ചാലിപ്പാടവും പൂലാനിപ്പാടവും പന്തൽപ്പാടവും ഒന്നായി കിടക്കുന്ന പാടശേഖരങ്ങളാണ്. ചാലിപ്പാടം പിണ്ടാണിയ്ക്കു മുകളിലുള്ള നയ്മേലി തോടിനു പടിഞ്ഞാറു നിന്നു തുടങ്ങി പൂത്തുരുത്തി പാലത്തിനരികെ വരെ നീണ്ടു കിടക്കുന്നു. ചാലിപ്പാടത്തിനും പടിഞ്ഞാറു മൂഴിക്കക്കടവു വരെ നീണ്ടു കിടക്കുന്ന ഒരു ചെറു പാടം മാത്രമാണ് പന്തൽപ്പാടം. ചാലിപ്പാടത്തിനു വടക്കായി കുറുപ്പത്തിനും കൊമ്പിച്ചാലിനും ഇടയിലായി കിഴക്ക് പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വരേയും വടക്ക് പൂലാനി വരെയും പൂലാനിപ്പാടം വ്യാപിച്ചു കിടക്കുന്നു.
ചാലിപ്പാടം കിഴക്കേ അറ്റം
നയ്മേലി പാലത്തിനു പടിഞ്ഞാറായി കുറുപ്പത്തിനും പിണ്ടാണിയ്ക്കും ഇടയിൽ നയ്മേലി തോട് തെക്കു വടക്കായി ഒഴുകുന്ന ഭാഗത്തെ ചാലിപ്പാടം കിഴക്കേ അറ്റം എന്നു വിളിയ്ക്കാം. ചാലിപ്പാടത്തിലും പൂലാനിപ്പാടത്തിലും പന്തൽപ്പാടത്തിലും വല്ല നെൽകൃഷിയും ഇപ്പോളും നടക്കുന്നുണ്ടെങ്കിൽ അത് ചാലിപ്പാടം കിഴക്കേ അറ്റത്തു മാത്രമാണ്. പാടത്തിന്റെ നല്ലൊരു ഭാഗം വാഴക്കൃഷിയ്ക്കായും ഉപരോഗിച്ചു കഴിഞ്ഞു. പലയിടത്തും പയറും നട്ടിട്ടുണ്ട്. വർണ്ണക്കൊക്ക് തുടങ്ങിയ പലയിനം ദേശാടന പക്ഷികൾ വന്നിറങ്ങുന്ന ഇവിടങ്ങളിലെ വളരെ കുറച്ചു സ്ഥലം മാത്രമേ തരിശ് ഇട്ടിട്ടുള്ളൂ.
ചാലിപ്പാടം തെക്കേ അറ്റം
പഴയ നെല്പാടങ്ങളിലെ ചെളിയും ജൈവസാന്നിദ്ധ്യവും കുറെയൊക്കെ ഇപ്പോളും ചാലിപ്പാടം തെക്കേയറ്റത്തിനുണ്ട്. പഴയൊരു നാടൻ പാട്ടു തന്നെ ഈ സ്ഥലത്തെക്കുറിച്ചുണ്ട്. കേട്ടോളൂ.
“പാടത്തെ പെണ്ണാളേ
കൊയ്ത്തരിവാൾ തേച്ചുമിനുക്കി
ചാലിപ്പാടം തെക്കേയറ്റം
പുഞ്ചകൊയ്യാൻ പോരുന്നോ?
പാവങ്ങൾ പശിയ്ക്കണ ഞങ്ങൾ-
ക്കാരുണ്ടേ തുണ പോരാൻ
ഞാറ്റുകണ്ടത്തുയരുന്ന തേങ്ങൽ
ഏറ്റുപാടി എല്ലാരും.
നെൽക്കൃഷിയുടെ കേന്ദ്രമാകേണ്ട ഇവിടത്തെ ചളിമണ്ണുള്ള ഭാഗം ഇപ്പോൾ തരിശിട്ടിരിയ്ക്കുകയാണ്. ചിലയിടങ്ങളിൽ കള വയൽ കയ്യടക്കിയിരിയ്ക്കുന്നു. ഏറ്റവും തെക്കായി പിണ്ടാണിയോടു ചേർന്നുള്ള ഭാഗം വാഴക്കൃഷി നടക്കുന്നുണ്ട്. ഇടയ്ക്കായി കവുങ്ങുകൾ മാത്രം വളർത്തിയിരിയ്ക്കുന്ന ഒരു ഭാഗവുമുണ്ട്. ഇവിടങ്ങളിലെല്ലാം കന്നുകാലികളും താറാവും മേഞ്ഞു നടക്കുന്നു.അപൂർവം സ്ഥലത്ത് പയറും നട്ടിട്ടുള്ളത് കാടു കയറിയിരിയ്ക്കുന്നു.
