സൌത്ത് ഏഷ്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ശരണ്യയുടെ ഐഡന്റിറ്റി കാർഡ്
ഫെബ്രുവരി 23നു രാവിലെ 11 മണിയ്ക്കുള്ള ഫളൈറ്റിൽ ശരണ്യയും സംഘവും നെടുമ്പാശ്ശേരിയിൽ നിന്നും ഡെൽഹി വഴി പുറപ്പെട്ട് പട്യാലയിൽ എത്തിയിട്ടുണ്ട്. ശരണ്യയുടെ ഗുരു തന്നെയായ ആർ.എൽ.വി. ആനന്ദ് വായ്പ്പാട്ടും അരുൺ ഗോപിനാഥ് വയലിനും കിരൺ ഗോപിനാഥ് മൃദംഗവും വിജീഷ് മേയ്ക്കപ്പ് ആർട്ടിസ്റ്റുമായി ശരണ്യയെ അനുഗമിയ്ക്കുന്നുണ്ട്. ലേഡി എസ്കോർട്ടായി അമ്മ പുഷ്പയും ടീം മാനേജരായി പിതാവ് ശശിധരനും ശരണ്യയുടെ കൂടെ തന്നെയുണ്ട്. ചെലവുകൾ ഒരു പരിധി വരെ മഹാത്മാഗാന്ധി സർവകലാശാല വഹിയ്ക്കും. ദേശീയ മത്സരത്തിൽ മഹാകവി കുമാരനാശാന്റെ കരുണയെ അടിസ്ഥാനമാക്കി തയ്യാറാക്കി അവതരിപ്പിച്ചു ഒന്നാം സ്ഥാനം നേടിയ മോഹിനിയാട്ടം തന്നെയാണ് സൌത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിലും ശരണ്യ അവതരിപ്പിയ്ക്കുന്നത്.
ശരണ്യ മേലൂർ ന്യൂസിനു വേണ്ടി പോസു ച്ചെയ്യുന്നു
ശരണ്യയുടെ ഒരു ഇന്റർവ്യൂ രണ്ടു ഭാഗങ്ങളിലായി പുതുതായി തയ്യാറാക്കിയത് ഇതോടൊപ്പമുള്ള ലിങ്കുകളിൽ നൽകിയിരിയ്ക്കുന്നു.
കണ്ണകിയും വാസവദത്തയുമായി പകർന്നാടുന്ന ശരണ്യ ജീവിതത്തിൽ
അങ്കമാലി ഫിസാറ്റിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്കിൽ ഉന്നത വിജയം നേടിയ ശേഷം ഗേറ്റ് പരീക്ഷ പാസ്സായി ഫിസാറ്റിൽ തന്നെ എം.ടെക്കിനു ചേർന്ന് രണ്ടാം സെമസ്റ്ററിലെത്തി നിൽക്കുകയാണ് ശരണ്യ. ശരണ്യയുടെ നൃത്തപഥങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിയ്ക്കാം. ആദ്യം തന്നെ അരങ്ങിൽ നിന്നു ചില ചിത്രങ്ങളാകട്ടെ.
കേരളത്തിൽ നിന്നും കഴിഞ്ഞ 23 വർഷങ്ങളായി സൌത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മറ്റൊരു മലയാളിയ്ക്കും പങ്കെടുക്കാൻ ആയിട്ടില്ലെന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ഇത് ഏറ്റവും മികച്ച നേട്ടമാണെന്നും പറയപ്പെടുന്നു. സൌത്ത് ഏഷ്യൻ ഫെസ്റ്റിവലിൽ ശരണ്യ പങ്കെടുക്കുമ്പോൾ ഇന്ത്യൻ പതാകയ്ക്കൊപ്പം ഇത്തവണ മഹാത്മാഗാന്ധി സർവകലാശാലയുടെ പതാകയും പാറും
മഹാത്മാഗാന്ധി സർവകലാശാലയുടെ പതാക
പോസ്റ്റ് ഗ്രാജുവേഷനോടെ തന്റെ സാങ്കേതിക പഠനം മിക്കവാറും അവസാനിയ്ക്കാറായ ശരണ്യ മത്സരങ്ങളിൽ ഇന്ത്യൻ നർത്തകിമാർക്കു എത്തിപ്പെടാവുന്ന വൻ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ശേഷവും അക്കാഡമിക് തലത്തിൽ നൃത്തം പഠിയ്ക്കാൻ ആരംഭിയ്ക്കുകയാണ്. ആദ്യമായി ഒരു ഡിപ്ലോമ കോഴ്സിൽ നിന്നാണു ആരംഭം.
