തമിഴ്നാട് കേരളത്തേയും ആന്ധ്രയേയും അപേക്ഷിച്ച് ജലദൗർലഭ്യം അനുഭവിക്കുന്ന സംസ്ഥാനമാണ്. ആളോഹരി ഭൂലഭ്യത കേരളത്തെ അപേക്ഷിച്ച് വളരെ കൂടുതലും എന്നാൽ ആന്ധ്രയേക്കാൾ കുറവുമാണ്. അതിനാൽ പലയിടങ്ങളിലും ഭൂമി കൃഷിയോഗ്യമല്ല.
ആന്ധ്രയിലെ നിരന്ന ഭൂമികളേക്കാൾ നിരപ്പു കുറഞ്ഞതും കുന്നും കുഴിയും മലയും കൊല്ലിയും ഇടക്കിടെ കാണപ്പെടുന്നവുമാണ് തമിഴ്മണ്ണ്. എന്നാൽ കേരളത്തിലേപ്പോലെ തീരെ നിരപ്പില്ലാതവയല്ല അവ. അതിനാൽ പെയ്യുന്ന മഴയിൽ കുറെയേറെ മണ്ണിൽ ആഴ്ന്നിറങ്ങും. കേരളത്തിൽ പെയ്യുന്നതിൽ മുക്കാലും രണ്ടാം ദിവസം കടലിലെത്തുകയാണ് പതിവ്.
വ്യവസായ സംസ്കാരം ഏറെ ഉൾക്കൊണ്ടവരാണ് തമിഴന്മാർ. അതിന്റെ ഭാഗമായ ചേരികളും മാലിന്യ പ്രശ്നങ്ങളും അവിടെയും വേണ്ടുവോളമുണ്ട്.ചേരികൾ ഈയിടെയായി ചെറു കോൺക്രീറ്റ് കെട്ടിടങ്ങൾക്കു വഴിമാറിയിട്ടുണ്ട്. ശരാശരി അഞ്ഞൂറു ചതുരശ്ര അടിയിയോളം വലുപ്പമുള്ള കെട്ടിടങ്ങൾ.
സീമാന്ധ്രയിലെ കരിമണ്ണിനു പകരം മധ്യതമിഴ്നാടിൽ ചുവന്ന മണ്ണാണുള്ളത്. ഇവ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉത്തമമാണ്. എങ്കിലും വ്യവസായികൾ എന്നു വിളിക്കപ്പെടുന്ന തമിഴ് കർഷകർ ഉള്ള മണ്ണിൽ നന്നായി അധ്വാനിക്കുന്നവരാണ്. അത്യാവശ്യം യന്ത്രവത്കരണവുമുണ്ട്.
എങ്കിലും ഒരു കൃഷിയും ചെയ്യാതെ തരിശിട്ടിരിക്കുന്ന ഭുമിയും ഏറെയാണ്. അത്യാവശ്യം പച്ചപ്പുള്ള ഇടങ്ങളാണിവ എന്നത് കൃഷി ലാഭകരമല്ലാതാകുന്നതിന്റെ കൂടി ലക്ഷണമാണ്.
തമിഴ്നാടിലെങ്ങും സാർവ്വത്രികമായി കാണപ്പെടുന്ന വൃക്ഷമാണ് വേപ്പ്. മൂവേന്തന്മാരുടെ കാലം മുതലേ വിശേഷ വൃക്ഷമാണ് വേപ്പ്. ദ്രാവിഡരുടെ ദൈവാംശമുള്ള വൃക്ഷം. നല്ലൊരു കീടനാശിനിയായി ഇതിന്റെ ഇലയും കായും ഉപയോഗിക്കാം. അതിനാൽ നെൽവയലുകളിൽ പോലും ഇവ നട്ടുവളർത്താറുണ്ട്.
ഗ്രാമങ്ങളിൽ ജനം കൃഷി മറന്നിട്ടില്ല. എങ്കിലും അതിന്റെ അനുപാതം കുറഞ്ഞു വരുന്നു. വൈകാതെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവിൽ കുറവുണ്ടാകാനും മതി.
മാവുകളും ദീർഘകാലം വിളവു നൽകുന്ന ഫലവൃക്ഷങ്ങളും കൃഷിചെയ്യാൻ താല്പര്യപ്പെടുന്നവരും ഏറെയുണ്ട്.
ആന്ധ്രയിൽ കള്ളുണ്ടാക്കാൻ പ്രധാനമായും ഉപയോഗിച്ചിരുന്ന പനകൾ തമിഴ്നാട്ടിൽ അതിനു പുറമേ പനനങ്കിനും കരകൗശല വസ്തുക്കളുണ്ടാക്കാനും ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. തെങ്ങുകളും ധാരാളമുണ്ട്. കേരങ്ങളുടെ നാട് കേരളം എന്നിനി പറയാൻ വയ്യ. തമിഴ്നാടും ആന്ധ്രയും കേരളത്തേക്കാൾ വലരെ മടങ്ങ് തെങ്ങുകൃഷി ചെയ്യുന്നുണ്ട്.