കവുങ്ങിൻ തോട്ടം
ഇവിടങ്ങളിലെ വാഴകൾക്ക് അസാമാന്യ പച്ചപ്പും വിളവും കണ്ടു വരുന്നു. മേലെ ഒരു ചിറയിൽ നിന്നും വരുന്ന വെള്ളം ജലസേചന സൌകര്യവും നൽകുന്നു.
വാഴത്തോട്ടം
നയ്മേലി തോട് കറുകുറ്റി പഞ്ചായത്തു മുതൽ കെട്ടി സംരക്ഷിച്ചു വരുന്നതാണ്. പണി ശരിയല്ലാത്തതിനാൽ ചാലിപ്പാടം മധ്യഭാഗത്തായി പലയിടത്തും തോട് തകർന്നു പോയിരിയ്ക്കുന്നു. ആരും അറ്റകുറ്റപ്പണി നടത്തുന്നില്ല. നാറ്റുകാർക്കും താല്പര്യമില്ല. ഈയിടെ ദേശീയ തൊഴിലുറപ്പുകാർ തോടു വൃത്തിയാക്കിയതോടെ വരുന്ന വെള്ളമെല്ലാം നിമിഷങ്ങൾക്കകം പുഴയിലെത്തുകയും സമീപപ്രദേശങ്ങളിലെ പല കിണറുകളിലേയും ജലനിരപ്പുതാണ് അവ വറ്റി പോകുകയും ചെയ്തതായി പറയുന്നു. ചിലയിടങ്ങളിൽ അതിനാൽ ആളുകൾ കിട കെട്ടുന്നുണ്ട്. പാലം പണിത ഇടങ്ങളിൽ ചില സാമൂഹ്യ വിരുദ്ധർ ഒഴുകി വിടുന്ന മരച്ചീനിത്തണ്ട് പോലെയുള്ള അവശിഷ്ടങ്ങൾ തടഞ്ഞു നിന്നും ജലനിരപ്പ് ഉയരാറുണ്ട്. ആരും അതൊന്നും നീക്കം ചെയ്യാറില്ല. കാഡ പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിയ റബ്ബിൾ തോടുകൾ തകർന്നു പോയതിനാൽ പത്തു പതിനഞ്ചു വർഷമായി പാടത്തേയ്ക്കു കനാൽ വെള്ളം എത്തുന്നില്ല. തോടു പരിഷ്കരണത്തിന്റെ ഭാഗമായി നയ്മേലി തോട്ടിലെ ജലനിരപ്പ് വളരെ താഴുകയും ചെയ്തു. അതിനാലാണ് പ്രധാനമായും ഇവിടെ നെൽകൃഷി നടക്കാത്തത്.
മരച്ചീനി തണ്ടുകൾ തടഞ്ഞു നിൽക്കുന്നു (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
മരച്ചീനി തണ്ടുകൾ ചിലപ്പോൾ ഒരു പാടത്തു പറിയ്യ്ക്കുന്നതു മുഴുവനും തോട്ടിലേയ്ക്കൊഴുക്കി വിടാറുണ്ട്. അങ്ങനെ വന്നാൽ മാസങ്ങളോളം വെള്ളം വീറി നിൽക്കും. തോട്ടുവെള്ള കുളിയ്ക്കാനും തുണികഴുകാനും പറ്റാത്തതാകും അന്തിമമായി ഇവ പുഴയിൽ ചെന്നു ചേരുകയും താഴെയുള്ള ബണ്ടിലടിയുകയും ചെയ്യും.
തോട് തകർന്ന ഭാഗത്ത് ഒരു ചെറു കിട കെട്ടിയിരിയ്ക്കുന്നു
ചെറുകിട കെട്ടുന്നവരെ കൂടാതെ ഊത്തൽ വരുന്ന കാലത്ത് വൻ കിട കെട്ടി മീൻ പിടിയ്ക്കുന്നർ അറിയുന്നില്ല അവർ മീനുകളുടെ പ്രജനനം തടസ്സപ്പെടുത്തുകയാണെന്നു. മുമ്പ് മലിഞ്ഞീനും ആരലും മഞ്ഞക്കൂരിയും കല്ലടയും ധാരാളമായി വന്നത് ഇപ്പോൾ നാമമാത്രമായി. ചാലക്കുടി പുഴയിൽ മാത്രം വളരുന്ന വംശനാശം നേരിടുന്ന ഏകദേശം നൂറ്റമ്പതോളം ജീവജാലങ്ങൾ ഉള്ളതായാണു കണക്ക്. അതിനിടെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മത്സ്യബന്ധനത്തിനു ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകിയിരിയ്ക്കുന്നത്. പാടത്തെ ബ്രാലും വട്ടനും പരലും കണികാണാനില്ലാത്ത സ്ഥിതി വന്നത് ഇനി പുഴയിലും ആകും.