കയ്യും മെയ്യും മനസ്സും ആത്മാവും ഒന്നിയ്ക്കുന്ന നൃത്തം
ഒന്നാം ക്ലാസ്സിലേ മുതൽ നൃത്തം ആരംഭിച്ചു തുടങ്ങിയ ശരണ്യ രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ തന്നെ സമ്മാനം നേടി. അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റു നേടിയിട്ടും നൃത്തേതര ഇനങ്ങളിൽ സമ്മാനാർഹയാകാത്തത്തിനാൽ കലാതിലകമാകാനായില്ല. ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചാലക്കുടി ഉപ്പജില്ലാ കലോത്സവത്തിൽ ആദ്യമായി കലാതികലമായി. പിന്നീട് സ്കൂൾ യുവജനോത്സവ വേദികളിൽ നിന്നു തന്നെ കലാതിലക പട്ടം നിയമാനുസൃതം അപ്രത്യക്ഷമായി. തന്റെ ഇഷ്ട നൃത്ത ഇനങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ ശരണ്യ പല തവണ ഏ ഗ്രേഡ് നേടി. ഹയർ സെക്കന്ററി തലത്തിലും അപ്രകാരം തന്നെ. യൂണിവേഴ്സിറ്റി തലത്തിലെത്തിയതോടെ അഖിലേന്ത്യാ തലത്തിൽ തന്നെ സമ്മാനാർഹയായി.
ശരണ്യയുടെ ബാലകാലത്തെ ഒരു അപൂർവ ചിത്രം
സൌത്ത് ഏഷ്യൻ യൂണിവേഴ്സ്സിറ്റി ഫെസ്റ്റിവലിനു ഇന്ത്യയിൽ നിന്നും എട്ടു ഇനങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ പതിനാറു പേർ മാത്രമേ ക്ഷണിയ്ക്കപ്പെട്ടിട്ടുള്ളൂ. അതിൽ രണ്ടു നൃത്ത ഇനങ്ങൾ ഉണ്ടെങ്കിലും വ്യക്തിഗത നൃത്ത ഇനവും ക്ലാസ്സിക്കൽ നൃത്ത ഇനവും കൂടി ആകെ ഒന്നു മാത്രമേ ഉള്ളൂ. അതിൽ ഒന്നാം സ്ഥാനക്കാരിയായാണ് ശരണ്യ ഭാരതത്തെ പ്രതിനിധീകരിയ്ക്ക്ക്കുന്നത്.
ഭാരതത്തിനേയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയേയും മാത്രമല്ല ശരണ്യ കേരളത്തേയും പഠിയ്ക്കുന്ന സ്ഥാപനമായ അങ്കമാലി ഫിസാറ്റിനേയും സ്വന്തം ഗ്രാമത്തേയും കൂടിയാണു പ്രതിനിധീകരിയ്ക്കുന്നതെന്നു പറയുന്നവരുണ്ടെങ്കിലും യഥാർത്ഥത്തിൽ ശരണ്യ പ്രതിനിധീകരിയ്ക്കുന്നത് നിശ്ചയദാർഢ്യമാർന്ന ആധുനിക യുവത്വത്തെ തന്നെയാണ്.
ഫിസാറ്റ് ശരണ്യയെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ
ഇനി ശരണ്യയ്ക്കു ലഭിച്ച ചില സർട്ടിഫിക്കറ്റുകൾ കാണാം. ശരണ്യയുടെ നൂറുകണക്കിനു സർട്ടിഫിക്കറ്റുകളിൽ ചിലതു മാത്രമാണിവ. വിലപ്പെട്ട പല സർട്ടിഫിക്കറ്റുകളും ഇവയിൽ ഉൾപ്പെട്ടിട്ടില്ലെന്നതും ഓർക്കണം.
ഇനി ശരണ്യയുടെ വളർച്ചയിലേയ്ക്കു വെളിച്ചം വീശുന്ന അല്പം പത്ര കട്ടിംഗുകളാകട്ടെ
ഇനി ശരണ്യയുടെ ചില നൃത്തങ്ങളുടെ വീഡിയോയും കാണാം.
ശരണ്യയ്ക്കും കുടുംബത്തിനും സകല ഭാവുകങ്ങളും നേരുന്നു.