തെങ്ങും പനയും മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭൂമിയുടെ ഫലഭൂയിഷ്ഠത ഉറപ്പു വരുത്തുന്നുണ്ട്.
നെൽ വയലുകളിൽ മുപ്പൂവു കൃഷിയില്ല. നെല്ലില്ലാത്തപ്പോൾ എള്ളും കപ്പലണ്ടിയും കൃഷി ചെയ്യും.
തിരുപ്പൂർ ബനിയൻ വ്യവസായത്തിനു പ്രസിദ്ധമാണ്. അവിടെ നിന്നും വളരെയേറെ പരുത്തി ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. എന്നാൽ അവിടെ അസംസ്കൃത പരുത്തി കാര്യമായി കൃഷി ചെയ്തു വരുന്നില്ല. എന്നാൽ ചിലർ പരുത്തി ഇവിടങ്ങളിൽ കൃഷി ചെയ്യാറുണ്ട്. പക്ഷേ പരുത്തിയുടെ വിളവും ഗുണവും ആന്ധ്രയ്ക്കു കിടനിൽക്കുകയില്ല.
നിറയേ അണക്കെട്ടുകൾ ഉള്ളതിനാൽ മഴപെയ്താലും നദികളിൽ കാര്യമായി വെള്ളം കാണില്ല.
അണക്കെട്ടുകളിൽ നിന്നും കനാലുകൾ വഴി ധാരാളം വെള്ളമെത്തുന്ന ചില പ്രദേശങ്ങളുണ്ട്.
അവിടങ്ങളിൽ കൃഷിയും വിളവും സമൃദ്ധിയും ധാരാളമാണ്.
കനാലുകൾക്കരികിൽ കൃഷിയില്ലെങ്കിൽ പോലും പച്ചപ്പേറെയുണ്ട്.
ഇടക്കിടെ ചെറു മലകളും കുന്നുകളും കാണാം.
നിരന്ന വെളിമ്പ്രദേശങ്ങളും. മേച്ചിൽ പുറങ്ങളാക്കാവുന്ന ഇവിടങ്ങളിൽ പക്ഷേ കാലി വളർത്തലിന്റെ ലക്ഷണങ്ങളില്ല. കാലികൾ മേഞ്ഞിരുന്നുവെങ്കിൽ ഇവിടം കുറേക്കൂടി വളക്കൂറുള്ളത് ആകുമായിരുന്നു.
നഗരങ്ങളടുക്കുന്തോറും മാലിന്യങ്ങൾ കുന്നു കൂടുന്നു. പക്ഷേ അവ യഥാസമയം നീക്കം ചെയ്താലും മണ്ണ് നശിച്ചിരിക്കും.നഗരങ്ങളിൽ മിക്കവർക്കും ഫാക്ടറികളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലുള്ളതിനാൽ മണ്ണു വെറുതേ കിടക്കും.
നഗരപ്രാന്തങ്ങൾ കഴിഞ്ഞു ഗ്രാമങ്ങൾ അടുക്കുന്തോറും കാർഷിക സംസ്കൃതിക്കു കനം വയ്ക്കും.
തെക്കോട്ട് പോകുന്തോറും ദൂരെ പശ്ചിമ ഘട്ട മലനിരകൾ ദൃശ്യമാകും.
കോടമഞ്ഞിന്റെ ഒരു ആട മലമകളെ പൊതിയും.
വീടുകൾക്കരികിൽ നാട്ടുപൂക്കൾ സ്വയം വിരിയും.
മരങ്ങൾക്കു കുറേക്കൂടി വലുപ്പം വയ്ക്കും.
ചുരത്തിനടുക്കുന്തോറും തെങ്ങും പനയും ഏറിയേറി വരും.
പന പക്ഷേ പഴയ വരുമാനം തരാത്തതുകൊണ്ട് മഴുവിനിരയാകുകയാണ്.
മണ്ണിന്റെ നിരപ്പു തീരുന്നതിനാൽ കൃഷിയിടങ്ങൾ തട്ടുതട്ടായി തിരിക്കപ്പെടും.
ഈ തീവണ്ടിയിൽ നിന്നും ഞാൻ ഈ ചിത്രങ്ങൾ പകർത്തുമ്പോൾ ഇതെല്ലാം ചിന്തിച്ചു.
പാലക്കാടിന്റെ പനങ്കഥകളിലേയ്ക്ക് ഇനി അധിക ദൂരമില്ല.
പശ്ചിമഘട്ട ജവ വൈവിദ്ധ്യം കണ്ടു തുടങ്ങുകയാണ്.
ഇവിടങ്ങളിൽ കേരളവും തമിഴ്നാടും തമ്മിൽ ജൈവ പ്രകൃതിയിൽ വലിയ മാറ്റമില്ല.
കൃഷിരീതിയിലും
എങ്കിലും അല്പം ദൂരെയായി ഒരാവേശം മനസ്സിലുയരുന്നുണ്ട്,
ഈ മലമടക്കുകൾക്കപ്പുറത്ത്; കേരളം.