സി. ആർ. പരമേശ്വരൻ
എന്നെ സംബന്ധിച്ചിടത്തോളം കവിതയിൽ വളരെ ഇൻവോൾവ്ഡ് ആയിട്ടുള്ള കാലം അറുപതുകൾ ആണ്, ഇരുപതു വയസ്സിനു താഴെയുള്ള സമയം. ഇപ്പോളും മലയാള കവിതയുടെ സുവർണ്ണ ദശകം അറുപതുകൾ തന്നെയാണ്. അന്ന് ഇടശ്ശേരി, വൈലോപ്പിള്ളി, പെരുന്ന രാമൻ നായർ, പി. കുഞ്ഞിരാമൻ നായർ, ജി.ശങ്കരക്കുറൂപ്പ്, ബാലാമണിയമ്മ, എൻ.വി.കൃഷ്ണവാര്യർ, ഒളപ്പമണ്ണ, പി. ഭാസ്കരൻ തുടങ്ങിയ ഒരു പറ്റം മുതിർന്ന കവികളും അന്നത്തെ പുതിയ തലമുറയിലെ കവികളും എഴുതിക്കൊണ്ടിരുന്ന ദശകമാണ് അറുപതുകൾ. അതിലെ വൃദ്ധകവികൾ തന്നെ അവരുടെ ഒരു പുതിയ ദശ സൃഷ്ടിച്ചു. നാല്പതുകളിലേയും അമ്പതുകളിലേയും കവിതകളിൽ പുതിയ സ്വാതന്ത്ര്യത്തിന്റെ ഒരു ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നത് അറുപതുകളായതോടെ അസ്തമിച്ച് വളരെ വിമർശനാത്മകവും യഥാതഥവും ദുഃഖഭരിതവുമായ കവിതകളായി. കവികൾ എല്ലാവരും നല്ല റേഞ്ചിലേയ്ക്കൊക്കെ വളർന്നു. അറുപതുകളിലെ കവിത നമ്മുടെ കാല്പനിക കവിതയുടെ പര്യവസാനമായിരുന്നു.
എഴുപതുകളോടു കൂടി ആധുനികത നമ്മുടെ കവിതകളിലേയ്ക്കു വന്നു. ആധുനികതയ്ക്ക് ഒരു തരം നാഗരീകതയുടെ ആവശ്യമുണ്ട്. ഓ.വി.വിജയൻ, എം.മുകുന്ദൻ, നാരായണ പിള്ള, വി.കെ.എൻ., കാക്കനാടൻ തുടങ്ങിയ നമ്മുടെ നോവലിസ്റ്റുകളും കാഥികരും കേരളത്തിനു പുറത്തുള്ള വൻ നഗരങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവരെല്ലാം വളരെ സ്വാഭാവികമായി കഥാസാഹിത്യത്തിൽ മോഡേണിസം കൊണ്ടുവന്നു. നേരേ മറിച്ച് നമ്മുടെ കവികളിൽ മിക്കവരും കേരളത്തിലെ ഗ്രാമപ്രദേശങ്ങൾ പോലെയുള്ള പട്ടണങ്ങളിൽ പഠിപ്പിയ്ക്കുന്ന മാഷന്മാരായിരുന്നു. അവർ പഠിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ആധുനികത കവിതയിൽ കൊണ്ടുവന്നത്. അയ്യപ്പപ്പണിക്കരേപ്പോലെയുള്ള അവരുടെ കവിതകളിൽ കൃത്രിമത്വം ഉണ്ടായിരുന്നു.
എഴുപതുകളിൽ നക്സൽ മൂവ്മെന്റിന്റെ ഭാഗമായി രാഷ്ട്രീയ ആധുനികത വന്നതിൽ അടിയന്തിരാവസ്ഥ വരെ കുറച്ചു കാലം മാത്രം നിലനിന്ന കാലഘട്ടത്തിൽ ആറ്റൂർ രവിവർമ്മ, കടമ്മനിട്ട, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ വളരെ നല്ല ഒരു ഇരുപതു കവിതകൾ നമുക്കുണ്ടായിരുന്നു. ഇരുപതു കവികൾ എന്നല്ല ഇരുപതു കവിതകൾ എന്നു തന്നെ പറയണം. ആ അന്തരീക്ഷം അവർക്ക് നിലനിറുത്തുവാൻ കഴിഞ്ഞില്ല. അതിനുശേഷം വീണ്ടും കാല്പനികതയുടെ തിരിച്ചു വരവാണ് ഉണ്ടായത്.
അതിനുശേഷം വന്ന ഉത്തരാധുനികതയിലും ആധുനികതാനാട്യം എഴുപതുകളിൽ എങ്ങനെ ഉണ്ടായോ അതുപോലെതന്നെ അസ്വാഭാവികത നിഴലിയ്ക്കുന്ന ഒരു ഫോർമുല വച്ച് പോസ്റ്റ്മോഡേണിസ്റ്റ് കവിതകൾ എഴുതി വരികയായിരുന്നു.
