മൂക്കന്നൂർ ഫിസാറ്റിലെ അവസാന വർഷ ബി.ടെക്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയും അടിച്ചിലി സ്വദേശിനിയുമായ കുമാരി ശരണ്യ ശശിധരൻ നാഷണൽ യൂണിവേർസിറ്റി ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ച് ക്ലാസ്സിക്കൽ ഡാൻസ് (മോഹിനിയാട്ടം) അവതരിപ്പിച്ച് ഏറ്റവും മികച്ച ക്ലാസ്സിക്കൽ ഡാൻസർക്കുള്ള സമ്മാനവുമായി തിരിച്ചു വന്നിരിക്കുന്നു. ശരണ്യ മേലൂർന്യൂസിനു മുമ്പിൽ മനസ്സു തുറക്കുന്നു. ഡോക്ടർ ബാബു എം.എൻ., ദിലീപ്, കെ.ജി. ശശി എന്നിവർ ശരണ്യയോടും അമ്മ പുഷ്പയോടും സംസാരിയ്ക്കുന്നു.
ശശി : ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തന്നെ അല്പം പോലും സമയം നഷ്ടപ്പെടുത്താതെ അക്കാഡമിക്കായി ഫൈനൽ ബി.ടെക്കിലെത്താനും നർത്തകി എന്ന നിലയിൽ ദേശീയ പുരസ്കാരം നേടാനും എങ്ങനെ കഴിഞ്ഞു?
ശരണ്യ :ഫസ്റ്റ് ഡാൻസൊക്കെ തുടങ്ങിയപ്പോൾ അതൊരു പ്രൊഫഷൻ ആക്കണമെന്നൊന്നും കരുതിയിരുന്നില്ല. അങ്ങനെ സാധിക്കുമെന്നും കരുതിയിരുന്നില്ല. പക്ഷെ കോമ്പറ്റീഷനിലെല്ലാം പങ്കെടുത്ത് പ്രൈസ് കിട്ടി എല്ലാവരും അറിയാൻ തുടങ്ങിയതിൽ പിന്നെ ഡാൻസ് കളിക്കുന്ന കുട്ടി പഠനത്തിൽ മോശമാകരുത് എന്നു കരുതാൻ തുടങ്ങി. രണ്ടും ഒന്നിച്ച് കൊണ്ടു പോകണമെന്നും പഠനത്തിൽ വീക്ക് ആകാൻ പാടില്ല എന്നും ഉറപ്പിച്ചു. അങ്ങനെ ചെയ്തതു കൊണ്ട് ഇങ്ങനെയായി.
ശശി : ഡാൻസിൽ ശരണ്യ ഇന്ത്യയിൽ ഒന്നാമതെത്തി. ബി.ടെക്കിലെ മാർക്കുകൾ എങ്ങനെയുണ്ട്?
ശരണ്യ :ബി. ടെക്കിനു 78 പെർസെന്റ് മാർക്കുണ്ട്. ക്യാമ്പസ് സെലക്ഷനും ഉണ്ടായിരുന്നു. ഞാൻ ടാടാ കൺസൾട്ടൻസി സർവീസിലേക്കു സെലക്ടഡും ആയി.
ശശി : ടി.സി.എസിലേയ്ക്കു സെലക്ഷൻ കിട്ടിയത് മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലാണോ അതോ അക്കാര്യത്തിൽ കല സഹായിച്ചിട്ടുണ്ടോ?
ശരണ്യ :കല സഹായിച്ചിട്ടില്ല. അഗ്രഗേറ്റ് മാർക്ക് നോക്കിയിട്ടാണ് അവർ എടുക്കുന്നത്. പിന്നെ സ്പെഷൽ അച്ചീവ്മെന്റ്സ് ഉണ്ടോ എന്നു ചോദിച്ചു. നമുക്ക് പറയാൻ പറ്റുന്നത് യൂണിവേഴ്സിറ്റി ഫെസ്റ്റ് ആണ്. അത് അത്ര അച്ചീവ്മെന്റ് ആയിട്ട് അവർക്ക് തോന്നിയിട്ടുണ്ടാവുകയില്ല. സൌത്ത് സോണിലൊന്നും അപ്പോൾ എത്തിയിട്ടുണ്ടായിരുന്നില്ല. ഒരു പക്കാ അക്കാഡമിക് ഇന്റർവ്യൂ തന്നെയായിരുന്നു. എച്ച്. ആർ., എം. ആർ., ടെക്നിക്കൽ അതെല്ലാം ഇന്റർവ്യൂ കഴിഞ്ഞിട്ടാണ് അവർ സെലക്ട് ചെയ്യുക. ഡാൻസിനോട് ഇന്ററസ്റ്റ് ഉണ്ടോ എന്ന് അവർ ചോദിച്ചു. ഏതൊക്കെ ഏരിയ ആണെന്നും.
ശശി : ശരണ്യ അടിസ്ഥാനപരമായി ഒരു ഡാൻസറാണോ അതോ എഞ്ചിനീയറാണോ?