തോട് കെട്ടിയ ഭാഗം ഇടിഞ്ഞു വീണിരിയ്ക്കുന്നു
പൂലാനിപ്പാടത്ത് നെൽക്കൃഷിയ്ക്കു പകരം മരച്ചീനി കൃഷി വ്യാപകമായിരിയ്ക്കുന്നു. മരച്ചീനിയ്ക്കു കഴിഞ്ഞ വർഷം മികച്ച വില ലഭിച്ചതാണു പ്രചോദനമായത്. എന്നാൽ ഇത്തവണ കിലോയ്ക്ക് കച്ചവടക്കാർ 4 രൂപ 50 പൈസ മാത്രമേ നൽകാൻ തയ്യാറുള്ളൂ എന്നാണറിയുന്നത്. 16 രൂപയാണ് മാർക്കറ്റിലെ വില. ഈ കർഷക ചൂഷണം തടയുന്നതിനു കർഷകർ തന്നെ സംഘടിതമായി വിപനന രംഗത്തേയ്ക്കു വരണം.
പൂലാനിപ്പാടത്ത് ചിലയിടത്ത് ചിലയിടങ്ങളിൽ കന്നാറ കൃഷി ചെയ്തിരുന്നത് വീണ്ടും പരീക്ഷിയ്ക്കാൻ ആരും തയ്യാറായിട്ടില്ലെന്നു മാത്രമല്ല അവിടഠെ കന്നാറ മാറ്റുന്നതിനു വഴിയില്ലാതെ പുതിയ കൃഷി ചെയ്യാൻ വഴി കാണാതേയും ഇരിയ്ക്കുന്നു.
പൂലാനിപ്പാടം തെക്കുഭാഗം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
പൂലാനിപ്പാടം തെക്കു മുതൽ ചാലപ്പാടം മധ്യം വരെ ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിൽ മരച്ചീനി കൃഷിയുണ്ട്. എന്നാൽ ഏറെ പച്ചപ്പുള്ള പൂലാനിപ്പാടം വടക്കേയറ്റം ഏറെക്കുറെ അവഗണിയ്ക്കപ്പെട്ടും കിടക്കുന്നു.
പൂലാനിപ്പാടം വടക്കേയറ്റം
ഒരിക്കൽ പൈൻ ആപ്പിൾ കൃഷി ചെയ്തിരുന്ന ഇടങ്ങളിൽ വള്ളികൾ പടർന്നു കയറിയതു ആടിനെ വളർത്തുന്നവർക്ക് നല്ല പുല്ലായി തീർന്നിരിയ്ക്കുന്നു.പൂലനിപ്പാടം ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറ് പൈനാപ്പിൾ കൃഷി ചെയ്ത ഇടം
പയർ കൃഷി ചെയ്ത ഇടം കാടു കയറിയ ഇടത്ത് കാലി മേയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മുമ്പ് ചിലർ വിളവെടുപ്പു കഴിഞ്ഞാൽ കാലികളെക്കൊണ്ട് വയൽ മേയിയ്ക്കാറുമുണ്ടായിരുന്നത്രേ.
പൂലാനിപ്പാടത്തെ പയർ കൃഷിയും മരച്ചീനി കൃഷിയും
തോട്ടിൽ അവശേഷിയ്ക്കുന്ന അല്പം ജലത്തിൽ ഇല്ലാത്ത മീനിനു വേണ്ടി ഒരു ചെറുചൂണ്ട
പൂലാനിപ്പാടം പതിയെ വാഴക്കൃഷിയിലേയ്ക്കു മാറുകയാണ്. പക്ഷേ വിളവു ചാലിപ്പാടത്തിലേപ്പോലെ ആയിട്ടില്ലെന്നു മാത്രം. അദ്ധ്വാനശാലികളായ മേലൂർ പഞ്ചായത്തിലെ കർഷകർ നെൽകൃഷി ചെയ്യുന്നില്ലെങ്കിൽ തന്നെയും തങ്ങളുടെ ആയിരക്കണക്കിനു വരുന്ന പാടശേഖരങ്ങൾ കാര്യമായി തരിശിട്ടിട്ടില്ല എന്നു കാണുന്നത് വളരെ സന്തോഷാർഹമാണ്. ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർ ഉത്പാദിപ്പിയ്ക്കുന്ന ഓരോ ലിറ്റർ പാലിനും രണ്ടു രൂപ നൽകുന്നപോലെ ഒരു നല്ല പദ്ധതി നെൽകൃഷിയിലേയ്ക്കും പഞ്ചായത്തു വ്യാപിപ്പിച്ചാൽ മേലൂരിലെ നെൽകൃഷിയും വൈകാതെ തിരിച്ചു വന്നേക്കും എന്നു തന്നെയാണ് തോന്നുന്നത്. മേലൂരിലെ കഠിനാദ്ധ്വാനികളായ കർഷകർക്ക് അഭിനന്ദനങ്ങൾ അർപ്പിയ്ക്കുന്നു.
പൂലാനിപ്പാടത്തെ ഒരു വാഴ കുലയ്ക്കുന്നു
No comments:
Post a Comment