥ്യങ്ങളോടുള്ള റിയാക്ഷന്റെ ഫലമോ മതവാദപരമോ ലോകം മുഴുവൻ ഒന്നിപ്പിയ്ക്കുകയോ ഭിന്നിപ്പിയ്ക്കുകയോ ഒക്കെ ആയിരിയ്ക്കാം. ഇതൊക്കെ തന്നെ നമുക്കു പൂർണ്ണമായും പിന്തുണയ്ക്കാനും തള്ളിക്കളയാനും പറ്റാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. പക്ഷേ അതൊന്നും അക്രമങ്ങൾക്ക് ഒരു ന്യായീകരണമായി പറയാനാകില്ല. അക്രമങ്ങൾ വൈകാരികവും സാമ്പത്തികവുമായ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കുമ്പോൾ ഒരു സർക്കാർ എന്തു ചെയ്യും? ഒരു ദൂഷിതവലയത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളേയും അക്രമങ്ങളേയും നിയന്ത്രിയ്ക്കാനുള്ള സർക്കാരിന്റെ ശ്രമത്തിൽ തീർച്ചയായിട്ടും ഒരുപാടു നിരപരാധികൾ പെടുന്നുണ്ട്.
തീവ്രവാദം ഒരു ആഗോള പ്രശ്നമാണ്. അതിനെ നിയന്ത്രിയ്ക്കേണ്ടതു തന്നെയാണ്. അതിനായി പക്ഷേ അതി കിരാതന നിയമങ്ങൾ ഉണ്ടാകരുത്. തീവ്രവാദത്തെ നേരിടുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ നമുക്കുണ്ട്, പക്ഷേ അതൊക്കെ സ്വയം ന്യായയുക്തമായി പ്രവർത്തിയ്ക്കുന്നു എന്നും ഉറപ്പാക്കേണ്ടതുമുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായ മനുഷ്യാവകാശ സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. എങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് നിരപരാധികൾക്ക് എതിരെയുള്ള മുഴുവൻ അക്രമങ്ങളും നമുക്ക് തടയാൻ പറ്റുകയില്ല. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ പക്ഷേ നിരപരാധികളെ ക്രൂശിയ്ക്കാൻ ഇടവന്നാൽ നമ്മുടെ പരിധിയിൽ നിന്നുകൊണ്ട് നാം അതിനെ എതിർക്കേണ്ടതുമുണ്ട്.
No comments:
Post a Comment