ശരണ്യ :ഡാൻസർ കം എഞ്ചിനീയറാണ്. എഞ്ചിനീയറിംഗ് ഒരു പ്രൊഫഷനും ഡാൻസ് ഒരു പാഷനും ആയിട്ടാണ് കാണുന്നത്.
നാഷണൽ ഫെസ്റ്റിവലിൽ ശരണ്യ പെർഫോം ചെയ്യുന്നു
ശശി : ഇവയിൽ ഏതെങ്കിലും ഒന്നു ഉപേക്ഷിക്കേണ്ടി വന്നാൽ ഏത് ഉപേക്ഷിക്കും?
ശരണ്യ :ഉപേക്ഷിക്കുകയില്ല, കൂടെയെന്നും ഡാൻസ് ഉണ്ടായിരിക്കും. ജോലി ഇപ്പോൾ മടുക്കുമോ എന്നറിയില്ല. ഇനി മടുക്കുകയാണെങ്കിൽ തന്നെ അതു ഐ. ടി. ജോബ് ആയിരിക്കാണാണ് സാധ്യത.
ശശി : നൃത്തം ചെയ്യുന്നതിനു ആരെങ്കിലും ഒരു വ്യക്തി പ്രചോദനമോ കാരണമോ ആയിട്ടുണ്ടോ?
ശരണ്യ :അച്ഛനാണ്. ഞാൻ പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗിനു ചേർന്നപ്പോൾ ഞാൻ പ്രൊഫഷൻ മാത്രം മതി എന്നു വിചാരിച്ചതായിരുന്നു. അച്ഛന്റെയും അമ്മയുടേയും ഗുരു ആർ. എൽ. വി. ആനന്ദിന്റേയും ഇന്ററസ്റ്റായിരുന്നു നൃത്തം തുടരണമെന്നത്.
ശശി : ഫിസാറ്റിന്റെ ആന്വലുകളിൽ ശരണ്യയുടെ പേരു സ്ഥിരം കാണാറുണ്ട്. അതു കൂടാതെ നൃത്ത രംഗത്തുള്ള ശരണ്യയുടെ വളർച്ചയിൽ ഫിസാറ്റിനു വല്ല റോളുമുണ്ടോ?
ശരണ്യ :ഉണ്ട്. അവർ എനിക്കു ഒരുപാട് വേദി ഒരുക്കി തന്നിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ ഒരു കോളേജാണിത്. അവരുടെ പരിപാടികളിൽ എന്റെ ഒരു പെർഫോർമൻസ് വയ്ക്കാനും അവസരങ്ങൾ തരാനും അവർ തയ്യാറായിട്ടുണ്ട്.
ശശി : എത്രാം ക്ലാസ്സ് മുതലാണ് നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്?
ശരണ്യ :രണ്ടാം ക്ലാസ്സു മുതൽ.
ശശി : രണ്ടാം ക്ലാസ്സു മുതൽ ഇന്നേ വരെ മത്സരങ്ങളിൽ പങ്കെടുത്തതിനു ലക്ഷക്കണക്കിനു രൂപ ചെലവായി കാണുകയില്ലേ?
ശരണ്യ :ഉവ്വ്. അതെല്ലാം പാരന്റ്സ് ആണു നോക്കിയത്. അതിന്റെ കാര്യമൊന്നും എനിക്കറിഞ്ഞു കൂടാ.
അപ്പോൾ ശരണ്യയുടെ അമ്മ പുഷ്പ ഇടപെട്ടു.
പുഷ്പ : മൂന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിൽ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു സി.ഡി. സമ്പ്രദായം നിർബന്ധമാക്കിയിരുന്നു. അതു വലിയ ഒരു അനുഗ്രഹമായിരുന്നു. പിന്നെ അവിടന്ന് അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ശരണ്യയുടെ ഗുരു പരിപാടികൾക്ക് മൊത്തം വരുന്ന ചെലവിന്റെ ഒരു ഭാഗം മാത്രമേ ശിഷ്യരിൽ നിന്നും ഈടാക്കിയിരുന്നുള്ളൂ. ഡ്രസ്സുകളിലൊക്കെയാണു ലക്ഷങ്ങൾ പോകുന്നത്. നമ്മൾ അന്നും വാടകയ്ക്കേ എടുക്കുകയുള്ളൂ. പതിനായിരം രൂപയുടെ സാരി ഉടുക്കാനും സബ്ജില്ല കഴിയുമ്പോൾ അതു മാറുവാനും ഒക്കെ കാശു ചെലവാകുമ്പോൾ ലക്ഷങ്ങൾ ചെലവാകുന്നു എന്നു പത്രങ്ങൾ എഴുതുന്നതൊക്കെ ശരിതന്നെയാണ്. വസ്ത്രങ്ങൾ വാടകയ്ക്കെടുക്കുന്നതിനും പഠിക്കുന്നതിനും