പോലീസ് കസ്റ്റഡി മരണത്തെ തുടർന്ന് ജനം പോലീസ് സ്റ്റേഷൻ ആക്രമിച്ചു
ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത ഷാഹു എന്നയാൾ കസ്റ്റഡിയിലിരിക്കെ മൂക്കിൽ നിന്നും രക്തം വന്നു മരിക്കാനിടവന്നത് പോലീസ് മർദ്ദനത്തെ തുടർന്നാണെന്നു ആരോപിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷനിലേയ്ക്കെത്തിയതിനെ തുടർന്നുള്ള സംഘർഷത്തിൽ സ്റ്റേഷനു നേരെയുള്ള കല്ലേറും ലാത്തി ചാർജ്ജും നടന്നു. പോലീസ് കസ്റ്റഡിയിലുള്ള മരണം ഈയിടെയായി വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നു.
മദ്യം ലഭിയ്ക്കാൻ ഇനി മെഡിക്കൽ കോളേജിൽ പോയാൽ മതി
മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജവിദേശമദ്യങ്ങൾ രാപകൽ വില്പന നടക്കുന്നതായി പരാതി. വാർഡുകളിലെ ബാത്ത് റൂമുകളിലും മറ്റും കയറിയിരുന്ന് മദ്യപിക്കുന്നവരും ധാരാളമുണ്ടത്രേ. എല്ലാ മാസവും ഒന്നാം തീയതികളിൽ വില്പന പൊടിപൊടിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷക്കാരും മറ്റും ഈ പരിപാടി നിറുത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പോലീസും മെഡിക്കൽ കോളേജ് അധികാരികളും വേണ്ടത്ര സഹകരിക്കുന്നില്ലത്രേ.
മന്ത്രി ഉത്ഘാടനം ചെയ്ത സ്ഥാപനം അനധികൃത കെട്ടിടത്തിലാണെന്നു നഗരസഭാ ചെയർമാൻ
കളമശ്ശേരി പത്തടി പാലത്തിൽ മന്ത്രി കെ.ബാബു ഉത്ഘാടനം ചെയ്ത സ്ഥാപനം അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിലാണെന്നു ബോധ്യമുണ്ടെന്നു നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ പ്രസ്താവിച്ചിരിക്കുന്നു.
കക്കൂസ് മാലിന്യം നിരത്തിൽ തള്ളുന്നു
രാത്രി ടാങ്കറുകളിൽ കൊണ്ടു വരുന്ന കക്കൂസ് മാലിന്യം വൈറ്റില അരൂർ ബൈപാസ്സിലെ തൈക്കൂടം മുതൽ മരട് വരെയുള്ള പ്രദേശത്ത് റോഡരുകിൽ തള്ളുന്നതായി കണ്ടു വരുന്നു. ഇത്തരം സാമൂഹ്യദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ ജനം കരുതിയിരിക്കേണ്ടതാണ്.
ഷിക്കാഗോ ജയിലിൽ സത്യാഗ്രഹി നിരാഹാരം ഇരുന്നു മരിച്ചു
ഷിക്കാഗോ കോടതിയിലെ ജൂറിയായിരിക്കാൻ വിസമ്മതിച്ചതിനു അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കപ്പെട്ട ലെവിറ്റ ഗോംസ് എന്ന ഇന്ത്യൻ വംശജയായ എയർലൈൻസ് പരിശീലക 15 ദിവസം തുടർച്ചയായി നിരാഹാരം അനുഷ്ഠിച്ചു മരണം വരിച്ചു. ജനുവരി പതിമൂന്നിനാണു മരിച്ചതെങ്കിലും സംഭവം രഹസ്യമാക്കി വച്ച് ലെവിറ്റയുടെ ചില സഹപ്രവർത്തകരിൽ നിന്നു അവർക്കു ഭ്രാന്താണെന്ന മൊഴി വാങ്ങാനത്രേ അധികാരികൾ ശ്രമിച്ചത് എന്നു കേൾക്കുന്നു. അങ്ങനെയെങ്കിൽ ഭ്രാന്തുള്ള ഒരു സ്ത്രീയെ മതിയായ ചികിത്സയും ശ്രദ്ധയും നൽകാതെ മരണത്തിലേയ്ക്കു തള്ളി വിട്ടതിനു അമേരിക്കൻ സർക്കാരും കോടതിയും ഉത്തരം പറയേണ്ടി വന്നേക്കാം.
കാടുകുറ്റി പഞ്ചായത്തിൽ വീട്ടുനമ്പർ നൽകുന്ന രീതി
പഞ്ചായത്തു സെക്രട്ടറിയുടെ ഉത്തരവുകളെ കോടതികളിൽ ചോദ്യം ചെയ്തു വീട്ടു നമ്പറിട്ടു കിട്ടാൻ അനുകൂല വിധി സമ്പാദിച്ച കാടുകുറ്റി പന്ത്രണ്ടാം വാർഡിലെ ചെറുവാളൂർ കുറ്റിക്കാട്ട് വീട്ടിൽ കെ.ജെ. റോയി തന്റെ അപേക്ഷയിൽ 1500 ചതുരശ്ര അടി മാത്രം വലുപ്പമുള്ള തന്റെ വീട് വാണിജ്യ വിഭാഗത്തിൽ പെട്ടതാണോ എന്നു വ്യക്തമാകാത്തതിനാൽ വാണിജ്യ വിഭാഗത്തിൽ പെടുത്തി അതിനു വീട്ടു നികുതിയും പെർമിറ്റു ഫീസുമടക്കം 3162 രൂപ അടയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഇത്തരം ഒരു നടപടി എടുക്കുന്നതിനു മുമ്പ് അപേക്ഷയിൽ ഒരു സംഗതി വിട്ടു പോയ കുറവു നികത്താനോ സംഗതികൾ വ്യക്തമാക്കാനോ ആവശ്യപ്പെട്ട് ഒരു കത്ത് അയയ്ക്കാൻ പഞ്ചായത്ത് തയ്യാറാകാഞ്ഞതെന്താണു എന്ന ചോദ്യം അവശേഷിക്കുന്നു.
പാതിരാ മണ്ണെടുപ്പുകാരുടെ ടിപ്പർ ലോറിയും മണ്ണുമാന്തിയും ജനം പിടിച്ചെടുത്തു
മണ്ണുത്തിയിലെ മുല്ലക്കര ആറായിരം കോളനിയിലെ ഈട്ടിക്കുന്നിൽ രാത്രി മണ്ണെടുത്തു കൊണ്ടിരുന്ന ലോറിയും മണ്ണുമാന്തിയും ജനം പിടിച്ചെടുത്ത് മണ്ണെടുപ്പ് തടഞ്ഞു.
No comments:
Post a Comment