സി.അർ. പരമേശ്വരൻ
ഏറ്റവും പുതിയ സെൻസസ് പ്രകാരം കേരളം ഭൂരിഭാഗവും നഗരങ്ങൾ ആയിക്കഴിഞ്ഞു. അത് കഴിഞ്ഞ ഇരുപതു കൊല്ലങ്ങൾ കൊണ്ട് വന്ന മാറ്റം ആണ്. നാം ബോധപൂർവം വിചാരിച്ചാലും മാറ്റാൻ പറ്റുന്ന ഒന്നല്ല അർബനൈസേഷൻ. ഗ്രാമത്തിലുള്ള ആളുകൾ തന്നെ ബോധപൂർവം നഗരവാസികളാകാൻ ഇച്ഛിയ്ക്കുന്നുമുണ്ട്. അർബനൈസേഷൻ വെറുമൊരു പ്രക്രിയയല്ല അതൊരു മനോഭാവം കൂടിയാണ്. എങ്കിലും അതിന്റെ വഴികളിൽ പലതും ആത്മഹത്യാപരം ആകുന്നുണ്ട്. മെച്ചങ്ങളും ഉണ്ടാകുന്നുണ്ട്. ആരോഗ്യ രംഗത്തെ വളർച്ചയും, ആയുർദൈർഘ്യവും എല്ലാം നഗരവത്കരണത്തിന്റെ കൂടി നന്മയാണ്. അതുകൊണ്ട് നഗരവത്കരണം മൊത്തമായി നിഷേധിയ്ക്കപ്പെടേണ്ട ഒന്നല്ല.
നമുക്ക് എന്തു നഷ്ടപ്പെടണം എന്തു നഷ്ടപ്പെടാൻ പാടില്ല എന്നു നാം നിശ്ചയിക്കേണ്ടതുണ്ട്. പലപ്പോളും രണ്ടോ മൂന്നോ ആളുകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഒരു നാടിന്റെ ജലസമ്പത്തായ പാടങ്ങൾ നികത്തുക തുടങ്ങിയ അതിക്രമങ്ങൾ അതാതിടത്തെ നാട്ടുകാർക്കോ അയൽക്കൂട്ടങ്ങൾക്കോ തടയാൻ പറ്റും. പണ്ടതു നിശ്ചയമായും തടയാൻ പറ്റിയിരുന്നു, പക്ഷേ ഇന്നങ്ങനെ ചെയ്യാൻ കഴിഞ്ഞെന്നു വരികയുമില്ല. പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികൾ ജനങ്ങളോട് അക്കൌണ്ടബിൾ ആയിരിയ്ക്കണം. ഇത്തരം കാര്യങ്ങൾ നമുക്കു ചെയ്യാൻ പറ്റണം.
സർക്കാർ ഇത്തരം കാര്യങ്ങളിൽ ചെയ്യുന്നത് പ്രാവർത്തികം ആകുന്നുണ്ടെങ്കിൽ അതിനെ നിഷേധിയ്ക്കേണ്ട കാര്യമില്ല. പഴയ ക്ലബ് സംസ്കാരം പുനരുജ്ജീവിപ്പിച്ചാൽ തന്നെ കുറെയൊക്കെ ചെയ്യാൻ കഴിയും. ഗ്രാമ സഭകൾ ശക്തിപ്പെടുത്തിക്കൊണ്ട് അനാശാസ്യപരമായ പ്രവണതകൾ തടയാൻ കഴിയും. എന്നാൽ അർബനൈസേഷന്റെ ഫലമായി തന്നെ നമ്മുടെ അയൽക്കാർ, അയൽക്കൂട്ടം, അടുത്ത ബന്ധങ്ങൾ തുടങ്ങിയ സങ്കല്പങ്ങൾ തന്നെ അപ്രത്യക്ഷമാകുകയാണ്. അതൊന്നും പോകാനനുവദിയ്ക്കരുത്. അനൌപചാരികമായ ഗ്രാമസഭകൾ തന്നെ കൂടി ഭരണം നടത്തുന്ന ജനപ്രതിനിധികളെ വിലയിരുത്തണം. അങ്ങനെ അനാശാസ്യമായ അർബനൈസേഷനെ നിയന്ത്രിയ്ക്കണം.
No comments:
Post a Comment