മേയ്ക്കപ്പിനും മാത്രമേ നമുക്കു പണം ചെലവാകുകയുള്ളൂ. സാധാരണ ആളുകൾക്ക് വരുന്നതിന്റെ പകുതി തുക പോലും നാം ചെലവാക്കിയിരുന്നില്ല. എന്നാലും മൂന്നു ദിവസത്തെ പരിപാടിയൊക്കെ ആകുമ്പോൾ മേക്കപ്പ്മാനും മറ്റും ചെലവു തന്നെയാണ്. അത് അവരുടെ ഉപജീവന മാർഗമല്ലേ. പിന്നെ പിന്നെ പ്ലസ് ടു ആയപ്പോൾ അതിനൊക്കെ സാധിക്കാതായി. പിന്നെ ഈ കോഴ്സിനുമൊക്കെ ഫീസു വേണ്ടേ? ഫിസാറ്റിലെത്തിയപ്പോൾ എം.ജി. യൂണിവേഴ്സിറ്റിയിൽ മത്സരിക്കാൻ അവർ ആവശ്യപ്പെട്ടു. അതിനുള്ള പൈസ തരാമെന്നും പറഞ്ഞു. പിന്നെ യൂണിവേഴ്സിറ്റിയിൽ നിന്നു പ്രൈസ് കിട്ടി സൌത്ത് സോണിൽ പോകാൻ അവസരം കിട്ടി. നാഷണലിലേക്ക് ഇപ്പോൾ പോയതിനു പകുതി പൈസ കോട്ടയത്തെ യൂണിവേഴ്സിറ്റി എടുക്കും. ബാക്കിയുള്ള പൈസ നമ്മൾ എടുക്കണം. അവർക്കു നല്ല ഫണ്ട് ഉണ്ട്. അതെല്ലാം കുട്ടികൾക്കു വേണ്ടി എടുക്കും എന്നാണു കേൾക്കുന്നത്. ഇപ്പോൾ അവർ നമ്മെ കൊണ്ട് പോകുന്നുണ്ട്.
അതിനിടെ ഡോക്ടർ എം.എൻ. ബാബു ഇടപെട്ടു.
ഡോ: ബാബു : ഞാൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനാണ്. ഞങ്ങളുടെ യൂണിവേഴ്സിറ്റിയിൽ കുട്ടികളുടെ മുഴുവൻ ചെലവും യൂണിവേഴ്സിറ്റി വഹിയ്ക്കും.
പുഷ്പ : ഇപ്പോൾ കേരളയിലേയും കാലിക്കറ്റിലേയും കുട്ടികൾ വന്നത് അവരുടെ നല്ല സപ്പോർട്ടോടു കൂടിയാണ്. പക്ഷേ നമ്മളെ വിടുവാൻ അവർക്കു വലിയ താല്പര്യം ഉണ്ടായിരുന്നില്ല. ശരണ്യയോട് അവിടെ വച്ച് സാർ ചോദിച്ചു, ക്ലാസ്സിക്കൽ ഡാൻസിനൊന്നും നാഷണലിൽ പ്രൈസ് കിട്ടാറില്ല കുട്ടി, ഇത്രയും കാശു ചെലവാക്കി പോണോ കുട്ടി? വേറൊരു കുട്ടിയെ അയയ്ക്കാൻ വേണ്ടിയാണു സാർ അങ്ങനെ ചോദിച്ചത്. ശരണ്യക്കായിരുന്നു മാർക്കെല്ലാം കൂടുതൽ. ശരണ്യ അതു വീട്ടിൽ വന്നു പറഞ്ഞു. അതിനിടെ വേറെ രണ്ടു സാറുമാർ ശരണ്യയെ സ്വകാര്യമായി വിളിച്ചു പറഞ്ഞു കുട്ടി പോണം. മറ്റേ സാർ വീണ്ടും പോണോ കുട്ടീ, ഇവിടന്നൊന്നും ചെയ്യാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു. അഞ്ചു വർഷമായി ആ സാറു തന്നെയാണ് കോർഡിനേറ്റർ. ഇവരെ കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും. ഞങ്ങളുടെ ഒപ്പവും ഉണ്ടായിരുന്നു.
ശശി : അദ്ദേഹമാണോ നിങ്ങളെ നിരുത്സാഹപ്പെടുത്തി എന്നു പറയുന്നത്?
പുഷ്പ : അതെ. അവർക്കാണെങ്കിൽ പൈസ ഒന്നും കൊടുക്കേണ്ട. പക്ഷേ ഞങ്ങൾക്കാണെങ്കിൽ ഞങ്ങൾ പറഞ്ഞു, ഇത്ര പൈസ തരാതെ പറ്റില്ലാന്ന്. കാരണം ഈ മത്സരമെന്നത് മടുത്ത പോലെയായി. ഇനി വല്ല പ്രോഗ്രാംസും കിട്ടുകയാണെങ്കിൽ മതി എന്നൊക്കെയായി.
ശശി : ഇനി സാർക്കിൽ പോകേണ്ടി വരികയില്ലേ? ഫൈനാൻഷ്യൽ ആയിട്ടു പോകാൻ പറ്റിയ സാഹചര്യമാണോ?
