ജനങ്ങളെ സംബന്ധിച്ച് ഇതെല്ലാം രാഷ്ട്രീയമാണ്. അരാഷ്ട്രീയം എന്നു പറയുന്നതു തന്നെ ഒരു മിസ്ന്യൂമർ ആണ്. ഈയടുത്ത കാലത്തായി പറയുന്നവരിലും കേൾക്കുന്നവരിലും ഒരു സങ്കുചിതത്വം വന്നതിനു ശേഷമാണ് അരാഷ്ട്രീയം എന്ന പദപ്രയോഗം വന്നത്. അപൂർണ്ണമായ കക്ഷിരാഷ്ട്രീയമോ സ്വന്തം ജോലി ശരിയ്ക്കു ചെയ്യാത്ത രാഷ്ട്രീയക്കാരുടെ പ്രവൃത്തിയോ ആണ് ശരിയ്ക്ക് അരാഷ്ട്രീയം. ജനങ്ങളെ സംബന്ധിച്ച് അവരുടെ പ്രശ്നങ്ങൾ എല്ലാം തന്നെ രാഷ്ട്രീയമാണ്. അരാഷ്ട്രീയ ജനകീയ മുന്നേറ്റങ്ങൾ എന്നതിനേക്കാൾ ബദൽ പ്രസ്ഥാനങ്ങൾ എന്നതാണ് കുറച്ചുകൂടി നല്ല വാക്ക്.
വളരെ വിപ്ലവകരമായ ഒരു ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ തീർക്കുന്നതിനു പാർലമെന്ററി തലം മുതൽ പഞ്ചായത്ത് തലം വരെ റെപ്രസെന്റേഷനു ഒരു കുറവുമില്ല. നമ്മെ പ്രതിനിധീകരിയ്ക്കാൻ വാർഡ് മെമ്പറും, ബ്ലോക്ക് മെമ്പറും, ജില്ലാ പഞ്ചായത്ത് മെമ്പറും എം.എൽ.ഏ.യും എം.പി.യുമെല്ലാമുണ്ട്. നമ്മുടെ മനുഷ്യാവകാശപരവും പാരിസ്തിതികവും മറ്റുമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയും പ്രശ്നങ്ങൾ വരാതെ നോക്കുകയും വന്നാൽ അവ സോൾവ് ചെയ്യുകയും ചെയ്യുക അവരുടെ ചുമതലയാണ്. ഇനി ഏതെങ്കിലും കാരണവശാൽ അവർക്കു തനിയേ ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിക്കേണ്ട നേതാക്കളാണവർ. ജനങ്ങൾ സംഘടിച്ചാൽ ആർക്കും ഒരു അനീതിയും നടത്താൻ പറ്റുകയില്ല.
പക്ഷേ ആഗോള മുതലാളിത്ത താല്പര്യങ്ങൾ മുതൽ ലോക്കൽ വെസ്റ്റഡ് ഇന്ററസ്റ്റ് വരെ കക്ഷിരാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നു. ജനതാല്പര്യങ്ങളെ അപേക്ഷിച്ച് ആഗോളവും മറ്റുമായ നിക്ഷിപ്ത താല്പര്യങ്ങൾക്ക് മുൻഗണന കിട്ടുകയും ജനപ്രതികളുടെ താല്പര്യം അവരെ രക്ഷിയ്ക്കുക എന്നതായി മാറുകയും ചെയ്തിരിക്കുന്നു. അങ്ങനെ സ്വന്തം താല്പര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏറ്റവും അടിസ്ഥാനപരമായ കുടിവെള്ളം, മാലിന്യം, ഫാക്ടറികളുടെ സാമീപ്യം റോഡ് തുടങ്ങിയ ആവശ്യങ്ങൾ നേടുന്നതിനു ജനങ്ങൾ തന്നെ ഇറങ്ങി പുറപ്പെടേണ്ടി വരുന്നു. ഭരണഘടന പ്രകാരം ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടവർ തെറ്റായ മുൻഗണനകൾ: വച്ചു പുലർത്തുന്നതു മൂലമോ ജനതാല്പര്യങ്ങളെ വഞ്ചിക്കുമ്പോളോ ആണ് ബദലായി ജനം തന്നെ ഇറങ്ങി പുറപ്പെടേണ്ടി വരുന്നത്.
ഭരണഘടനകളുടെ സ്വഭാവം അവ അപൂർണ്ണമാണെന്നതാണ്. നിക്ഷിപ്ത താല്പര്യക്കാർക്ക് തെരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനങ്ങൾ ജനങ്ങളിൽ നിന്നു വിലയ്ക്കു വാങ്ങാനാകുകയില്ല. പക്ഷേ മറ്റു പലവിധത്തിലും അതു വാങ്ങാൻ കിട്ടുകയും ചെയ്യും. പാർട്ടിയിൽ നിന്നോ മറ്റോ കാൻഡിഡേച്ചർ വില കൊടുത്തു വാങ്ങാനാകും. അതുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെടൂന്ന കോടീശ്വരന്മാരുടെ എണ്ണം കൂടിക്കൂടി വരുന്നത്. നേതാക്കളുടെ ജനസ്വാധീനം എന്നതിനു പകരം മണി പവർ മാനദണ്ഡമാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ തന്നെയും വിലയ്ക്കു വാങ്ങാനാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ വരുമ്പോളാണ് രാഷ്ട്രീയങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. പോലീസുമായുള്ള ഇടപെടൽ, ആദിവാസി മേഖലയിലെ ചൂഷണങ്ങൾ, ഖനന മേഖലകൾ, എന്നിവിടങ്ങളിലെല്ലാം ജനങ്ങളെ ഡിസ്സിപ്പേറ്റ് ചെയ്യുന്നുണ്ട്.
വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുകകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാട്ടുകാരായവർ പോലും പകുത്തെടുക്കുന്നതിനാൽ ആ ഡവലപ്പ്മെന്റുകൾ നടക്കുന്നില്ല. സാർവ്വത്രികമായ അഴിമതി കാരണം പദ്ധതികളുടെ ഗുണങ്ങളൊന്നും ജനങ്ങളിലേയ്ക്കെത്തുന്നുമില്ല. കോൺട്രാക്ടർമാരും ജനപ്രതിനിധികളും മറ്റു നിക്ഷിപ്ത താല്പര്യക്കാരും ചേർന്ന് ജനങ്ങളുടെ സമ്പത്ത് കട്ടു മുടിയ്ക്കുന്നു. ഇതിനെല്ലാമുള്ള ഒരു പ്രതിരോധം എന്ന നിലയ്ക്കാണ് ബദൽ പ്രസ്ഥാനങ്ങൾ വരുന്നത്. അതിനെ തകർക്കാൻ പ്രൊപ്പഗാണ്ടയോടു കൂടെ വികസന മന്ത്രത്തെ അവതരിപ്പിക്കുകയാണു നിക്ഷിപ്തക്കാർ. ഒരു കമ്പനി വരുന്നു, വികസനത്തിനു വേണ്ടിയാണത്, അതിനെ എതിർക്കുന്നത് ജനവിരുദ്ധമാണ്, ബദലുമായി വരുന്നവർ നിക്ഷിപ്ത താല്പര്യക്കാരാണ് ആരുടെയൊക്കെയോ ഏജന്റ് ആയിട്ടാണവർ വികസനത്തെ എതിർക്കുന്നത് എന്നെല്ലാം അവർ പ്രചരിപ്പിക്കും.
കുറേ പേർക്ക് തൊഴിൽ കിട്ടുന്ന കമ്പനിയെ എതിർക്കുന്നത് തൊഴിലാളി വിരുദ്ധമാണ് എന്ന വാദമുയർത്തി അതിന്റെ പേരിൽ ഒരു രാഷ്ട്രീയ സംഘർഷം സൃഷ്ടിയ്ക്കും. ജനകീയ മുന്നേറ്റത്തെ തകർക്കാൻ മറ്റു പ്രചരണങ്ങളും ഉണ്ടാകും.
സർക്കാർ എന്നത് ഭീമാകാരമായ ഒരു സംവിധാനമാണ്. അതിനെ ഉപയോഗിക്കുന്നവർക്കെതിരെ സാധാരണക്കാരും ജീവസന്ധാരണത്തിനു പാടുപെടുന്നവരുമായ ജനങ്ങൾക്കു പിടിച്ചു നിൽക്കാൻ വലിയ പ്രയാസമാണ്. സമരത്തിൽ പിടിച്ചു നിൽക്കാൻ കുറച്ചു കഴിഞ്ഞാൽ ജനങ്ങൾക്കു കഴിയാതാകും. പണ്ടൊക്കെ സമൂഹം ഈ സമരക്കാരെ ഫീഡു ചെയ്തിരുന്നു. അതുകൊണ്ടാണ് എൺപതുകൾ വരെയുള്ള സമരങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റിയത്. ഇപ്പോൾ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം കൊടുക്കാനും അവരെ നിലനിറുത്താനും ജനം തയ്യാറല്ല.
ഈ സാഹചര്യത്തിൽ ജനകീയ സമരക്കാരെ സംരക്ഷിക്കുന്നതിനു സാമ്പത്തിക സഹായവുമായി ചില മതമൌലീകവാദികൾ കടന്നു വരുന്നുണ്ട്. അവർ മാൻ പവറും കൊടുക്കുന്നുണ്ട്. അതിനാൽ സമരങ്ങൾക്കു കുറേക്കൂടി പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ട്. പിടിച്ചു നിൽക്കുന്ന സമരങ്ങൾക്ക് മാധ്യമങ്ങളുടെ സപ്പോർട്ടും ലഭിയ്ക്കും. സമരങ്ങൾ വിജയിക്കുന്നതും തുടരുന്നതും ഫലപ്രദമാണെങ്കിലും അതിനു മതമൌലീകവാദികളുടെ സഹായം സ്വീകരിക്കുന്നത് ആശാസ്യമല്ലെന്നേ എനിയ്ക്കു പറയാനുള്ളൂ. ചില പ്രത്യേക മതരാഷ്ട്രീയത്തിനു വേരൂന്നാനുള്ള സാഹചര്യം എല്ലാകാലത്തും വളർന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരു വെല്ലുവിളി സൃഷ്ടിക്കും. പക്ഷേ അവരുടെ സഹായം തൽക്കാലം ജയം ഉറപ്പു വരുത്തുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.
No comments:
Post a Comment