എപ്പോളും രണ്ടു ഘടകങ്ങളാണ് ഒരു കവിതയെ ഏറ്റവും നന്നാക്കുന്നത്. ഒന്നമതായി ഒരു കവിത ഓഥെന്റിക് അഥവാ ആധികാരികം ആയിരിയ്ക്കണം. കവിയുടെ അനുഭവങ്ങളുടെ ഉള്ളിൽ നിന്നു വരുന്നതാവണം അത്. രണ്ടാമതായി ഫ്രഷ്നെസ്സ്. നമ്മൾ ഏതു കാലത്താണോ ജീവിയ്ക്കുന്നത് ആ കാലത്തിന്റെ സൃഷ്ടിയായിരിയ്ക്കണം കവിത. കവിത കാല്പനികമോ ആധുനികമോ ഉത്തരാധുനികമോ ആകാം, പക്ഷേ ഓഥെന്റിക്കും ഫ്രഷ്നെസ്സ്.ഇല്ലാത്തതും ആയിരിയ്ക്കരുത്. ഈ ഫ്രഷ്നെസ് ഞാൻ പറഞ്ഞ അറുപതുകളിലെ കവിതകളിൽ ഉണ്ടായിരുന്നു, എഴുപതുകളിലെ കുറച്ചു കവിതകളിൽ ഉണ്ടായിരുന്നു, ഇപ്പോൾ വരുമ്പോൾ അവയുടെ എണ്ണം കുറവാകുന്നു. ഒന്നുകിൽ കവിത ഓഥെന്റിക് ആകുമ്പോൾ ഫ്രഷ് ആകില്ല, അല്ലെങ്കിൽ നേരേ മറിച്ചും.
ഇന്നും അറുപതുകൾ തന്നെയാണ് മലയാള കവിതയുടെ സുവർണ്ണ ദശകം. അറുപതുകളിലെ ഓരോ നല്ല കവിയും നൂറുകണക്കിനു നല്ല കവിതകൾ എഴുതിയിരുന്നു. അതിനു ശേഷം കുറച്ചു കവിതകളേ ഒരേ സമയം ഓഥെന്റിക്കും ഫ്രഷും ആയിരുന്നിട്ടുള്ളൂ. രണ്ടോ മൂന്നോ ദശകങ്ങൾ കൊണ്ട് രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് ഇന്ന് ഒരു കവി ചെയ്യുന്നത്.
പണ്ടു കവികൾ മഹാവൃക്ഷങ്ങൾ ആയിരുന്നിടത്ത് ഇന്നു ചെറിയ ചെറിയ സസ്യങ്ങൾ ആണ്. സസ്യങ്ങൾക്കും ജീവിതത്തിൽ പ്രസക്തി ഇല്ലെന്നു പറയുന്നില്ല. രണ്ടായിരത്തോടെ ബ്ലോഗുകളിലൂടെയും ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങളിലൂടെയും ആയിരക്കണക്കിനു കവിതകൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി മത്സരിയ്ക്കുകയാണ്. പ്രസിദ്ധീകരിയ്ക്കുമോ ഇല്ലയോ എന്ന ഭീതി കൂടാതെ തികച്ചും സ്വാഭാവികമായി കവികൾക്കു തങ്ങളുടെ കവിതകൾ വായനക്കാരുടെ മുന്നിലെത്തിയ്ക്കാനാകും. വായനക്കാർ മിക്കവാറും കവിയുടെ സുഹൃത്തുക്കൾ ആകുന്നതിനു ഒരു കൂടുതൽ സ്വാഭാവികതയും ഉണ്ട്. ഏതാണ്ട് ഒരു ഡസനോളം കവികൾ ഇവരിൽ വളരെ നന്നായി എഴുതുന്നവരാണ്. പക്ഷേ അവരുടെ മുന്നിലുള്ള പ്രശ്നം അവർ എഴുതുന്ന ചെറു കവിതകൾ കൊണ്ട് ഒരു കവി ജീവിതം മുഴുവൻ എങ്ങനെ എഴുതി തീർക്കും എന്നതാണ്. പണ്ടത്തെ ഒരു കവിയുടെ കവിജീവിതവും ഇന്നത്തെ ഒരു കവിയുടെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ആദ്യത്തെ കൂട്ടരുടെ മുമ്പിൽ പിന്നീടു വന്നവർ ചെറുതാണ്. എങ്കിലും മുക്കൂറ്റിയ്ക്കും അതിന്റെ സൌന്ദര്യം ഉണ്ടല്ലോ. അത് കൂടാതെ ഒരു പാടു കവികൾ കൂടിയിട്ട് സൃഷ്ടിയ്ക്കുന്ന കവിതകളുടെ ഒരു കളക്റ്റീവ് സൌന്ദര്യം ഇന്നത്തെ കവിതയ്ക്ക് വേറേയുമുണ്ട്.
പണ്ടൊക്കെ ഒരു കവിത കണ്ടാൽ അത് ഇടശ്ശേരിയുടെ ആണോ എന്നു തിരിച്ചറിയാമായിരുന്നു. ഇന്നത്തെ കവികളുടെ കവിത തിരിച്ചറിയാൻ വിഷമമാണ്. പക്ഷേ കളക്റ്റീവായി അവയെ തിരിച്ചറിയുക സാധ്യവുമാണ്.
No comments:
Post a Comment