ശരണ്യ : അത് ഉറപ്പിച്ചിട്ടില്ല, സാറു പറഞ്ഞു പോകണമെന്ന്. അവിടെ കോമ്പറ്റീഷനല്ല, പെർഫോർമൻസു മാത്രമാണ്. പക്ഷേ സർട്ടിഫിക്കറ്റിനു നല്ല വാല്യൂ ആണ്. കേരളത്തിൽ നിന്നൊരാൾ കഴിഞ്ഞ തവണ കുസാറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പോയത്. ഇത്തവണ ചാൻസ് ഉണ്ട്, അക്കാര്യം പിന്നെ പറയാമെന്നാണ് സാർ പറഞ്ഞത്.
ശശി : എന്റെ ചോദ്യം അതല്ല, സാർക്കിൽ പോകാൻ ഒരു അവസരം ലഭിച്ചാൽ അങ്ങനെ പോകാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടോ എന്നാണ്.
പുഷ്പ : ഇല്ല. യൂണിവേഴ്സിറ്റിയോ മറ്റാരെങ്കിലുമോ നിസ്സാരം വല്ലതും തരുമായിരിക്കും. അതിനപ്പുറം ഒന്നും ഉണ്ടാകില്ല.
ശശി : അക്കാര്യങ്ങൾ നമുക്കു ഭാവിയ്ക്കു വിടാം. വൻ നേട്ടങ്ങൾക്ക് പുറകിൽ വലിയ കഠിന പരിശ്രമവും ത്യാഗവും വേണ്ടിവരുമല്ലോ. പ്രൊഫഷനും കലയ്ക്കും വേണ്ടിയുള്ള ഈ കഠിനാധ്വാനം ശരണ്യ എന്ന വ്യക്തിയെ എങ്ങനെ രൂപപ്പെടുത്താൻ സഹായിച്ചു?
പുഷ്പ : ഒരു പോയിന്റ് എന്താണെന്നു വച്ചാൽ നാഷണലിനു പോയപ്പോൾ ഡോക്ടർ ലീലാ പ്രസാദിനെ കണ്ടതാണ്. ഡയസിൽ നിന്നു ഇറങ്ങി വന്ന് പഠിക്കണം, ഇനിയും നൃത്തമെന്താണെന്നു ഏറെ അറിയാനുണ്ട്. ശരണ്യയിൽ നൃത്തത്തിന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയിട്ടുണ്ട്. മലയാളം അറിയാത്തവരെ പോലും താൻ അവതരിപ്പിക്കുന്നത് അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ ശരണ്യയ്ക്ക് കഴിവുണ്ടെന്ന് എന്നെല്ലാം പറഞ്ഞു. അതൊക്കെയാണിതിലെ സുഖം. ഓരോന്നു ചെയ്യാനുള്ള ഇൻസ്പിറേഷനും ഇങ്ങനെയാണു കിട്ടുന്നത്. കുമാരനാശാന്റെ കരുണ 12 മിനിറ്റിൽ മോഹിനിയാട്ടമായി അവതരിപ്പിക്കുകയാണു ശരണ്യ ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമേ ഒരു പ്രശ്നമായിട്ടുള്ളൂ.
ചമയമിട്ട ശരണ്യ
ശശി : ശരണ്യ പറയട്ടെ
ശരണ്യ : പഠിക്കാനുള്ളതെല്ലാം ഞാൻ കൃത്യമായി പഠിച്ചു വയ്ക്കും. എല്ലാ ദിവസവും രണ്ടു മണിക്കൂറെങ്കിലും പെർഫോം ചെയ്യും. ആരും ഒന്നും മോശമായി എന്നു പറയരുതല്ലോ. രണ്ടാഴ്ചയായി ഞാൻ കോളേജിലൊന്നും പോയിട്ടില്ലെങ്കിലും ഫ്രണ്ട്സെല്ലാം എന്നെ ഹെല്പ് ചെയ്യും. അപ്പോൾ പിന്നെ പഠനത്തിലും പ്രശ്നമില്ല. പഠിക്കുന്ന കാര്യത്തിൽ ഒന്നും അത്ര ടഫ് ആയി എനിക്കൊരിക്കലും തോന്നിയിട്ടില്ല. നോട്ടു വായിച്ചാലും, ആരെങ്കിലും പറഞ്ഞു തന്നാലും മനസ്സിലാക്കാവുന്നതേ ഉള്ളൂ.
ശശി : ശരണ്യയുടെ ജീവിതത്തിൽ ഒരു വെല്ലുവിളികളും ഉണ്ടായിട്ടുള്ളതായി തോന്നുന്നേയില്ല. സകലവും സ്വാഭാവികമായി സംഭവിച്ചു എന്നു പറയാമോ?
ശരണ്യ : അത്രേയുള്ളൂ. കോമ്പറ്റീഷനിറങ്ങുമ്പോളും അത്ര വലിയ സ്പിരിറ്റൊന്നും ഇല്ല. നല്ല പെർഫോർമൻസ് ആയിരിക്കണമെന്നല്ലാതെ മറ്റുള്ളവരെ തോല്പിക്കണമെന്നൊന്നും ഇല്ല.
ശശി : നാഷണലിൽ പെർഫോം ചെയ്യുമ്പോളായാലും ശരണ്യയ്ക്കു വാസവദത്തയുടെ ശരീരവും മനസ്സുമായി സ്വാഭാവികമായി ഒരു ബുദ്ധിമുട്ടുമില്ലാതെ നിറഞ്ഞാടാൻ പറ്റും. പക്ഷേ ഉപഗുപ്തൻ ആകാൻ പറ്റുകയില്ലല്ലോ. പെർഫോം ചെയ്യുമ്പോൾ ഉപഗുപ്തനെ അറിയാതെ വാസവദത്തയെ എങ്ങനെ അവതരിപ്പിക്കും? ശരണ്യ ഉപഗുപ്തനെ കാണുന്നുണ്ടോ?
ശരണ്യ : ഉണ്ട്. വാതിലെല്ലാം തുറക്കുന്നതായി നടിയ്ക്കുമ്പോൾ ഉപഗുപ്തൻ അവിടെ നിൽക്കുന്നതായി ഞാൻ കാണുന്നുണ്ട്. എങ്കിലേ എന്റെ മുഖത്ത് ഒരു എക്സ്പ്രഷൻ വരികയുള്ളൂ. ഉപഗുപ്തൻ ശരീരത്തിൽ സ്പർശിക്കുന്നതായി തോന്നിയാലേ ഛേദിക്കപ്പെട്ട വാസവദത്തയുടെ മുഖത്ത് ഭാവം വരൂ. അവിടത്തെ ഓഡിയൻസ് നല്ലൊരു ഓഡിയൻസ് ആണ്. ഭാഷ അറിയാത്തവരായിരുന്നിട്ടു കൂടിയും നമ്മുടെ ഒരു നല്ല പോസോ എക്സ്പ്രഷനോ കണ്ടാൽ അവർ ഭയങ്കരമായി പ്രോത്സാഹിപ്പിക്കും. ഒരു മിറർ എടുക്കുന്നതായി നമ്മൾ അഭിനയിച്ചാൽ അതു കണ്ണാടിയാണെന്നവർക്കു ക്ഷണത്തിൽ മനസ്സിലാകും.
ശശി : ആസ്വദിക്കാൻ അറിയാവുന്ന സദസ്സിനു മുമ്പിൽ പെർഫോം ചെയ്യാനുള്ള ഭാഗ്യം എന്നാണോ?
ശരണ്യ : അതെ.
ശശി : ആട്ടവേഷത്തിനു ചുറ്റുമുള്ള കഥാപാത്രങ്ങളെ ദൃശ്യവത്കരിക്കാനുള്ള ഒരു ശേഷി ശരണ്യയുടെ മനസ്സിനുണ്ടെന്നാണോ പറയുന്നത്?
ശരണ്യ : എങ്കിലേ നമുക്കു പെർഫോം ചെയ്യാൻ പറ്റുകയുള്ളൂ. ഉപഗുപ്തനാൽ ആകർഷിതയായ വാസവദത്ത സ്വന്തം മുമ്പിൽ ഉപഗുപ്തനെ കണ്ടാലേ നമ്മുടെ മുഖത്ത് ശൃംഗാരമൊക്കെ വരികയുള്ളൂ. കാട്ടിൽ കൈകാലുകൾ പോയി കിടക്കുമ്പോൾ ഉപഗുപ്തൻ വന്നു തലോടുമ്പോളുള്ള ഫീലിങ്സ് കിട്ടണമെങ്കിൽ ആളവിടെ ഉണ്ടെന്നു നമുക്കു ബോധ്യം വേണം.
ശശി : ആ സമയത്ത് വാസവദത്തയ്ക്ക് ശൃംഗാരവും അതി കഠിനമായ വേദനയും ഒരു പോലെ പ്രകടിപ്പിക്കേണ്ടി വരുന്നു. ഇതെങ്ങനെയാണു സാധിക്കുന്നത്?
ശരണ്യ : ആ കഥാപാത്രമായി സ്വയം മാറിയാൽ പിന്നെ കുഴപ്പമില്ലല്ലോ. അവസാനം ഉപഗുപ്തന്റെ വചനം കേട്ടാണ് വാസവദത്ത മരിക്കുന്നതു പോലും.
ശശി : ആട്ടത്തിന്റെ നിർവഹണത്തിൽ ഒരു ശാന്തിയോ സംതൃപ്തിയോ അനുഭവപ്പെടാറുണ്ടോ?
ശരണ്യ : ഉവ്വ്.
ശശി : ഭരതനാട്യത്തിൽ തുടങ്ങിയിട്ടും യൂണിവേഴ്സിറ്റിയിൽ കുച്ചിപ്പുടിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടും നാഷണൽ ഫെസ്റ്റിവലിലേയ്ക്ക് മോഹിനിയാട്ടം തെരഞ്ഞെടുക്കാനുണ്ടായ കാരണമെന്താണ്?
ശരണ്യ : കുച്ചിപ്പുടി മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും പെർഫോം ചെയ്യാൻ കഴിഞ്ഞേക്കും. മോഹിനിയാട്ടം കേരളത്തിന്റെ മാത്രമാണ്. അത് അവർക്കൊരു വെറൈറ്റിയും ആയിരിക്കും. കോസ്റ്റ്യൂംസ് ആയാലും നോർത്ത് ഇന്ത്യൻസ് കാണും. ഞാൻ കോസ്റ്റ്യൂമൊക്കെ അണിഞ്ഞ് സ്റ്റേജിൽ വന്നപ്പോൾ തന്നെ കാണികളൂടെ വലിയ സപ്പോർട്ട് കിട്ടി. നമ്മുടെ കസവു സാരിയുമൊക്കെ അവർക്കു വലിയ അത്ഭുതമായിരുന്നു.
ശശി : ഇത്തരം ആഹാര്യ ശോഭയൊക്കെ ഉണ്ടെങ്കിൽ പോലും ലാസ്യം മാത്രം അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്തത്തിലെ താണ്ഡവത്തിനു കഴിയുന്ന പല സാധ്യതകളും ഇല്ലാതാകുമ്പോൾ ലിമിറ്റേഷൻ ഉള്ളതാകുന്നില്ലേ?
നൃത്യതി നൃത്യതി
ശരണ്യ :ലാസ്യം മാത്രമല്ല, കരുണയിലെ വാസവദത്തയോടൊപ്പം രാജാവ്, ഉപഗുപ്തൻ തുടങ്ങിയ കഥാപാത്രങ്ങളായി പകർന്നാട്ടവുമുണ്ട്. വാസവദത്തയിലെ ശൃംഗാരയും അവസാന ഭാഗത്തെ കരുണയും രാജാവിന്റെ രൌദ്രവും വീരവും ഉപഗുപ്തന്റെ ശാന്തവുമൊക്കെയായി നവരസങ്ങളും അഭിനയിക്കാൻ കഴിയുന്നുണ്ട്.
ശശി : ഇത്തരം ഒരു രീതി പാരമ്പര്യ മോഹിനിയാട്ട സങ്കല്പങ്ങൾക്ക് എതിരാകുമോ?
ശരണ്യ : ഇല്ല. കോറിയോഗ്രഫർ അതു അങ്ങനെയാണു ചെയ്തു തന്നത്.
ശശി : ആരാണ് കോറിയോഗ്രഫർ.
ശരണ്യ : ആർ.എൽ.വി. ആനന്ദ് സാർ.
ശശി : ഗുരുവും കോറിയോഗ്രഫറും ഒരാൾ തന്നെ അദ്ദേഹത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
ശരണ്യ : ആർ.എൽ.വി. സാർ എം.ഏ. ഭരതനാട്യം ആണ്. ഞാൻ പന്ത്രണ്ടു വർഷമായി സാറിന്റെ അടുത്ത് പഠിക്കുന്നു. ഇന്നത്തെ യൂത്ത് ഫെസ്റ്റിവലുകളിലെല്ലാം പൈസ കൊടുത്ത് പ്രൈസ് വാങ്ങുന്ന രീതിയുണ്ട്. അദ്ദേഹം കണക്കു പറഞ്ഞ് തുക വാങ്ങുന്നയാളല്ല. ഐറ്റം പഠിപ്പിച്ചതിനു കാശു ചോദിക്കുന്ന രീതിയൊന്നുമില്ല. നമ്മുടെ കയ്യിൽ എന്താണുള്ളതെങ്കിലും സന്തോഷത്തോടെ സ്വീകരിയ്ക്കും. എന്റെ കഴിവും പരിമിതികളും അദ്ദേഹത്തിനറിയാം. എന്നിൽ നിന്നും എന്താണു ഗുരു പ്രതീക്ഷിക്കുന്നതെന്നും എനിക്കറിയാം. ഈ മാനസികമായ ഐക്യമാണ് എന്നെ വിജയത്തിലേക്കു നയിക്കുന്നത്. ഒരു നല്ല ഗുരുവിനെ കിട്ടിയാൽ എവിടെ വരെയും പോകാൻ പറ്റുമെന്നു കരുതിയിരുന്നു. അങ്ങനെ ഒരാളെ ഗുരുവായി കിട്ടി.
ശശി : നാഷണൽ ഫെസ്റ്റിവലിനു വന്ന ഐറ്റങ്ങളെല്ലാം നല്ല നിലവാരം ഉള്ളവ ആയിരുന്നുവല്ലേ?
ശരണ്യ :അതെ.
ശശി : അവിടത്തെയും കേരളത്തിലേയും അസ്വാദന നിലവാരത്തെ കുറിച്ച് രണ്ടും കണ്ടറിഞ്ഞ ഒരാൾ എന്ന നിലയിൽ എന്താണു പറയാനുള്ളത്?
ശരണ്യ :കേരളത്തിൽ പ്രോത്സാഹനം ഒട്ടും ഇല്ല. അവിടെ നമ്മൾ സ്റ്റേജിൽ കയറി നിന്ന് ഇറങ്ങുന്നതു വരെ ആളുകൾ പ്രോത്സാഹിപ്പിച്ചു കൊണ്ട് നിന്നു. ഒരു ഫേഷ്യൽ എക്സ്പ്രഷൻ കൊണ്ടോ ഒരു ജതി നന്നായാലോ അപ്പോൾ അവിടെ കയ്യടി വീഴും. അതൊരു സന്തോഷമാണ്. കേരളത്തിൽ ഞാൻ ഒരുപാട് പെർഫോം ചെയ്തിട്ടുണ്ട്. കഴിയുമ്പോൾ നന്നായിരുന്നാൽ ഒരു പ്രോത്സാഹനം കിട്ടിയേക്കും. അത്രയേ ഉള്ളൂ. എന്താ പറയാ.
അരങ്ങിൽ പകർന്നാടുന്ന ശരണ്യ
ശശി : കഥകളിയുടേയും കൂടിയാട്ടത്തിന്റേയും മോഹിനിയാട്ടത്തിന്റേയും നാടായ കേരളത്തിൽ ഇപ്പോൾ ഒരു നൃത്ത സംസ്കാരം ഇല്ല എന്നാണോ?
ശരണ്യ : അങ്ങനെയല്ല. ഒരു പക്ഷേ ആദ്യമായി മോഹിനിയാട്ടം കണ്ടതു കൊണ്ടായിരിക്കാം അവിടെ ഇത്ര പ്രോത്സാഹനം ഉണ്ടായത് എന്നും വരാം. എന്തുകൊണ്ടാണ് അത് എന്നു വാസ്തവത്തിൽ എനിക്ക് അറിയുകയില്ല.
ശശി : നമ്മുടെ നാട്ടിലുള്ള പേർഫോം ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കായി ശരണ്യയ്ക്ക് എന്തു സന്ദേശമാണ് നൽകാനുള്ളത്?
ശരണ്യ : എല്ലായിടത്തും കൂടെ മത്സരിക്കുന്നവരെ ജയിച്ചു കയറാനുള്ള ഒരു ശ്രമമാണ് കാണുന്നത്. ആ രീതിയിൽ നിന്നു മാറി നല്ലവണ്ണം പെർഫോം ചെയ്യാൻ വേണ്ടി പരിശ്രമിക്കണം.
ശശി : മലയാളികളുടെ പെർഫോർമൻസ് താഴോട്ടു പോകുകയാണെന്നു തോന്നുന്നുണ്ടോ?
ശരണ്യ : ഇല്ല. എനിക്കു തോന്നുന്നു, ഏറ്റവും നല്ല കലാകാരന്മാർ ഇവിടെയാണുള്ളതെന്ന്. സ്റ്റേറ്റ് കലാ മത്സരങ്ങൾ തന്നെ ഉദാഹരണം. ആ കഴിവുകൾ നാം പ്രോത്സാഹിപ്പിച്ചു കൊടുക്കണം.
ശശി : ശരണ്യ കേരള നടനവും ചെയ്തിട്ടുണ്ടല്ലോ. ഒരു പുതിയ തനതു കലാരൂപമെന്നനിലയിൽ കേരള നടനത്തിന്റെ ഭാവിയെ കുറിച്ച് ശരണ്യ എങ്ങനെ വിലയിരുത്തുന്നു?
ശരണ്യ :ഞാൻ ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും കേരളനടനവും അവതരിപ്പിച്ചിട്ടുണ്ട്. കേരള നടനം കഥകളിയുടേയും മോഹിനിയാട്ടത്തിന്റേയും സമന്വയമാണ് എന്നു പറയാം. കേരളനടനം ഞാൻ മൂന്നു വർഷമേ ചെയ്തിട്ടുള്ളൂ. പക്ഷേ എനിക്കു കഥകളി അറിയില്ല. ഗുരുവിനും അങ്ങനെ തന്നെ. അതുകൊണ്ട് കേരളനടനം ഞാൻ ഉപേക്ഷിക്കുകയായിരുന്നു. അതിനാൽ അതേക്കുറിച്ച് ആധികാരികമായി പറയാൻ എനിക്ക് ആകില്ല. ഞാൻ എല്ലാം പോസിറ്റീവ് ആയി എടുക്കുകയാണ് പതിവ്.
ശശി : ഒരാൾ പോസിറ്റീവ് ആണ് എന്നു പറയണമെങ്കിൽ അയാൾ മോശം കാലങ്ങളിലൂടെ കടന്നു പോയിരിക്കണം. ശരണ്യ മത്സരങ്ങൾക്ക് പോയിട്ട് ഇതുവരെ സമ്മാനം കിട്ടാതിരുന്നിട്ടുണ്ടോ?
ശരണ്യ :ഇല്ല.
ശശി : എല്ലായ്പ്പോളും വിജയിക്കുന്ന ശരണ്യയ്ക്ക് പോസിറ്റീവ് ആകാതിരിക്കുവാൻ കഴിയുകയില്ലല്ലോ. വായനക്കാർക്കായി എന്തു സന്ദേശമാണു ശരണ്യയ്ക്കു നൽകാനുള്ളത്.
ശരണ്യ :ഇതു വരേയ്ക്കും ഈ കലാസപര്യയും പഠനവും ഒരുമിച്ചു തുടർന്നു കൊണ്ടു പോകാൻ സാധിച്ചു. അതിനു മാതപിതാക്കളുടേയും ഗുരുജനങ്ങളുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും പ്രോത്സാഹനം ഉണ്ടായിരുന്നു. അതു തുടർന്നും ലഭിയ്ക്കണം. കോളേജിന്റേയും സഹായം ഉണ്ടായിരുന്നു. അതു തുടർന്നും ഉണ്ടാകുമെന്നറിയാം.
ശശി : ടി.വി. ഷോകളുടെ ഇക്കാലത്ത്, ഒരു ചോദ്യം ചോദിക്കാതെ വയ്യ, ശരണ്യയുടെ ഈ വിജയം ആർക്കാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്.
ശരണ്യ :അച്ചനും അമ്മയ്ക്കും ഗുരുവിനും റിലേറ്റീവ്സിനും.
ദിലീപ് അടുത്ത ചോദ്യം ഉന്നയിച്ചു.
ദിലീപ് : നാടോടി നൃത്തങ്ങളുടെ സ്വാധീനം ക്ലാസ്സിക്കൽ ഡാൻസിലോ ക്ലാസ്സിക്കൽ ഡാൻസിന്റെ സ്വാധീനം നാടോടി നൃത്തത്തിലോ ഉണ്ടോ?
ശരണ്യ :ക്ലാസ്സിക്കൽ പഠിച്ചു കഴിഞ്ഞാൽ എന്തും കളിയ്ക്കാം, ബ്രേക്ക് വരെ കളിയ്ക്കാം.
ദിലീപ് : തെയ്യം തിറ തുടങ്ങിയ നാടോടി കലാരൂപങ്ങളെ കുറിച്ചാണ് ഞാൻ ചോദിച്ചത്.
അടുത്ത ചോദ്യം ഡോക്ടർ ബാബുവാണ് ചോദിച്ചത്.
ഡോ: ബാബു : എം.ഏ. മോഹിനിയാട്ടത്തിനു ചേരാൻ താല്പര്യം ഉണ്ടോ? ഏതെങ്കിലും ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. എൻട്രൻസ് ഉണ്ട്.
ശരണ്യ :താല്പര്യമൊക്കെ ഉണ്ട്.
ഡോ: ബാബു : ടി.സി.എസിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവർ അല്പം സ്ട്രിക്റ്റ് ആണ്.
ശരണ്യ :അതു കഴിഞ്ഞിട്ടാണെങ്കിലും എം.ഏ. ചെയ്യാമല്ലോ.
പുഷ്പ : അതിനിടെ കല്യാണവും വേണമല്ലോ?
ശശി : ഞാനതു മറന്നു. 21 വയസ്സായല്ലോ. വിവാഹം ആലോചിക്കാറായോ?
ശരണ്യ :വിവാഹം പത്തിരുപത്തി നാലു വയസ്സായിട്ടു മതി.
ഡോ: ബാബു : സിനിമയിലേക്കുണ്ടോ?
ശരണ്യ :ഇല്ല.
ശശി: കേരള പോലീസ് എന്ന സിനിമയിലെ ശരണ്യ ചെയ്ത സുനൈന എന്ന കഥാപാത്രത്തെക്കുറിച്ച് എന്ത് തോന്നുന്നു?
ശരണ്യ :അതു പെട്ടെന്നു ചെയ്യേണ്ടി വന്നതാണ്. ഒട്ടും സാറ്റിസ്ഫാക്ടറിയല്ല ആ കഥാപാത്രം. അന്നങ്ങനെ വന്നുപോയി, പിന്നെ ചെയ്യാതെ പറ്റില്ലല്ലോ. ഒരു കമ്മിറ്റ്മെന്റ് അല്ലായിരുന്നോ.
ശശി : സിനിമയെന്നോ, സീരിയലെന്നോ ഞാൻ പറയുന്നില്ല, അഭിനയത്തിലേക്കിറങ്ങാൻ ഉദ്ദേശമുണ്ടോ?
ശരണ്യ :അഭിനയം? ഇല്ല.
ശശി : തീർത്തും വേണ്ട?
ശരണ്യ :അത്രയും നല്ല ക്യാരക്ടർ വന്നാൽ. നമുക്കു ചെയ്യാൻ പറ്റുന്നതാണെങ്കിൽ. അതു തന്നെ ആലോചിച്ച്. കാരണം എനിക്ക് അഭിനയത്തിൽ എക്സ്പീരിയൻസ് ഇല്ല. അഭിനയിക്കുകയാണെങ്കിൽ തന്നെ അതു പഠിച്ചതിനു ശേഷം മാത്രമേ അഭിനയിക്കൂ.
ശശി : പക്ഷേ ശരണ്യ മോണോ ആക്ട് ചെയ്യുമായിരുന്നല്ലോ?
ശരണ്യ : അതു പത്തിൽ വച്ചു നിറുത്തി.
ശശി : ഒരു മാതൃകാ കലാകാരി എങ്ങനെ ആയിരിക്കണം?
ശരണ്യ :മനുഷ്യത്വം ഉണ്ടായിരിക്കണം.
No comments:
Post a Comment